തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയെന്ന വിധത്തില്‍ വാര്‍ത്തകള്‍ വരുമ്പോഴും നേതൃത്വം ഇത്തരം സാധ്യതകളെല്ലാം തള്ളുകയാണ്. ഇത്തരം ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലുമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ കെ സുധാകരന്‍ മാറുകയാണെങ്കില്‍ പകരക്കാരനായി യുവ ക്രൈസ്തവ നേതാക്കള്‍ എത്തണമെന്ന വിധത്തില്‍ ചര്‍ച്ചകളുണ്ട്. ഇതോടെ പലവിധത്തിലുള്ള ചരടുവലികളും തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചനകള്‍.

ഇതിനിടെയാണ് കത്തോലിക്കാ സഭയ്ക്ക് താല്‍പ്പര്യം ആരെയാണ് എന്ന സൂചനകള്‍ പുറത്തുവരുന്നത്. നേതൃമാറ്റം ഉണ്ടെങ്കില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണം എന്നതാണ് സഭയുടെ മനസ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചുവെന്ന വിധത്തില്‍ വാര്‍ത്ത ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ടു ചെയ്യുന്ന്ത. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനാണ് സഭയ്ക്ക് താല്‍പ്പര്യം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും വിശ്വസ്തനാണ് സണ്ണി ജോസഫ്.

ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ് അതൃപ്തിക്ക് കാരണം. സഭകള്‍ ഇക്കാര്യം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും വാര്‍ത്തയിയില്‍ പറയുന്നു.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ നോമിനി എന്ന നിലയില്‍ ആരെയും പിന്തുണക്കുന്നില്ലെങ്കിലും സണ്ണി ജോസഫിനോട് സഭയ്ക്ക് താല്‍പ്പര്യമുണ്ട്. സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സണ്ണി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സണ്ണിജോസഫിന് ഏതാണ്ട് എല്ലാ കത്തോലിക്കാ ബിഷപ്പുമാരുടെയും പിന്തുണ ലഭിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് പുനഃസംഘടനാ വേളയില്‍ കത്തോലിക്കാ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. സമുദായത്തിന് അതിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് പരാതി. അതേസമയം പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അകന്നു നില്‍ക്കുന്ന ക്രൈസ്തവ സഭകളെ പാര്‍ട്ടിയോട് അടുപ്പിക്കാനായി സഭകളുടെ നിര്‍ദേശം അംഗീകരിക്കണോ, അതോ കെ സുധാകരന് പകരം ഈഴവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ പരിഗണിക്കണോ എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.

ഈഴവ സമുദായം ബിജെപിയോട് അടുക്കുന്നത് തടയുക ലക്ഷ്യമിട്ട് ആ സമുദായത്തില്‍ നിന്നുതന്നെ ഒരാളെ നേതൃസ്ഥാനത്ത് അവരോധിക്കണമെന്നാണ് ഈ വിഭാഗത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിലവില്‍ മാറ്റം വേണ്ടെന്നാണ് കെ സുധാകരന്‍ അഭിപ്രായപ്പെടുന്നത്. സ്ഥാനം ഒഴിയാനും സുധാകരന്‍ സന്നദ്ധനല്ല.

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ ഉടച്ചുവാര്‍ക്കല്‍ നടത്തണമെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് പദവിയിലേക്കും പുതിയ പേരുകള്‍ ഉയര്‍ന്നു വന്നത്. ക്രൈസ്തവ നേതാക്കളായ, എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാന്‍, റോജി എം ജോണ്‍ എംഎല്‍എ, ഈഴവ വിഭാഗത്തില്‍ നിന്നും അടൂര്‍ പ്രകാശ് എംപി, എസ് സി -എസ് ടി വിഭാഗത്തില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്.

അതേസമയം കെ സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റണം എന്ന ആവശ്യം മുന്നോട്ടു വെക്കുന്നത് അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ ഉള്ളവരാണ്. അവരാണ് അത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്ന വികാരവും ശക്തമാണ്. എന്നാല്‍, പാര്‍ട്ടിയെ തുടര്‍ച്ചയായി വിജയത്തിലേക്ക് നയിക്കുന്ന നേതാവിനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമല്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. അതുകൊണ്ട് തന്നെ സുധാകരനെ മാറ്റുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല. ഇത് പാര്‍ട്ടിയിലെ അധികാര വടംവലിക്കും ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

യുവ നേതൃത്വം എന്ന ആവശ്യം മുന്നില്‍ നിര്‍ത്തി സുധാകരനെ മാറ്റാനുള്ള നീക്കം വി ഡി സതീശന് 'ഒറ്റക്ക് വഴിവെട്ടാനുള്ള' മാര്‍ഗ്ഗമെന്നാണ് എതിര്‍ചേരിയുടെ വിലയിരുത്തല്‍. ഒറ്റയടിക്ക് ചെന്നിത്തലയെയും കെ മുരളീധരനെയും അടക്കമുള്ളവരെ ഒതുക്കാനുള്ള മാര്‍ഗ്ഗം. അതുകൊണ്ട് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സുധാകരന്‍ മാറുന്നെങ്കില്‍ സമാനമായ വിധത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം വരട്ടെ എന്നാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന ആശയം.

അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. കെ സുധാകരന്‍ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂര്‍. തരൂരിന്റെ നിലപാടില്‍ വിജയിക്കുമ്പോള്‍ കെപിസിസി അധ്യക്ഷനെ എന്തിന് മാറ്റണം എന്നാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്നാണ് ധ്വനി. രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും കെപിസിസി പ്രസിഡന്റ് ഇപ്പോള്‍ മാറേണ്ടെന്ന നിലപാടാണ്.