- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; സിപിഎമ്മുകാര്‍ രണ്ട് കാലുകളും വെട്ടിനീക്കിയ നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി; കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ രാഷ്ട്രീയ തന്ത്രം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്
കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി.
നോമിനേറ്റഡ് അംഗങ്ങളായി പുതിയ നാല് പേര്‍ രാജ്യസഭയില്‍ എത്തും.അതില്‍ ഒരാളായാണ് സി സദാനന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും, വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദന്‍ മാസ്റ്ററെ ആ പട്ടികയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയത്. നിലവില്‍ അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുകൊണ്ടാണ് ഇപ്പോഴത്തെ നീക്കം.
22 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. സ്ഥാനാര്‍ത്ഥിയായിരിക്കേ മാസ്റ്റര്‍ക്ക് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം,പ്രചോദനം ഉള്‍ക്കൊണ്ടുള്ള തെരഞ്ഞെടുപ്പെന്ന് ബിജെപി വ്യക്തമാക്കി.
സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരായ കുറ്റപത്രമായി നിലനില്‍ക്കുന്നു. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്ന് അമിത് മാളവ്യ പറഞ്ഞു. മാരകമായ ആക്രമണമേറ്റിട്ടും മാസ്റ്റര്‍ ആര്‍എസ്എസ് ആക്ടിവിസ്റ്റായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ആക്രമണങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പ് മത്സരിച്ചത് വലിയ സന്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സദാനന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത് അടുത്തിടെയാണ്. സിപിഎം പ്രവര്‍ത്തകരായ എട്ടു പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിന തടവും അന്‍പതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് അപ്പീലില്‍ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.
കൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ക്കുളള ഏഴുവര്‍ഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന് കോടതി നിരീക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിച്ചുനല്‍കേണ്ടത് ഉചിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ശിക്ഷ കുറയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഭാവിയില്‍ സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. 1994 ജനുവരി 25ന് രാത്രിയാണ് എര്‍ എസ് എസ് ജില്ലാ സഹകാര്യവാഹക് ആയിരുന്ന സദാനന്ദന്‍ മാസ്റ്ററെ സിപിഎം പ്രാദേശിക നേതാക്കളടങ്ങിയ സംഘം ആക്രമിച്ചത്.
സദാനന്ദന്‍ മാസ്റ്റര്‍ക്കൊപ്പം മുന്‍ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല, 26/11 മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, കേരളത്തിലെ അധ്യാപകന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍, ചരിത്രകാരി മീനാക്ഷി ജെയിന്‍ എന്നിവരെ ഇന്ത്യന്‍ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ മുന്‍ അംബാസഡറുമാണ് ശ്രിംഗ്ല. 2023-ല്‍ ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ചീഫ് കോര്‍ഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
മുംബൈ ഭീകരാക്രമണ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഉജ്ജ്വല്‍ നികം നിയമവൃത്തങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഡോ. മീനാക്ഷി ജെയിന്‍ അറിയപ്പെടുന്ന ഒരു ചരിത്രകാരിയും ഡല്‍ഹി സര്‍വകലാശാലയിലെ ഗാര്‍ഗി കോളേജിലെ മുന്‍ ചരിത്ര അസോസിയേറ്റ് പ്രൊഫസറുമാണ്.