പത്തനംതിട്ട: പ്രസ്ഥാനത്തിന്റെ ജീർണതകൾ തുറന്നു പറയുന്നവർക്ക് നഷ്ടങ്ങൾ സംഭവിക്കുകയും അവർ വേട്ടയാടപ്പെടുകയും ചെയ്യുമെന്ന് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ പറഞ്ഞു. പ്രഫ. എൻ. സുഗതൻ എഴുതിയ സുപാർശ്വന്റെ സ്വയം വിമർശനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം വൈ.എം.സി.എ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പണ്ടും ഇപ്പോഴും അത് തുടരുന്നു.

ചാത്തുണ്ണി മാസ്റ്റർ പാർട്ടി വിട്ടപ്പോൾ അദ്ദേഹത്തെ നിരന്തരംവേട്ടയാടി കൊണ്ടിരുന്നു. അങ്ങനെ പലരുമുണ്ട്. അതിഭീകരമായ വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്. മാസപ്പടി വാങ്ങിയാൽ പോലും ഇപ്പോൾ യാതൊന്നും സംഭവിക്കില്ല. ഒരു കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു പ്രഫ. എം. എൻ. വിജയൻ. പിന്നീട് അദ്ദേഹം അനഭിമതനായി മാറി. അദ്ദേഹത്തിന്റെ ശിഷ്യന്മാർ എന്നറിയപ്പെട്ടവർ പോലും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്ത് തുടരെ ലേഖനങ്ങൾ എഴുതി.

ശിഷ്യന്മാർ പലരും ആർഭാട ജീവിതങ്ങളിലേക്ക് വഴിമാറുകയും ചെയ്തു. വിമർശനങ്ങൾ അരോചകമാകുന്ന കാലമാണിത്. സ്തുതിപാഠകരുടെ കാലവുമാണ്. സത്യങ്ങൾ വിളിച്ചു പറയാനുള്ള ആർജവമാണ് നമുക്ക് വേണ്ടത്. കവിതയെ ജനകീയമാക്കിയ കടമ്മനിട്ടയെന്ന കവിയെ വികൃതമാക്കുന്ന തരത്തിലുള്ള ശിൽപങ്ങളാണ് തനിക്ക് കടമ്മനിട്ടയിൽ കാണാൻ കഴിഞ്ഞത്. അവിടുത്തെ പൊട്ടിപൊളിഞ്ഞ ശിൽപ ങ്ങൾ കവിതയെ വികൃതവൽക്കരിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഡോ.ബി. പാർവതി പുസ്തകം ഏറ്റുവാങ്ങി. എ.വി. പവിത്രൻ പുസ്തകം പരിചയപ്പെടുത്തി. ഡോ. വർഗീസ് ജോർജ്, സി. ഗൗരീദാസൻ നായർ, ഫാ. മാത്യു ഡാനിയൽ, വത്സലൻ വാതുശേരി, അനിൽ വള്ളിക്കോട് എന്നിവർ പ്രസംഗിച്ചു. മാധ്യമ പ്രവർത്തകൻ ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു.