ആലപ്പുഴ: എന്‍.സി.പി.യുടെ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു മന്ത്രിസ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതിനു പിന്നില്‍ പല കാരണങ്ങള്‍. ശശീന്ദ്രനോടാണ് പിണറായിക്കും സിപിഎമ്മിനും താല്‍പ്പര്യക്കൂടുതല്‍. എന്നാല്‍, എന്‍സിപി രാഷ്ട്രീയമായി മന്ത്രിമാറ്റ ആവശ്യം ഉന്നയിക്കുന്നതോടെ ഈ ആവശ്യം സര്‍ക്കാറിന് അംഗീകരിക്കേണ്ടി വരും. എന്നാല്‍, തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നതാണ് ഉടന്‍ തീരുമാനം എടുക്കുന്നതില്‍ നിന്നും പിണറായി പിന്‍വാങ്ങിയത്.

പ്രധാനമായും മുഖ്യമന്ത്രിക്ക് മുന്നില്‍ രണ്ടു കാരണങ്ങള്‍ എത്തിയെന്നാണ് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നീക്കങ്ങളിലുള്ള നീരസമാണ് ഒരുകാരണം. മന്ത്രിസ്ഥാനം നല്‍കരുതെന്ന് അടുത്ത ബന്ധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പ്രധാനമായും സാമ്പത്തിക ആരോപണങ്ങളാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മുന്‍മന്ത്രിയും സഹോദരനുമായ തോമസ് ചാണ്ടിയുടെ വസ്തുവകകള്‍ വിട്ടുനല്‍കുന്നില്ല, കിട്ടാനുള്ള കോടിക്കണക്കിനു രൂപ നല്‍കുന്നില്ല തുടങ്ങിയ പരാതികളാണുള്ളതെന്ന് അവരോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നതായാണ് പത്രപവാര്‍ത്ത.

തോമസ് കെ. തോമസിനെതിരേ സാമ്പത്തിക ആരോപണം നിലനില്‍ക്കുന്നുണ്ടെന്ന വിവരം ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ അറിയിക്കണമെന്നു മുഖ്യമന്ത്രി പി.സി. ചാക്കോയോടു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പവാറുമായി സംസാരിച്ച ശേഷമാകും തീരുമാനമെന്നാണ് പിണറായി സൂചിപ്പിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്‍, കെ.കെ. തോമസ് എന്നിവര്‍ക്കൊപ്പം മന്ത്രിമാറ്റം ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു ഈ ആവശ്യം മുഖ്യമന്ത്രി മുന്നോട്ടു വെച്ചത്.

ഇത് കൂടാതെ പി സി ചാക്കോയുടെ കോണ്‍ഗ്രസ് പശ്ചാത്തലത്തെ അടക്കം മുഖ്യമന്ത്രി ഇപ്പോള്‍ സംശയത്തോടെയാണ് കാണുന്നത്. നിരന്തരം കാലുമാറുന്ന ചാക്കോ ഇപ്പോഴത്തെ എന്‍സിപിയെ ഏതുപാളയത്തില്‍ എത്തിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പി.സി. ചാക്കോ കോണ്‍ഗ്രസിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചതായി പാര്‍ട്ടിക്കുള്ളില്‍ അഭ്യൂഹമുണ്ടായിരുന്നു. പോകുമ്പോള്‍ രണ്ട് എം.എല്‍.മാരെ ഒപ്പം കൂട്ടുന്നതിനുള്ള മുന്നൊരുക്കം ചാക്കോ നടത്തിയെന്നും അതിലൊരാള്‍ പി.വി. അന്‍വറാണെന്നുമായിരുന്നു രാഷ്ട്രീയ അണിയറയിലെ സംസാരം. അതുകൊണ്ട് തന്നെ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് റിസ്‌ക്കായാണ് പിണറായി മുന്നണി നേതാക്കളെയും സൂചിപ്പിക്കുന്നത്.

എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. അജ്മല്‍ അന്‍വറിന്റെ സഹോദരനാണ്. നിലമ്പൂരിലെത്തിയ ചാക്കോ അന്‍വറിനെയും കണ്ടിരുന്നു. ആര്‍ക്കും രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാമെന്നും അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതു ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ചാക്കോ പിന്നീട് കാസര്‍കോട്ട് പറയുകയും ചെയ്തു. എന്‍.സി.പി.ക്കു കിട്ടിയ പി.എസ്.സി. അംഗത്വം വിറ്റുവെന്ന ആരോപണം മുന്‍പ് ചാക്കോക്കെതിരേ ഉയര്‍ന്നിരുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം എടുത്തത് എന്നാണ് സൂചന.

അതേസമയം മന്ത്രിമാറ്റ ചര്‍ച്ചകള്‍ എങ്ങുമെത്താത്തതില്‍ കടുത്ത അതൃപ്തിയറിയിച്ച് തോമസ് കെ തോമസ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനമാറ്റം വൈകാന്‍ തനിക്കുള്ള കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ സാമ്പത്തിക ക്രമക്കേടെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഏതാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ തീരുമാനമാണ് മന്ത്രിമാറ്റം. അത് എന്തുകൊണ്ടാണ് ഇങ്ങനെ തട്ടുന്നത് എന്നറിയില്ല. മന്ത്രിസ്ഥാനത്തേക്കെത്താന്‍ തനിക്ക് എന്തെങ്കിലും യോഗ്യത കുറവുണ്ടെങ്കില്‍ അത് പറയേണ്ടത് ജനങ്ങളാണ്. ഇന്നലെ തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാകേണ്ടതായിരുന്നു. ഇനി വിഷയം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാള്‍ മന്ത്രിയാകുന്നതും ആകാത്തതും അയാളുടെ തലവിധിയാണ്. പക്ഷേ ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. ഒരു മന്ത്രിസ്ഥാനത്തിനായി ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ സാധിക്കില്ല. ഇനി ആകെ ഒരു വര്‍ഷവും ഏഴുമാസമേ ഉള്ളൂ. യെസ് ആയാലും നോ ആയാലും തീരുമാനം ഉടന്‍ വേണം. തീരുമാനം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ സാഹചര്യം എന്നാണ് മറുപടി. എന്താണ് ആ രാഷ്ട്രീയ സാഹചര്യമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാക്കാമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. കുട്ടനാട് സീറ്റ് പലരും ലക്ഷ്യം വെക്കുന്നുണ്ട്. നല്ല പദവിയില്‍ എത്തിയാല്‍ കുട്ടനാട് സീറ്റ് പിന്നെ ആര്‍ക്കും ലഭിക്കില്ല. പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.