പത്തനംതിട്ട: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ വോട്ടുകച്ചവടം ആരോപിച്ച് ബിജെപി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ സിപിഎമ്മുകാരനുമായ എജി ഉണ്ണിക്കൃഷ്ണൻ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉണ്ണികൃഷ്ണന്റെ ആരോപണം. ബിജെപി സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും കാശു കൊടുത്താണ് രമേശ് ചെന്നിത്തല കാലാകാലങ്ങളിൽ വോട്ടു മറിച്ചതെന്ന് ഉണ്ണിക്കൃഷ്ണൻ ആരോപിക്കുന്നു.

പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചത് ആർഎസ്എസിനെ കൂടി നിരോധിക്കണമെന്നായിരുന്നു. ഈ പ്രതികരണം കേട്ട ഹരിപ്പാട്ടുകാർ മൂക്കത്ത് കൈവെച്ചു കാണുമെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. രമേശിനെതിരെ മത്സരിച്ചിട്ടുള്ള ബിജെപി സ്ഥാനാർത്ഥികളെ ഉൾപ്പെടെയുള്ള ഒരു പറ്റം ബി.ജെപി ക്കാരെ കലാകാലങ്ങളിൽ വിലയ്ക്കു വാങ്ങിയ വ്യക്തിയാണ് രമേശ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി ആലപ്പുഴയുടെ സംഘടന ചുമതല വഹിച്ച വ്യക്തി എന്ന നിലയിൽ നല്ല വ്യക്തമായ ധാരണയിലും അറിവോടുമാണ് ഇത് എഴുതുന്നതെന്നും ഉണ്ണിക്കൃഷ്ണൻ അടിവരയിടുന്നു.

ഇടക്കാലത്ത് ബിജെപി വിട്ട എജി ഉണ്ണിക്കൃഷ്ണൻ സിപിഎമ്മിൽ ചേർന്നിരുന്നു. പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗമായിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ഏരിയാ കമ്മറ്റിയിൽ നിന്ന് നീക്കി. നിലവിൽ ബിജെപിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഓമല്ലൂർ ശങ്കരനെതിരേ പ്രസ്താവനയുമായി ഉണ്ണിക്കൃഷ്ണൻ രംഗത്തു വന്നിരുന്നു.

രമേശിനെതിരേയുള്ള ഉണ്ണികൃഷ്ണന്റെ പോസ്റ്റ് ഇങ്ങനെ:

പറയാതെ വയ്യ
1.10.2022

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു .തുടർന്ന് വിവിധ രാഷ്ട്രിയ നേതാക്കളുടെ
പ്രതികരണം വന്നുശ്രീ രമേശ് ചെന്നിത്തലയുടെതായി വന്ന പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ആർ എസ് എസിനെ കൂടി നിരോധിക്കണമെന്നായിരുന്നു.

ഈ പ്രതികരണം കേട്ട ഹരിപ്പാട്ടുകാർ മൂക്കത്ത് കൈവെച്ചു കാണും. ശ്രീ രമേശിനെതിരെ മത്സരിച്ചിട്ടുള്ള ബിജെപി സ്ഥാനാർത്ഥികളെ ഉൾപ്പെടെയുള്ള ഒരു പറ്റം ബി.ജെപി ക്കാരെ കലാകാലങ്ങളിൽ വിലയ്ക്കു വാങ്ങിയ വ്യക്തിയാണ് ശ്രീ രമേശ്. പല ബിജെപി നേതാക്കളും ഹരിപ്പാട്ട് മത്സരിച്ചത് ഇതു ലക്ഷ്യമാക്കി തന്നെയാണ്. ഇവർക്ക് കിട്ടിയിട്ടുള്ള വോട്ട് പരിശോധിച്ചാൽ വ്യക്തമാകും.

തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രിയിൽ പോലും ശ്രി.രമേശിന്റെ വസതിയിൽ പോയി പണം വാങ്ങിയ ബിജെപി സ്ഥാനാർത്ഥികളുമുണ്ട് .തിരഞ്ഞെടുപ്പ് വരുമ്പോൾ ഹിന്ദുത്വം പറഞ്ഞു കൊണ്ട് ബിജെപി, ആർഎസ്എസ് പ്രവർത്തകരുടേയും നേതാക്കളുടേയും തിണ്ണ നിരങ്ങുന്ന ശ്രീ രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ആർഎസ്എസ് വിരോധം കാപട്യമാണ്
ഇനിയെങ്കിലും വോട്ടുകച്ചവടക്കാരായ ബി ജെ.പി നേതാക്കളുടെ കണ്ണുതുറക്കുമോ?

(ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി ആലപ്പുഴയുടെ സംഘടന ചുമതല വഹിച്ച വ്യക്തി എന്ന നിലയിൽ നല്ല വ്യക്തമായ ധാരണയിലും അറിവോടുമാണ് ഇത് എഴുതുന്നത് )