- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നാം പിണറായി സർക്കാരിൽ കണ്ണൂരിന് കിട്ടിയത് മൂന്നുമന്ത്രിമാരെ; എം വി ഗോവിന്ദൻ രാജി വച്ചതോടെ രണ്ടാം പിണറായി സർക്കാരിൽ ആകെ മുഖ്യമന്ത്രി മാത്രം; രണ്ടര വർഷമാകുമ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളിയും സ്പീക്കർ പദവി ഒഴിഞ്ഞ് ഷംസീറും എൽജെഡി പ്രതിനിധിയായി കെ പി മോഹനനും എത്തിയാൽ കോളടിക്കുക കണ്ണൂരിന്
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കണ്ണൂർമണ്ഡലം എംഎൽഎയും കോൺഗ്രസ് എസ് നേതാവുമായ രാമചന്ദ്രൻ കടന്നപ്പള്ളി രംഗത്തുവന്നു. രണ്ടരവർഷം കഴിഞ്ഞാൽ മന്ത്രിസ്ഥാനമെന്നത് എൽ.ഡി.എഫ് നേരത്തെ തീരുമാനിച്ചതാണെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
രണ്ടാം പിണറായി സർക്കാർ നവംബറിൽ മന്ത്രിസഭാ പുനഃസംഘടന ഒരുങ്ങുന്നുവെന്ന മാധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയെടുത്ത തീരുമാനം നടപ്പിലാക്കാൻ കെൽപ്പുള്ളതാണ് സി.പി. എം നേതൃത്വം. ഇക്കാര്യത്തിൽ യു.ഡി.എഫ് പോലെ ഒരുതർക്കവുമുണ്ടാവില്ല. നിലവിൽ മുന്നണിയിൽ ചർച്ചകൾ നടന്നിട്ടില്ല. മന്ത്രിമാരെ കുറിച്ച് കരുത്തിന്റെ പ്രതീകമായ മുഖ്യമന്ത്രിയും മുന്നണിയുമാണ് തീരുമാനിക്കുകയെന്നും കടന്നപ്പള്ളി പറഞ്ഞു. എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതിനു ശേഷം കണ്ണൂരിൽ നിന്നും മുഖ്യമന്ത്രി മാത്രമേ കാബിനറ്റിൽ കണ്ണൂരിനെ പ്രതിനിധീകരിച്ചിട്ടുള്ളൂ.
ഒന്നാംപിണറായി സർക്കാരിൽ ഇതിനെക്കാൾ കൂടുതൽ പ്രാതിനിധ്യം കണ്ണൂരിനുണ്ടായിരുന്നു. കെ.കെ ശൈലജ, ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരായിരുന്നു മുഖ്യമന്ത്രിയെ കൂടാതെ കണ്ണൂരിനെ പ്രതിനിധീകരിച്ചത്. അതുകൊണ്ടു തന്നെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പുറമെ എൽ.ജെ.ഡി എംഎൽഎയായ കെ.പി മോഹനനും മന്ത്രിസ്ഥാനത്തിനായി അവകാശപ്പെടുന്നുണ്ട്. സ്പീക്കർ എ. എൻ ഷംസീർ കാബിനിറ്റിലേക്ക് വരുമെന്ന സൂചനയും ശക്തമാണ്. ഷംസീർ കാബിനറ്റിലേക്ക് വരുന്നതോടെ രണ്ടാം പിണറായി സർക്കാരിൽ കണ്ണൂരിന്റെ പ്രാതിനിധ്യം കൂടുമെന്നാണ് പ്രതീക്ഷ.
അഹ്‌മദ് ദേവർകോവിൽ ഒഴിയുന്ന തുറമുഖ, മ്യൂസിയം വകുപ്പുതന്നെയാണ് രണ്ടാം ടേമിൽ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ലഭിക്കുകയെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലുള്ള കടന്നപ്പള്ളി കായികമുൾപ്പെടെയുള്ള വകുപ്പുകൾക്ക് അവകാശവാദമുന്നയിക്കാൻ നീക്കം നടത്തുന്നുണ്ട്. സി.പി. എം കണ്ണൂർ ജില്ലാനേതൃത്വത്തിന്റെ അതീവ വിശ്വസ്തനായി അറിയപ്പെടുന്ന കടന്നപ്പള്ളിക്കായി കണ്ണൂരിലെ ഒരുവിഭാഗം നേതാക്കളും ചരടുവലിക്കുന്നുണ്ട്.
എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ കടന്നപ്പള്ളിയുടെ പ്രവർത്തന ശൈലിയെ എതിർക്കുന്ന നേതാക്കളുമുണ്ട്. ഈർക്കിൽ പാർട്ടിയുടെ നേതാവായ കടന്നപ്പള്ളി മുന്നണിക്ക് തന്നെ ബാധ്യതയാണെന്നാണ് ചില നേതാക്കൾ വിമർശിക്കുന്നത്. പാർട്ടി ഭരിക്കുന്ന വകുപ്പുകളെക്കാൾ കടന്നപ്പള്ളിയുടെ വകുപ്പുകളിൽ യഥേഷ്ടം കയറി മേയാനുള്ള സൗകര്യം കഴിഞ്ഞതവണ കണ്ണൂർ ജില്ലയിലെ ചില സിപിഎം നേതാക്കൾ പരമാവധി മുതലെടുത്തിരുന്നു. അതുകൊണ്ടുതന്നെ കടന്നപ്പള്ളിക്ക് പ്രധാന വകുപ്പുകൾ തന്നെ കൊടുക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ കണ്ണൂരിന് മൂന്ന് മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കാസർകോടിന് പതിവു പോലെ രണ്ടാം ടേമിലും മന്ത്രിസ്ഥാനമെന്നത് സ്വപ്നമായി മാറാനാണ് സാധ്യത.