പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലർജി ഇപ്പോഴും നിലനിൽക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു താഴേ വെട്ടിപ്രത്തെ ശബരിമല ഇടത്താവളം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

അല്ലെങ്കിൽ തീർത്ഥാടനം ഇത്രയും അവതാളത്തിലെത്തിക്കാൻ ഒരു ഗവൺമെന്റും ശ്രമിക്കുകയില്ല. കുറ്റകരമായ അനാസ്ഥയാണ് ഗവൺമെന്റ് കാണിക്കുന്നത്. ഇടത്താവളങ്ങളിലും പമ്പയിലും നിലയ്ക്കലിലും അയ്യപ്പഭക്തർക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ദർശനത്തിനായി 18 -20 മണിക്കൂർ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് അയ്യപ്പഭക്തർക്ക് ഉള്ളത്. നിലവിൽ ദേവസ്വം ബോർഡും പൊലീസും പരസ്പരം ആരോപണം ഉന്നയിക്കുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

നിലയ്ക്കലിൽ അയ്യപ്പഭക്തർക്ക് സൗകര്യമൊരുക്കാൻ ടെന്റർ നടത്തിയ പണികൾ ആരംഭിച്ചിട്ട് പോലും ഇല്ല എന്നാണ് മുൻ ദേവസ്വം പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. മുന്നൊരുക്കങ്ങൾ ഫലപ്രദമായ നിലയിൽ ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ല. ദേവസ്വം വകുപ്പ് മന്ത്രി ശബരിമലയിൽ സന്ദർശനം നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ ബാദ്ധ്യസ്ഥനാണ്. മന്ത്രി അത്ചെയ്യണം. ക്രിസ്മസ് അവധിക്കാലത്തും മണ്ഡല പൂജ, മകരവിളക്ക് കാലത്തും തിരക്ക് ഇനിയും വർധിക്കും. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്. മകരവിളക്കിന് മുൻപായി മുഖ്യമന്ത്രി ശബരിമല അവലോകന യോഗം വിളിച്ച് ചേർക്കുന്നത് പതിവാണ്. ഇത്തവണ ആര് യോഗം വിളിച്ച് ചേർക്കുമെന്നറിയില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലർജി ഇപ്പോഴും തുടരുകയാണെന്നാണ് മനസിലാക്കുന്നത്.ശബരിമല തീർത്ഥാടകരോടുള്ള അനാദരവും അവരോടുള്ള അവഗണനയും സർക്കാർ തുടരുകയാണെന്നും, അത് അവസാനിപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ ദേവസ്വം മന്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്തമാണ് ശബരിമല തീർത്ഥാടനം സുഗമാമയി നടപ്പാക്കുകയെന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ പറഞ്ഞു. അത് ചെയ്യുന്നതിന് പകരം ദേവസ്വം മന്ത്രി നവകേരള ബസിൽ കറങ്ങി നടക്കുകയാണ്. അതിൽ നിന്നിറങ്ങി അദ്ദേഹം ഇവിടെ വരണം. അതു കൊണ്ടൊരു കുഴപ്പവുമില്ല. മന്ത്രി വരുന്നില്ലെങ്കിൽ അതിന് അർഥം അദ്ദേഹം ദേവസ്വം മന്ത്രിയായി ഇരിക്കാൻ യോഗ്യനല്ലെന്നാണെന്നും കുര്യൻ പറഞ്ഞു. ഇതിനേക്കാൾ വലിയ ചുമതല എന്താണ് വഹിക്കാനുള്ളത്? ഉത്തരവാദിത്തപ്പെട്ട മന്ത്രിയുള്ളപ്പോൾ ദേവസ്വം ബോർഡിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.