തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ സമയബന്ധിതമായി ഒപ്പുവയ്ക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണർ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണ്ണർക്ക് പല ലക്ഷ്യങ്ങളുണ്ട്. വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയൻ വിമർശിച്ചു.

ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം എന്നതും ശ്രദ്ധേയമാണ്. ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ ഗവർണ്ണർക്കെതിരെ എത്തുന്ന രണ്ടാമത്തെ ഹർജിയാണിത്.

ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജി കൊടുത്തത്.

ലീഗിനെ വാഴ്‌ത്തി പിണറായി വിജയൻ

അസേമയം, മുസ്ലിംലീഗിനെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചതിൽ സിപിഎമ്മിന് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഫലസ്തീൻ ഐക്യദാർഢ്യ റാലി ലീഗ് സംഘടിപ്പിക്കുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം ലീഗിനെ പുകഴ്‌ത്തി. ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഉണ്ടോ എന്നും ലീഗ് യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പരസ്യമായി പറഞ്ഞത് ലീഗ് ഉന്നത നേതാവാണ്. തങ്ങൾ അങ്ങോട്ടുപോയി ക്ഷണിച്ചിട്ടല്ല അവർ അങ്ങനെ പറഞ്ഞത്. ലീഗിനെ ക്ഷണിച്ചതിൽ യാതൊരു വ്യാമോഹവുമില്ല. ഏതെങ്കിലും ഭാഗത്തുനിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന് നോക്കുന്ന ഗതികട്ട പ്രസ്ഥാനമല്ല സിപിഎം. പിന്നീട് ലീഗ് നേതൃത്വം കൂടിയാലോചന നടത്തിയാണ് പങ്കെടുക്കില്ലെന്ന പ്രഖ്യാപനം നടത്തിയത് എന്നും പിണറായി വിജയൻ പറഞ്ഞു.

ഫലസ്തീൻ വിഷയത്തിൽ കേന്ദ്രത്തിന് വിമർശനം

ഫലസ്തീൻ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഫലസ്തീനെ എല്ലാവരും അനുകൂലിക്കണം. ഇന്ത്യ മുൻകാല നിലപാടിൽനിന്ന് മാറി ഇസ്രയേലിനൊപ്പം നിൽക്കുകയാണ്. അമേരിക്കയെ പ്രീണിപ്പിക്കൽ വേണ്ടിയാണിത്. അമേരിക്കൻ താൽപര്യത്തിനനുസരിച്ചാണ് ഇന്ത്യാ സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായണ് ഇസ്രയേലിനൊപ്പം നിലകൊള്ളുന്നത്. ഈ നയത്തിന്റെ ഭാഗമായി ഫലസ്തീനെ തള്ളുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.