- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡുകളിൽ ചെന്നിത്തലയുടെ തലയില്ല; തിരുവല്ല നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ റെജി തോമസിനെ ഫോണിലൂടെ ചീത്ത വിളിച്ച് പ്രവർത്തകൻ; ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ; പിജെ കുര്യൻ അനുകൂലികൾക്ക് തിരിച്ചടി
തിരുവല്ല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് ആലോചിക്കുന്നതിനായി വിളിച്ചു ചേർന്ന നിയോജക മണ്ഡലം രല യോഗം ചേർന്നപ്പോൾ മുതൽ തിരുവല്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നത രൂക്ഷമാണ്. ദേശീയ നേതാവ് പിജെ കുര്യൻ തിരുവല്ല, മല്ലപ്പള്ളി ബ്ലോക്കുകളിൽ കോൺഗ്രസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്ന് ആക്ഷേപമുള്ളവർ നിയോജകമണ്ഡലം യോഗം ബഹിഷ്‌കരിച്ചപ്പോൾ ആകെ പങ്കെടുത്തത് നൂറിൽ താഴെ പ്രവർത്തകരാണ്. മൂന്നുറിനും അഞ്ഞുറിനുമിടയിൽ പ്രവർത്തകർ പങ്കെടുക്കേണ്ട സ്ഥാനത്തായിരുന്നു ഇത്. ജനപങ്കാളിത്തം കുറഞ്ഞതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത് പിജെ കുര്യന്റെ വിശ്വസ്തൻ അഡ്വ. റെജി തോമസിനെ കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനറായി നിയമിച്ചിതായിരുന്നു.
നേരത്തേ തന്നെ പുകഞ്ഞു തുടങ്ങിയ ഭിന്നത കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിത്തെറിയിലെത്തി. തിരുവല്ല നിയോജക മണ്ഡലത്തിലുട നീളം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചാരണ ബോർഡുകളിൽ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രം ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്. യാത്രയുടെ കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനർ അഡ്വ. റെജി തോമസിനെ ഫോണിൽ വിളിച്ച അജിത്ത് എന്ന പ്രവർത്തകൻ ചീത്ത വിളിക്കുന്ന ഓഡിയോ വൈറൽ ആയി.
ഫ്ളക്സ് ബോർഡുകളിൽ നിന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയതിനെ ചൊല്ലി പ്രാദേശിക നേതാക്കൾ തമ്മിൽ അസഭ്യ വർഷവും ഉണ്ടായി. മൊബൈൽ ഫോണിലൂടെയും പാർട്ടിയുടെ വാട്ട്സാപ് ഗ്രൂപ്പുകളിലൂടെയും ആണ് ചേരി തിരിഞ്ഞ് നേതാക്കളും അണികളും പരസ്പരം ഏറ്റുമുട്ടിയത്. തിരുവല്ല നിയോജക മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയർത്തിയ ബോർഡുകളിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കിയതാണ് ഐ ഗ്രൂപ്പിലെ പ്രദേശിക നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്.
അഡ്വ. റെജി തോമസിനെ ചെന്നൈ സ്വദേശി അജിത്ത് എന്ന് പരിചയപ്പെടുത്തുന്നയാൾ വിളിക്കുന്നത് പരിപാടിക്ക് സംഭാവന നൽകാമെന്ന് പറഞ്ഞാണ്. കാശ് കിട്ടുന്ന മുറയ്ക്കാണ് ഫൽക്സ് ബോർഡ് വയ്ക്കുന്നത് എന്നാണ് റെജി തോമസ് വിളിച്ചയാളോട് പറയുന്നത്. ബോർഡുകളിൽ എന്തു കൊണ്ട് ചെന്നിത്തലയുടെ തല വച്ചില്ല എന്ന് ചോദിച്ച വിളിച്ചയാൾ റെജി തോമസിനെ ഊടുപാട് ചീത്ത വിളിക്കുകയാണ്. തന്തയ്ക്കും തള്ളയ്ക്കുമെല്ലാം പരസ്പരം വിളിക്കുന്നുണ്ട്. വിളിച്ചയാൾ ഈ ഓഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് പാർട്ടിക്കും നേതാക്കൾക്കും വൻ നാണക്കേടായി.
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെ മുതിർന്ന നേതാവ് പിജെ കുര്യൻ കരുക്കൾ നീക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഇതിന്റെ ഭാഗമായി കുര്യന് എതിരാളികളായി വരാൻ സാധ്യതയുള്ള നേതാക്കളെ ഒന്നടങ്കം തിരുവല്ലയിൽ വെട്ടിനിരത്തി. മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടികെ സജീവ് കുര്യനുമായുള്ള അഭിപ്രായ ഭിന്നത കാരണം പാർട്ടി വിട്ടിട്ട് ഏറെ നാളായി. പാർട്ടിയിലെ ജനകീയ മുഖമായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഡോ. സജി ചാക്കോയെ നിസാര കാരണം പറഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സജി ചാക്കോയെ പുറത്താക്കുന്നതിന് എതിരായിരുന്നു. എന്നാൽ, കുര്യനുമായി അടുത്ത ബന്ധം പുലർത്തുന്ന ഡിസിസി പ്രസിഡന്റിനെ അടക്കം ഉപയോഗിച്ചാണ് സജി ചാക്കോയെ പുകച്ചു പുറത്തു ചാടിച്ചത്.
കുര്യന്റെ തൻപ്രമാണിത്തത്തിനെതിരേ പാർട്ടിയിൽ വലിയൊരു വിഭാഗം അംസതുപ്തരാണ്. ഈ അസംതൃപ്തി പാർട്ടി പരിപാടികളെപ്പോലും ബാധിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് യോഗങ്ങളിൽ ജനപങ്കാളിത്തം കുറയുന്നത്. യാത്രയുടെ ഫ്ളക്സ് ബോർഡുകളിൽ നിന്നും മുതിർന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ പോലും ഒഴിവാക്കിയതിന് പിന്നിൽ സുധാകരൻ ഗ്രൂപ്പ് നേതാവായ എൻ ഷൈലാജ് ആണെന്നും സഹോദരനും ഡിസിസി പ്രസിഡന്റുമായ സതീഷ് കൊച്ചു പറമ്പിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.
അതേ സമയം പരിപാടിയുടെ ശോഭ കെടുത്താൻ എതിരാളികൾ നീക്കമാണിതെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം.