- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് പൊലീസ് കേസ്; ബിജെപി നേതാവിന്റെ പരാതിയിൽ കേസെടുത്തത് പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി വീണ്ടും വിവാദ ചുഴിയിൽ. സോഷ്യൽ മീഡയിലിട്ട പോസ്റ്റാണ് റിജിൽ മാക്കുറ്റിയെ കുരുക്കിലാക്കിയത്. റിജിൽ മാക്കുറ്റിക്കെതിരെ അതിശക്തമായ നിയമ നടപടികളുമായി മുൻപോട്ടു പോവുകയാണ് ബിജെപി ജില്ലാ നേതൃത്വം.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായത്. ബോധപൂർവ്വം സോഷ്യൽ മീഡിയയിലൂടെ ലഹളയുണ്ടാക്കാൻ റിജിൽ ശ്രമിച്ചുവെന്ന ബിജെപി നേതാവിന്റെ പരാതിയിൽ റിജിൽ മാക്കുറ്റിക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. ഫേസ്‌ബുക്കിലൂടെ കലാപമുണ്ടാകാനുള്ള ഉദ്ദ്യേശത്തോടെ റിജിൽ മാക്കുറ്റി വിദ്വേഷ പ്രചരണം നടത്തിയെന്ന ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് റിജിൽ മാക്കുറ്റിക്കെതിരെ പൊലിസ് കേസെടുത്തത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായ പ്രതിഷേധ പ്രചരണമാണ് നടത്തിയത്. കെ.എസ്.യു പ്രവർത്തകർ ദേശീയ പാതയിലെ കാൽ ടെക്‌സ് ജങ്ഷൻ ഉപരോധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും കണ്ണൂർ റെയിൽവെ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. നേരത്തെ ബീഫ് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റിയിൽ വെച്ചു കന്നുകുട്ടിയെ പരസ്യമായി കൊന്ന് ബീഫിറച്ചി വിതരണം ചെയ്ത സമരത്തിന് നേതൃത്വം നൽകിയ നേതാവാണ് റിജിൽ മാക്കുറ്റി സംഭവം ദേശീയ തലത്തിൽ തന്നെ ബിജെപി വിവാദമാക്കുകയും കോൺഗ്രസ് രാഷ്ട്രീയ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് റിജിൽ മാക്കുറ്റിയെ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിത്വത്തിൽ നിന്നു തന്നെ നീക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഏറെ കാലത്തിന് ശേഷം റിജിൽ മാക്കുറ്റി സംഘടനയിലേക്ക് തിരിച്ചു വന്നത്. ഇതിനു ശേഷമാണ് ഈ കേസ് കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷനിൽ നില നിൽക്കവെ മറ്റൊരു ഫേസ്‌ബുക്ക് വിവാദത്തിൽ റിജിൽ മാക്കുറ്റിക്കെതിരെ ബിജെപി നേതാവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുക്കുന്നത്.
കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരന്റെ അതീവ യുവ നേതാക്കളിലൊരാളാണ് റിജിൽ മാക്കുറ്റി. അതേസമയം ബിജെപി നേതാവിന്റെ പരാതിയിൽ കേസെടുത്ത നടപടി സർക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.




