- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം മക്കൾ സുരക്ഷിതരായി വിദേശ രാജ്യങ്ങളിൽ; പാവപ്പെട്ടവന്റെ മക്കൾ സമര മുഖത്തും; സിപിഎം നേതാക്കൾ സ്വന്തം മക്കളെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിടാത്തത് എന്തുകൊണ്ട്? ഇതിനുത്തരം പറഞ്ഞേ തീരൂ; ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ പോസ്റ്റ് ചർച്ചയാകുന്നു
തിരുവനന്തപുരം: ഭൂരിപക്ഷം യുഡിഎഎഫ് നേതാക്കളുടെയും മക്കൾ രാഷ്ട്രീയത്തിലുണ്ട്.തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. അവരാരും രാഷ്ട്രീയത്തെ പുച്ഛിക്കുന്നില്ല, മാതാപിതാക്കളുടെ പ്രസ്ഥാനത്തെ വെറുക്കുന്നില്ല. എന്നാൽ, രാജ്യത്ത് കമ്മ്യൂണിസം നടപ്പാക്കാൻ വെമ്പൽ കൊള്ളുന്ന സിപിഎം നേതാക്കളുടെ മക്കളോ? കേരളത്തിൽ നിലവിൽ സിപിഎമ്മിന്റെ പ്രധാനികളായ മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ എന്നിവരിൽ എത്ര പേരുടെ മക്കൾ സജീവ രാഷ്ട്രീയത്തിലുണ്ട്? സിപിഎം നേതാക്കൾക്ക് സ്വന്തം കുടുംബത്തിൽ, സ്വന്തം മക്കളെ പ്രസ്ഥാനത്തോട് ചേർത്ത് നിർത്താൻ സാധിക്കാതെ പോകുന്നത്?അവരെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിടാത്തത് എന്തുകൊണ്ട്? അവരെ ജന സേവനത്തിന് പ്രാപ്തരാക്കാത്തത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾ ഉന്നയിച്ച് സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രൻ.
സി കൃഷ്ണചന്ദ്രന്റെ പോസ്റ്റിന്റെ പൂർണരൂപം:
'എല്യൂസിവ് ഇൻക്ലൂസിവിറ്റി''
മക്കൾ രാഷ്ട്രീയമെന്ന തന്ത്രപരമായ നവ കേരള സിപിഎം വ്യാഖ്യാനം.
നെഹ്രുവിന്റെ മകൾ,
ഇന്ദിരയുടെ മക്കൾ,
സഞ്ജയ് ഗാന്ധിയുടെ മകൻ,
രാജീവ് ഗാന്ധിയുടെ മകൻ,
കെ കരുണാകരന്റെ മക്കൾ,
ഉമ്മൻ ചാണ്ടിയുടെ മകൻ,
ജോർജ്ജ് ഈഡന്റെ മകൻ,
സി എച്ച് മുഹമ്മദ്‌കോയയുടെ മകൻ,
ബേബി ജോണിന്റെ മകൻ,
ടി കെ ദിവാകരന്റെ മകൻ,
സീതി ഹാജിയുടെ മകൻ,
പി ടി ചാക്കോയുടെ മകൻ,
കെ എം മാണിയുടെ മകൻ,
ആർ ബാലകൃഷ്ണപിള്ളയുടെ മകൻ,
കെ എം ജോർജ്ജിന്റെ മകൻ,
പി കെ ശ്രീനിവാസന്റെ മകൻ,
വി കെ രാജന്റെ മകൻ...
(ലിസ്റ്റ് അപൂർണ്ണമാണ്)
തുടങ്ങിയ ഒട്ടേറെ പ്രഗത്ഭരും, പ്രശസ്തരുമായ രാഷ്ട്രീയ അതികായരുടെ മക്കൾ രാഷ്ട്രീയത്തിലുണ്ട്. ജനങ്ങളുടെയും, മാധ്യമങ്ങളുടെയും കുറ്റ വിചാരണ നേരിടുന്നുണ്ട്, വിമർശനങ്ങൾ കേൾക്കുന്നുണ്ട്, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. അവരാരും രാഷ്ട്രീയത്തെ പുച്ഛിക്കുന്നില്ല, മാതാപിതാക്കളുടെ പ്രസ്ഥാനത്തെ വെറുക്കുന്നില്ല.
എന്നാൽ, രാജ്യത്ത് കമ്മ്യൂണിസം നടപ്പാക്കാൻ വെമ്പൽ കൊള്ളുന്ന സിപിഎം നേതാക്കളുടെ മക്കളോ? ഇഎംഎസ്, ജ്യോതിബസു, ഹർകിഷൻ സിങ് സുർജിത്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, സീതാറാം യെച്ചൂരി എന്നിവരൊക്കെ അവിടെ നിൽക്കട്ടെ. കേരളത്തിൽ നിലവിൽ സിപിഎമ്മിന്റെ പ്രധാനികളായ മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ എന്നിവരിൽ എത്ര പേരുടെ മക്കൾ സജീവ രാഷ്ട്രീയത്തിലുണ്ട്?
എത്ര പേർ അവരുടെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സമൂഹത്തിൽ തുല്യ നീതി നടപ്പാക്കാൻ ജീവിതം ഉഴിഞ്ഞു വച്ചിട്ടുണ്ട്?
എത്ര പേരുടെ മക്കൾ പ്രസ്ഥാനത്തിന് വേണ്ടി പ്രക്ഷോഭ സമര പരിപാടികളിൽ പങ്കെടുത്ത് മർദ്ദനമേറ്റ് വാങ്ങിയിട്ടുണ്ട്, അറസ്റ്റ് വരിച്ചിട്ടുണ്ട്?
എത്ര പേരുടെ മക്കൾ സർക്കാർ സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട്, പഠിക്കുന്നുണ്ട്? എത്ര പേരുടെ മക്കൾ പ്രസ്ഥാനവും മാതാപിതാക്കളും അടിമുടി എതിർത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് മുതലാളിത്ത- വിദേശ കുത്തകകൾക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്?
മുണ്ട് മുറുക്കിയുടുത്ത്, പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച്, ജോലിക്ക് പോലും പോകാതെ, നേതാക്കളെ അന്ധമായി വിശ്വസിച്ച് ആരാധിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ അണികളെ പറഞ്ഞ് പറ്റിക്കാം. ജോലി കളയുമെന്ന് ഭയപ്പെടുത്തി, കൂലി കളഞ്ഞ് അവരെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാം. പാർട്ടി യോഗങ്ങൾക്ക് മൈക്കിന് മുന്നിൽ നിന്ന് അസംഭവ്യമായ ഗീർവാണമടി നടത്താം. സ്വന്തം മക്കൾ സുരക്ഷിതരായി വിദേശ രാജ്യങ്ങളിൽ അഭിരമിക്കുമ്പോൾ ഇവിടെ പാവപ്പെട്ടവന്റെ മക്കളെ സമര മുഖത്തേക്ക് ഇറക്കി വിടാം.
പൊലീസുമായി ഏറ്റുമുട്ടലിന് ആഹ്വാനം ചെയ്യാം. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കാം. കേസുമായി നടന്ന് അവന്റെ ജീവിതം വഴിയാധാരമാക്കാം.
സൈബറിടങ്ങളിൽ രാഷ്ട്രീയ എതിരാളികളെ അസഭ്യം പറയുന്ന, വിദ്വേഷ പോസ്റ്റുകൾ ഇടുന്ന ഏതെങ്കിലും സിപിഎം സമുന്നത നേതാക്കളുടെ മക്കളുണ്ടോ? എന്തേ, നാട് നന്നാക്കാൻ വെമ്പൽ കൊള്ളുന്ന,സമത്വത്തിനും, നവോത്ഥാനത്തിനും, പുരോഗമനത്തിനും, സദാ ശബ്ദമുയർത്തുന്ന സിപിഎം നേതാക്കൾക്ക് സ്വന്തം കുടുംബത്തിൽ, സ്വന്തം മക്കളെ പ്രസ്ഥാനത്തോട് ചേർത്ത് നിർത്താൻ സാധിക്കാതെ പോകുന്നത്?
അവരെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിടാത്തത് എന്തുകൊണ്ട്? അവരെ ജന സേവനത്തിന് പ്രാപ്തരാക്കാത്തത് എന്തുകൊണ്ട്?
രാഷ്ട്രീയം അത്ര മലീമസമാണോ? തൊഴിലിനു പുറത്തുള്ള സേവനമാണ് രാഷ്ട്രീയമെന്നും, എല്ലാം ജനങ്ങൾക്കുവേണ്ടി ത്യജിക്കുന്ന സമർപ്പിത രാഷ്ട്രീയ ജീവിതങ്ങളായിരിക്കണമെന്നും പുലമ്പുന്ന സിപിഎം നേതാക്കൾ ഇതിനുത്തരം പറഞ്ഞേ തീരൂ. മാർക്‌സ് വിഭാവനം ചെയ്ത സമത്വാധിഷ്ഠിതമായ സമൂഹം എന്ന ആശയം എവിടെ എത്തി നിൽക്കുന്നു?
സിപിഎം സമുന്നത നേതാക്കൾ, തന്റെ പ്രസ്ഥാനത്തിനെതിരെ സ്വന്തം കുടുംബത്തിൽ പുലർത്തിപ്പോരുന്ന ''നിശ്ശബ്ദ കുടുംബാസൂത്രണ ഗൂഢാലോചന'' മറ നീക്കി പുറത്തു വരേണ്ടതുണ്ട്. സ്വന്തം കുടുംബത്തിൽ ഈ പ്രത്യയശാസ്ത്രം മനഃപൂർവം നടപ്പാക്കാതെ നാട്ടുകാരിലേക്ക് അടിച്ചേൽപ്പിക്കുന്ന കാല്പനിക പ്രവണത സമൂഹം തിരിച്ചറിയണം.
അന്ന്,
തന്റെ ജീവിതസൗഖ്യവും, കുടുംബവും, ആരോഗ്യവും ബലികഴിച്ച് കാൾ മാർക്സ് നടത്തിയ രണ്ടു പതിറ്റാണ്ടോളം വരുന്ന സുദീർഘമായ കാലയളവിലെ, പഠനാന്വേഷണങ്ങളുടെ ഉല്പന്നമായിരുന്നു, മൂലധനം.
ഇന്ന്,
ജീവിതസൗഖ്യത്തിനും, കുടുംബത്തിനും, ആരോഗ്യത്തിനും വേണ്ടി സാധാരണ ജനങ്ങളെ ബലികഴിച്ച് ഹ്രസ്വമായ കാലയളവിൽ അഴിമതിയിലൂടെ മൂലധനം ഉല്പാദിപ്പിക്കുന്നു. ഇവിടെ, കേരളത്തിലെ സിപിഎം നേതാക്കൾ ആധികാരിക രേഖയായി അംഗീകരിച്ച്, പിന്തുടരുന്നത്; മാർക്‌സിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ മാർക്‌സിനെയല്ല. മാർക്‌സിന്റെ അമ്മ ഹെന്റിറ്റ് പ്രെസ്സ്ബർഗിനെയാണ്. മാർക്‌സ് ഏംഗൽസിനെഴുതിയ ഒരു കത്തിൽ തന്റെ അമ്മയുടെ പരിഭവം പങ്കുവെച്ചിട്ടുണ്ട്. അതിങ്ങനെയാണ് 'മൂലധനത്തെപ്പറ്റി ചവറുപോലെ എഴുതുന്ന നേരം കൊണ്ട്, അതുണ്ടാക്കാനുള്ള ബുദ്ധി എന്റെ മകനുണ്ടായിരുന്നെങ്കിൽ....'




