കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രി താൽകാലിക ജീവനക്കാരി സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സ്വാതന്ത്ര്യം, ജനാധിപത്യം എന്ന് പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഈ പ്രവൃത്തികൾ നടക്കുന്നതെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

ഇവിടെ സ്വാതന്ത്ര്യം ഇല്ല. ജനാധിപത്യം ഇല്ല. ഒരു അഭിപ്രായം പറയുന്നവരെ വരെ പുറത്താക്കുന്ന സ്ഥിതിയാണ്. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. എല്ലാവർക്കും ഉള്ള സൂചനയാണ്. നിങ്ങൾ ഈ സർക്കാറിനെതിരെ സംസാരിക്കാൻ തയാറായാൽ നിങ്ങൾക്കും ഈ ഗതി വരുമെന്ന താക്കീതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് പിതാവിന്റെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ അപ്പക്ക് ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്‌ളക്‌സ് ബോർഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു. ഉമ്മൻ ചാണ്ടിയെ ഇനിയെങ്കിലും വെറുതെ വിടണമെന്ന് രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണെന്നും ചാണ്ടി ഉമ്മൻ പ്രസ്താവനയിൽ വ്യക്തമാക്കി.

പിരിച്ചുവിട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ സതിയമ്മയുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം എംഎ‍ൽഎമാരായ പി.സി വിഷ്ണുനാഥ്, എം. വിൻസെന്റ്. ജെബി മേത്തർ എംപി, ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാമ്മ എന്നിവരും ഉണ്ടായിരുന്നു.

ജീവനക്കാരിയെ പിരിച്ചുവിട്ടത് തെറ്റായ നടപടിയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടി ചെയ്ത നല്ല കാര്യങ്ങൾ പറഞ്ഞതിനാണ് പാവപ്പെട്ട സ്ത്രീക്ക് ജോലി നഷ്ടപ്പെട്ടത്. സതിയമ്മക്കൊപ്പം യു.ഡി.എഫ് ഉണ്ടാകും. മുകളിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.