കണ്ണൂർ: മുഖ്യമന്തിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി.രഘുനാഥ് കോൺഗ്രസ് വിടുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. പാർട്ടിയുമായി അൻപതു വർഷം നീണ്ടു നിൽക്കുന്ന പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് സി.രഘുനാഥ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

നേരത്തെ പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചു ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു കെ.സുധാകര പക്ഷത്തെ നേതാക്കളിലൊരാളായ സി.രഘുനാഥ് മാർട്ടിൻ ജോർജ് നേതൃത്വം നൽകുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുമായി കഴിഞ്ഞ കുറെക്കാലമായി അകന്നു നിൽക്കുകയാണ്.

മികച്ച സംഘാടകൻ കൂടിയായ സി.രഘുനാഥ് തോട്ടട എസ്.എൻ. കോളേജിൽ പഠിക്കുന്ന കാലം കെ.എസ്. യു സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തന പാരമ്പര്യം കൊണ്ടു കണ്ണൂരിലെ മാത്രമല്ല സംസ്ഥാന തലത്തിൽ തന്നെ മുൻ നിരയിൽ നിൽക്കേണ്ട നേതാക്കളിലൊരാളാണ് സി. രഘുനാഥ.

്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന ദിവസങ്ങളിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം അന്നത്തെ കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അദ്ദേഹം മാധ്യമങ്ങൾക്കുമുൻപിൽ തുറന്ന് വിമർശിച്ചിരുന്നു.

എന്നാൽ സി.രഘുനാഥ് സി.പി. എമ്മിലേക്കൊ എൻ. സി.പി.യിലെക്കൊ പോകില്ലെന്നാണ് സൂചന. നേരത്തെ കണ്ണൂർ കോർപറേഷൻ മുൻഡെപ്യുട്ടി മേയറും കോൺഗ്രസ് വിമതനേതാവുമായ പി.കെ.രാഗേഷിനൊപ്പം സേവ് കോൺഗ്രസ് ഫോറവുമായി സി.രഘുനാഥ് സഹകരിച്ചിരുന്നു. മാർട്ടിൻ ജോർജ് നേതൃത്വം നൽകുന്ന ജില്ലാ കോൺഗ്രസ് നേതൃത്വം പരാജയമാണെന്നും ഉടൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് കോൺഗ്രസ് ഫോറം കണ്ണൂരിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേർന്നിരുന്നു.

കണ്ണൂർ നഗരത്തിലെ പ്‌ളാസയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാരസ്ഥാപനം നടത്തിവരികയാണ് സി.രഘുനാഥ്. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അനുഭവസമ്പത്തും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നന്നായി അറിയാവുന്ന നേതാവുമായ സി.രഘുനാഥ് പാർട്ടി വിടുന്നത് കണ്ണൂരിലെ കോൺഗ്രസിന് ക്ഷീണമാണ്.