പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യരെ പരിഹസിച്ചു പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃശഷ്ണകുമാര്‍. സന്ദീപ് വാര്യരെ ഒതുക്കാന്‍ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.'ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് എനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതീജീവിക്കും.

സന്ദീപ് ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട്ടെ ചര്‍ച്ച. വിവാദങ്ങളല്ല വികസനമാണ് നമുക്ക് വേണ്ടത്. ബിജെപിക്ക് കോട്ടമുണ്ടാക്കാനാണ് രഥോത്സവ ദിവസം വോട്ടെടുപ്പ് വച്ചത്. കല്‍പ്പാത്തിയില്‍ ബിജെപിയുടെ വോട്ട് കുറയ്ക്കാനായിരുന്നു രണ്ട് മുന്നണികളുടെയും ശ്രമം. അതിനുള്ള തന്ത്രങ്ങളാണ് എല്‍ഡിഎഫും യുഡിഎഫും പയറ്റിയത് ', കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.

പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമാണ് സന്ദീപ് വാര്യര്‍ ഇന്ന് രാവിലെ പ്രതികരിച്ചത്. നേതാക്കള്‍ കഴിഞ്ഞ ദിവസം രാത്രി വന്നുകണ്ടതിനെ ചര്‍ച്ചയായി വ്യാഖ്യാനിക്കരുതെന്നും സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. താന്‍ വ്യക്തി ആരാധനയില്‍ വിശ്വസിക്കുന്നയാളല്ലെന്നും പ്രത്യയശാസ്ത്രത്തെ അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, സന്ദീപ് വാര്യര്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.

മാദ്ധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് പ്രതിനിധിയായ എ ജയകുമാറിനോട് പ്രശ്നങ്ങള്‍ പറഞ്ഞു. തന്റെ പരാതികള്‍ നേരത്തെ കേട്ടിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്ന് നേരത്തെ സന്ദീപ് വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി. നേതാവ് പി.ആര്‍. ശിവശങ്കറും ആര്‍.എസ്.എസ്. വിശേഷ് സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറും വീട്ടില്‍ വന്ന് കണ്ടത് ചര്‍ച്ചയായി വ്യാഖ്യാനിക്കേണ്ടെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. ഇന്ന് കൂടുതലൊന്നും പറയാനില്ല. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതാണ്. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കും. എന്താണോ പറഞ്ഞത്, അത് മാറ്റേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ല', സന്ദീപ് പറഞ്ഞു. 'ഇന്നലെ നടന്നത് ചര്‍ച്ചയായിട്ടൊന്നും വ്യാഖ്യാനിക്കേണ്ട. എന്റെ ഗുരുതുല്യനായ വ്യക്തി സ്നേഹംകൊണ്ട് വന്നതാണ്. അദ്ദേഹം സംസാരിച്ചു. എനിക്ക് പറയാനുള്ളത് പറഞ്ഞു, അദ്ദേഹം കേട്ടു. അതിലപ്പുറമൊന്നുമില്ല', സന്ദീപ് കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ വ്യക്തി ആരാധനയില്‍ വിശ്വസിക്കുന്നില്ല. പ്രത്യയശാസ്ത്രമാണ് മത്സരിക്കുന്നത്', എന്നായിരുന്നു പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലേ എന്ന ചോദ്യത്തിന് സന്ദീപിന്റെ മറുപടി.