- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധർമ്മടത്ത് പിണറായി വിജയന് എതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിൽ ചേരുന്നു; ഡൽഹിയിൽ ജെ പി നഡ്ഡയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കും; കണ്ണൂരിൽ അബ്ദുള്ളക്കുട്ടിക്ക് ശേഷം ബിജെപിയിലേക്ക് മറ്റൊരു പ്രമുഖ നേതാവു കൂടി
കണ്ണൂർ: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സി. രഘുനാഥ് ബിജെപിയിലേക്ക്. ഇന്ന് രാത്രി ഏഴുമണിക്ക് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി രഘുനാഥ് ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ. പി നദ്ദയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിക്കും.
മൂന്നാഴ്ച്ച മുൻപാണ് കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സി. രഘുനാഥ് പാർട്ടി വിടുന്നതായി അറിയിച്ചത്. കോൺഗ്രസ് ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് പാർട്ടി വിടുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്. കെ.പി. സി.സി അധ്യക്ഷൻ കെ.സുധാകരനിൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സുധാകരൻ അഞ്ചാംഗ്രൂപ്പുണ്ടാക്കുകയാണ് പാർട്ടിയിൽ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബ്രണ്ണൻ കോളേജിൽ കെ. എസ്.യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ സി.രഘുനാഥ് കെ. എസ്.യുവിന്റെ സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതോടെ അബ്ദുള്ളക്കുട്ടിക്ക് ശേഷം മറ്റൊരു പ്രമുഖ നേതാവ് കൂടി കണ്ണൂരിൽ നിന്നും ബിജെപിയിൽ ചേർന്നിരിക്കുകയാണ്. കണ്ണൂർ ഡി.സി.സി പ്രസിഡന്റും നിലവിലെ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെയുമാണ് സി.രഘുനാഥ് ഏറ്റവും ഒടുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അതിരൂക്ഷമായ വിമർശനം അഴിച്ചുവിട്ടത്.
കഴിവുകെട്ട നേതൃത്വമാണ് ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഓരോ നാൾ കഴിയുന്തോറും ജില്ലയിലെ കോൺഗ്രസ് സംഘടന അണികളിൽ നിന്നും അകന്നു പോവുകയാണെന്നും സി.രഘുനാഥ് ആരോപിച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ രഘുനാഥ് അഴിച്ചുവിട്ട വിമർശനങ്ങളിൽ ഡി.സി.സി നേതൃത്വം പ്രതികരിക്കുകയോ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കണ്ണൂർ ജില്ലാനേതൃത്വവും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.
1983-ലെ സംഘനാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകരനൊപ്പം നിന്ന നേതാക്കളിലൊരാളാണ് സി.രഘുനാഥ്. പാർട്ടി വിടുന്നതുവരെ സുധാകരവിഭാഗത്തിൽ തന്നെയാണ് അദ്ദേഹം അടിയുറച്ചു നിന്നത്. നീണ്ട അൻപതുവർഷത്തെ രാഷ്ട്രീയപരാമ്പര്യം സി. രഘുനാഥിനുണ്ട്. കെ. എസ്.യുവിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, വി. എം സുധീരൻ തുടങ്ങിയ നേതാക്കളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച നേതാവ് കൂടിയാണ് സി.രഘുനാഥ്.
പാർട്ടിയിലും മുന്നണി അധികാരത്തിലിരിക്കുന്നവേളയിലും അർഹതപ്പെട്ട സ്ഥാനം തനിക്ക് ലഭിച്ചില്ലെന്ന അതൃപ്തി അദ്ദേഹം പലപ്പോഴും തുറന്നു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി സി.രഘുനാഥിനെ വളരെ വൈകിയാണ് പാർട്ടി തീരുമാനിച്ചത്. വാളയാർ പെൺകുട്ടിയുടെ അമ്മയെ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാനാണ് അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ നടത്തിയിരുന്നത്. ഇലക്ഷനിൽ തോറ്റപ്പോൾ സി.രഘുനാഥ് ഈ വിഷയത്തിൽ മുല്ലപ്പള്ളിക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്