തിരുവനന്തപുരം : ഗവര്‍ണ്ണറുടെ ക്രിസ്മസ് വിരുന്നില്‍ നിന്ന് ഇക്കുറിയും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തു.

സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.

സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നതിനിടയിലാണ് മന്ത്രിസഭയുടെ വിട്ടുനില്‍ക്കല്‍. ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സല്‍ക്കാരത്തില്‍ നിന്ന് വിട്ടു നിന്ന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നതും വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്.

ഗവര്‍ണ്ണറും സര്‍ക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ആഘോഷത്തിനായി രാജ്ഭവന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു.