തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് മഹാരാഷ്ട്രയുടെ ചുമതല നൽകിയേക്കും. പ്രവർത്തിക സമിതിയിൽ ചെന്നിത്തലയ്ക്ക് സ്ഥിരാംഗത്വം നൽകിയിരുന്നില്ല. ഇത് വിവാദമായി തുടരുകയാണ്. ഇതിനിടെയാണ് പ്രധാന സംസ്ഥാനത്തിന്റെ ചുമതല ചെന്നിത്തലയ്ക്ക് നൽകാനുള്ള നീക്കം.

കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ അമർഷത്തിലായ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും യുഡിഎഫ് കൺവീനർ എം.എം.ഹസനും രമേശുമായി സംസാരിച്ചിരുന്നു. ഘടകകക്ഷി നേതാക്കളും ബന്ധപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രധാന സംസ്ഥാനങ്ങളിലൊന്നിന്റെ സംഘടനാ ചുമതല ചെന്നിത്തലയ്ക്ക് നൽകാനുള്ള ആലോചന. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് സംഘടനാ ചുമതലയുണ്ട്. അതുകൊണ്ട് തന്നെ സംഘടനയിലെ മറ്റ് ചുമതലകളോട് ചെന്നിത്തലയ്ക്ക് താൽപ്പര്യമില്ല. സീനിയർ വൈസ് പ്രസിഡന്റ് പദവി നൽകിയാൽ സ്വീകരിച്ചേക്കും.

വേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങാൻ മുന്നിലുള്ള പ്രധാന തടസ്സം താനാണെന്ന് അറിയുന്നതിനാൽ എന്തെങ്കിലും സ്ഥാനം സ്വീകരിച്ച് ഒതുങ്ങാനില്ലെന്ന നിലപാടിലാണ് ചെന്നിത്തല. പുതുപ്പള്ളിയിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കാനും തനിക്കെതിരായ നീക്കത്തിന് ഡൽഹിയിൽ ചരടുവലിച്ചവർക്കെതിരെ ആഞ്ഞടിക്കാനുമാണ് ചെന്നിത്തലയുടെ തീരുമാനം. ഇത് മനസ്സിലാക്കിയാണ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമം. ചെന്നിത്തല വഴങ്ങുമെന്നാണ് ഹൈക്കമാണ്ട് പ്രതീക്ഷ. ആവശ്യമെങ്കിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചെന്നിത്തലയുമായി ആശയവിനിമയം നടത്തും.

തന്നോട് അനീതി കാട്ടിയെന്ന വികാരത്തിലാണ് രമേശും അദ്ദേഹത്തെ അനുകൂലിക്കുന്ന ഐ വിഭാഗം നേതാക്കളും. ഹൈക്കമാൻഡിനു പരാതി നൽകാൻ ആലോചനയുമുണ്ട്. എന്നാൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നീക്കത്തിനൊന്നുമില്ലെന്ന് രമേശ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതുപ്പള്ളിയിൽ സജീവമാണ് ചെന്നിത്തല. ഇതിനിടെയാണ് മഹാരാഷ്ട്രയുടെ ചുമതല നൽകി ചെന്നിത്തലയെ തൃപ്തിപ്പെടുത്താനുള്ള തീരുമാനം ഹൈക്കമാണ്ട് എടുക്കുന്നത്.

പിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, മന്ത്രി, എംപി, എംഎൽഎ എന്നിങ്ങനെയൊക്കെയുള്ള തന്റെ അനുഭവസമ്പത്തും ദേശീയതലത്തിലുള്ള പ്രവർത്തന പരിചയവും കണക്കിലെടുക്കുമ്പോൾ പ്രവർത്തകസമിതി അംഗത്വം അർഹതപ്പെട്ടതാണെന്ന വിശ്വാസമാണ് രമേശിന്. എഐസിസി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച് ആയിരത്തിലധികം വോട്ടു വാങ്ങിയ ശശി തരൂർ തഴയപ്പെട്ടാൽ അതു ദേശീയതലത്തിൽ ഉണ്ടാക്കാൻ ഇടയുള്ള കോലാഹലം രമേശ് ഉൾക്കൊള്ളണമെന്നാണ് മറുവാദം.

ഈ സാഹചര്യത്തിലാണ് പ്രവർത്തക സമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവ് പട്ടികയ്‌ക്കൊപ്പം ഒരു പ്രധാന സംസ്ഥാനത്തിന്റെ ചുമതലകൂടി ചെന്നിത്തലയ്ക്കു നൽകാനുള്ള നീക്കം. രമേശ് ചെന്നിത്തലയെ തഴഞ്ഞതിന് പിന്നിൽ ഗൂഢാലോചനയെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ച വേണ്ടെന്നും ഐ ഗ്രൂപ്പിൽ ധാരണയായി. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി ഹൈക്കമാൻഡെങ്കിലും അനുനയ നീക്കത്തിന് ചെന്നിത്തല വഴങ്ങുന്നില്ല. ഇതോടെയാണ് മഹാരാഷ്ട്രാ ഓഫർ വയ്ക്കുന്നത്.

39 അംഗ പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് മൂന്ന് നേതാക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്. ശശി തരൂരിന് പുറമെ കെ സി വേണുഗോപാൽ, എ കെ ആന്റണി എന്നിവരാണ് പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും തിരഞ്ഞെടുത്തിട്ടുണ്ട്.