ആലപ്പുഴ: സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം ഒരാഴ്ച തികയും മുന്‍പ് തകര്‍ന്നു. എസ്എന്‍ഡിപി യോഗവുമായുള്ള സഖ്യം പ്രായോഗികമല്ലെന്ന് വിലയിരുത്തി എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഐക്യശ്രമങ്ങളില്‍നിന്ന് ഔദ്യോഗികമായി പിന്മാറിയത് അനുകൂലമാകുന്നത് കോണ്‍ഗ്രസിനെന്ന് വിലയിരുത്തല്‍.

സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാട് തുടരുമെന്നും എന്‍എസ്എസ് വ്യക്തമാക്കി. ഐക്യത്തിനായി മുന്‍കൈയെടുത്ത വെള്ളാപ്പള്ളി നടേശന് എന്‍എസ്എസിന്റെ പെട്ടെന്നുള്ള ഈ ചുവടുമാറ്റം വലിയ രാഷ്ട്രീയ തിരിച്ചടിയായി. അതേസമയം, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എത്തുന്നതും എന്‍എസ്എസിന്റെ പിന്മാറ്റവും തമ്മില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്.

രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റി പരിഗണിച്ചുള്ള കോണ്‍ഗ്രസിന്റെ ഈ നീക്കം എന്‍എസ്എസിനെ സ്വാധീനിച്ചതായാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടെ ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നത് എന്‍എസ്എസിനെ തണുപ്പിക്കാന്‍ സഹായിച്ചേക്കാം. സമുദായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചെന്നിത്തലയ്ക്കുള്ള സ്വാധീനം മുന്നില്‍ക്കണ്ടാണ് എന്‍എസ്എസ് ഐക്യനീക്കം ഉപേക്ഷിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള വാക്‌പോരിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍ ഐക്യശ്രമവുമായി രംഗത്തെത്തിയത്. എന്നാല്‍ സമദൂരമെന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയതോടെ സഖ്യസാധ്യതകള്‍ക്ക് എന്‍എസ്എസ് പൂര്‍ണ്ണവിരാമമിട്ടു. തുടര്‍ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയ എസ്എന്‍ഡിപി യോഗത്തിന് എന്‍എസ്എസിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. എന്‍എസ്എസ് പിന്മാറിയ വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും വിശദമായി പഠിച്ച ശേഷം മറുപടി പറയാമെന്നുമാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

മറ്റ് സമുദായങ്ങളോട് എന്നപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തുമെങ്കിലും സഖ്യമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് എന്‍എസ്എസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഐക്യം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിന്മാറ്റം ഉണ്ടായത് സമുദായങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ട മുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. സിപിഎമ്മിന് വേണ്ടിയാണ് ഇതെല്ലാം എന്ന് വാദമെത്തിയിരുന്നു.