പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ നല്‍കിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ് എന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ അതൃപ്തി അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തെയാണെന്നും അതില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വത്തില്‍ ഉള്ളവരാണെന്നും രാഹുല്‍ വ്യക്തമാക്കി.

'നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകനുമുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്, അവിടെ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്, ഞാനല്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ പാലക്കാട് വന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിയുടെ വിജയത്തിന് ഗുണപരമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പാലക്കാട് എനിക്ക് ലഭിച്ച 18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട്,' രാഹുല്‍ പറഞ്ഞു.

'പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍തന്നെ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നു, ഭവന സന്ദര്‍ശനത്തിന് കൂടെവന്നിരുന്നു. പാലക്കാട് നടന്ന കണ്‍വെന്‍ഷനിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹത്തിന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നത്. വയനാട്ടിലും ചേലക്കരയിലും നടന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. മഹാരാഷ്ട്രയിലും മറ്റും മലയാളി സമാജങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ചാണ്ടി ഉമ്മന്റെ മനസ്സില്‍ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ചാണ്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. എല്ലാ പ്രശ്‌നത്തിനും പരിഹാരം എന്ന നിലയില്‍ മുന്നോട്ട് പോകും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ മുഖം ഉണ്ടായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ജനങ്ങളും അത് സ്വീകരിച്ചു കഴിഞ്ഞു, അതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം. പാര്‍ട്ടിക്കകത്ത് ശാന്തമായി അന്തരീക്ഷം ഉണ്ടാക്കണം, മുന്നണിക്ക് അകത്ത് ഐക്യം ഉണ്ടാക്കണം. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കും. ചാണ്ടി വളര്‍ന്നു വരുന്ന നേതാവാണ്. പാര്‍ട്ടിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണം. നേതൃത്വത്തില്‍ റിസര്‍വേഷന്‍ പരിഗണനയില്ല. മുതിര്‍ന്നവരും യുവതലമുറയും പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടാവണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നേതൃനിരയാണ് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ എം കെ രാഘവന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിലപാടെടുത്തു. ഇത്തരം നടപടി സാഹസികമാണെന്നും തെരുവില്‍ ഇറങ്ങാന്‍ ആണെങ്കില്‍ എന്തിനാണ് പാര്‍ട്ടി കമ്മിറ്റിയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയുടെ അച്ചടക്കം തകര്‍ക്കരുതെന്നും പരാതി എത്തിയാല്‍ നിയമപരമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ വിമര്‍ശനം. ''അന്ന് പറയേണ്ടെന്നു കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ല. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുപോകണം'' അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറണം എന്ന അഭിപ്രായം ഇല്ല. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകണം. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.