- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ തുടർവിജയത്തിന് കാരണം വ്യക്തിപ്രഭാവം; ഉപതിരഞ്ഞെടുപ്പിൽ സഹതാപം ആഞ്ഞടിക്കുമെന്നും വിലയിരുത്തൽ; എട്ടിൽ ആറു പഞ്ചായത്തിലേയും ഭരണം പ്രതീക്ഷ; ജെയ്കും റജി സഖറിയയും സാധ്യതാ പട്ടികയിൽ; പുതുപ്പള്ളിയിൽ സിപിഎം ജാഗ്രതയോടെ നിലയുറപ്പിക്കും; ചാണ്ടി ഉമ്മനിൽ പ്രതീക്ഷ കണ്ട് കോൺഗ്രസും
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കരുതലോടെ നീങ്ങാൻ സിപിഎം. ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോഴുള്ളതിനെക്കാൾ ശക്തമായി ഉമ്മൻ ചാണ്ടി വികാരം അലയടിക്കാനിടയുള്ള തിരഞ്ഞെടുപ്പാക്കും വരാനിരിക്കുക എന്നതാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി.തോമസ് എന്നിവരിൽ ഒരാൾ സിപിഎം സ്ഥാനാർത്ഥിയാകും. വിജയ പ്രതീക്ഷ തീരെ ഇല്ലെന്ന വിലയിരുത്തലിലേക്ക് വന്നാൽ ജെയ്കിനെ മത്സരിപ്പിക്കില്ല. കോൺഗ്രസിന് വേണ്ടി ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോൺഗ്രസ് അനൗദ്യോഗികമായി ഈ തീരുമാനം എടുത്തു കഴിഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ജനസമ്മതിയെ പൂർണമായും അംഗീകരിക്കുന്ന നയമാണ് ഇടതുപക്ഷം ഇപ്പോൾ സ്വീകരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാകും ഉപതിരഞ്ഞെടുപ്പ് കാലത്ത് നയം തീരുമാനിക്കുക. കെഎം മാണിയുടെ മരണ ശേഷം പാലയിൽ ഇടതു മുന്നണി അട്ടിമറി വിജയം നേടി. അതിന് സമാനമായ സാഹചര്യം പുതുപ്പള്ളിയിൽ ഉണ്ടാക്കാൻ കഴിയുമോ എന്ന സംശയം സിപിഎമ്മിനുമുണ്ട്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുള്ള വികാരം കേരളത്തിൽ ഉടനീളം ആളിക്കത്തി. അത് പുതുപ്പള്ളിയേയും വല്ലാതെ സ്വാധീനിക്കും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തും. പുതുപ്പള്ളിക്കു കീഴിലുള്ള 8 പഞ്ചായത്തുകളിൽ ആറും എൽഡിഎഫിന് ഒപ്പമാണ് എന്നതിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.
അനവസരത്തിലാണ് ചർച്ചയെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾതന്നെ പുതുപ്പള്ളിയിൽ മത്സരിക്കാൻ ചാണ്ടി ഉമ്മൻ യോഗ്യനാണെന്ന പരസ്യ നിലപാടെടുത്തുകഴിഞ്ഞു. നിയമസഭ ഔദ്യോഗികമായി പുതുപ്പള്ളിയിലെ ഒഴിവ് റിപ്പോർട്ട് ചെയ്തു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ തയ്യാറാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി. 24ന് കെപിസിസിയുടെ ഔദ്യോഗിക അനുശോചന യോഗം കഴിഞ്ഞാലുടൻ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ വർഷം 5 സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താൻ സാധ്യതയുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാനങ്ങളാണ് ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി 5 വർഷത്തെ ഭരണ കാലയളവു പൂർത്തിയാക്കുന്നത്. മിസോറം ഡിസംബർ 17നും ഛത്തീസ്ഗഡ് ജനുവരി 3നും മധ്യപ്രദേശ് ജനുവരി 6നും രാജസ്ഥാൻ ജനുവരി 14നും തെലങ്കാന ജനുവരി 16നുമാണ് 5 വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കുന്നത്. ഈ 5 സംസ്ഥാനങ്ങളിലും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താനാണു സാധ്യത.
നിയമസഭാംഗം അന്തരിച്ചാൽ 6 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. ഇതനുസരിച്ച് ജനുവരി 17നു മുൻപു പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടത്തണം. പുതുപ്പള്ളിയിലെ ഒഴിവു സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിയുന്നെങ്കിൽ, പൊതു തിരഞ്ഞെടുപ്പുകൾക്കൊപ്പമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പുകൾ നടത്താറ്.
ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിലാകമാനവും പ്രത്യേകിച്ച് പുതുപ്പള്ളിയിൽ സൃഷ്ടിച്ചിട്ടുള്ള സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിതന്നെ മത്സരിച്ചിട്ടും ഭൂരിപക്ഷത്തിൽ നല്ല കുറവുണ്ടായിരുന്നു.
ആ സാഹചര്യത്തിൽ ഇത്തവണ സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു പേര് കോൺഗ്രസിൽ ഉയർന്നിട്ടില്ല. തന്റെ കുടുംബാംഗങ്ങൾ മത്സരിക്കരുതെന്ന് ഉമ്മൻ ചാണ്ടി അന്ത്യാഭിലാഷം പ്രകടിപ്പിച്ചിരുന്നതായി ചില കോൺഗ്രസ് കേന്ദ്രങ്ങൾ അടക്കം പറയുന്നുണ്ട്. സ്ഥിരീകരണമില്ലാത്ത ഇത്തരം കാര്യങ്ങൾ നേതൃത്വം മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനാൽ ചാണ്ടി ഉമ്മൻ തന്നെയാകും യു.ഡി.എഫ്. സ്ഥാനാർത്ഥി.
ശക്തമായ പോരാട്ടത്തിന് ഒരുങ്ങാനാണ് സിപിഎമ്മിന്റെ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയത്തിൽ പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റിൽ കേന്ദ്രകമ്മിറ്റിയോഗശേഷം ചേരുന്ന സംസ്ഥാന സമിതിയിലായിരിക്കും വിശദചർച്ച. തൃക്കാക്കരയിലെ തിരിച്ചടി പാഠമാക്കി സ്ഥാനാർത്ഥി നിർണയത്തിലടക്കം ജാഗ്രത പുലർത്തണമെന്നും അമിതാവേശം പാടില്ലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ വികസന-സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിയുള്ള പ്രചാരണത്തിന് ഊന്നൽ നൽകാനാണ് സിപിഎം. തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവമാണ് പുതുപ്പള്ളിയിലെ തുടർജയത്തിനു കാരണമെന്നാണു സിപിഎം. വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപം കോൺഗ്രസിന് ഗുണകരമാകുമെന്ന അനുമാനവുമുണ്ട്. കേരളാ കോൺഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയതോടെ കോൺഗ്രസിന്റെ കരുത്തുചോർന്നതായും വിലയിരുത്തലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ