തിരുവനന്തപുരം : നിലമേലിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവർണർ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകാം. കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആർക്കെങ്കിലും ഉണ്ടോ. പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ ?

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ. ചില ഘട്ടത്തിൽ പ്രതിഷേധം വന്നിട്ടില്ലേ? കരിങ്കൊടി കാണിക്കുന്നവരെ എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്നത് കണ്ടിട്ടുണ്ടോ? ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമല്ലേ. ചെയ്യാൻ പാടില്ലാത്തതല്ലേ. പൊലീസിന്റെ പണി അവര് ചെയ്യില്ലേ. നിയമനടപടി ഇവര് ചെയ്യില്ലേ. എഫ്‌ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ?

എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. സിആർപിഎഫിന് കേസെടുക്കാനാകുമോ ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സിആർപിക്ക് പ്രവർത്തിക്കാനാകുമോ?

എല്ലാത്തിനും എഴുതപ്പെട്ട നിയമങ്ങളുണ്ട്. ജനാധിപത്യ വഴക്കങ്ങളുണ്ട്. നിയമങ്ങളാണ് വലുത്. അധികാരം നിയമത്തിന് മുകളിലല്ല. അതില്ലാത്ത നിലപാടാണ് ഉണ്ടായത്. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌ന മുണ്ടോ എന്നും സ്വയം പരിശോധിക്കണം. നയപ്രഖ്യപന വിഷയത്തിൽ കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണർ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളി. എഫ്‌ഐആർ ഇടാൻ കുത്തിയിരിപ്പ് വേണോയെന്നും പിണറായി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയർന്നേക്കാം. ആ പ്രതിഷേധസ്വരങ്ങൾ, പ്രകടനങ്ങൾ നടക്കുമ്പോൾ അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാൻ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. സാധാരണ സെക്യൂരിറ്റി നിലപാടുകൾക്കു വിരുദ്ധമായ കാര്യമാണ്, ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സാധാരണ പൊലീസ് ചെയ്യേണ്ട ഡ്യൂട്ടിയാണത്. അത് പൊലീസ് നിർവഹിക്കും. നിയമനടപടികൾ ഞാൻ പറയുന്നത് പോലെ സ്വീകരിക്കണം, ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്‌ഐആറിനു വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ?

പൊലീസ് കൂടെ വരണ്ടെന്ന് കോഴിക്കോട് ഗവർണർ പറഞ്ഞു. അങ്ങനെ ഏതെങ്കിലും ഗവർണർ നേരത്തെ പറഞ്ഞിട്ടുണ്ടോ. ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടിട്ടാണോ അതോ കേന്ദ്ര സർക്കാർ പ്രത്യേകമായി നിലപാട് എടുത്തതാണോയെന്ന് അറിയില്ല. സുരക്ഷ സിആർപിഎഫിനു കൈമാറിയെന്നാണു പറയുന്നത്. അതു വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണു ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും പെട്ടിരിക്കുന്നു.

കേരളത്തിൽ ചില ആർഎസ്എസുകാർക്ക് നേരത്തെ കേന്ദ്രഗവൺമെന്റ് ഒരുക്കിയിട്ടുള്ള ആ കൂട്ടിൽ ഒതുങ്ങാനാണ് അദ്ദേഹം ഇപ്പോൾ തയാറായിരിക്കുന്നത്. അതുകൊണ്ട് എന്താണു പ്രത്യേക മേന്മ എന്ന് അറിയില്ല. കേരളം സിആർപിഎഫ് നേരിട്ട് ഭരിക്കുമോ? എന്താണ് അദ്ദേഹം ധരിച്ചിരിക്കുന്നത്? സിആർപിഎഫിന് നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാൻ പറ്റുമോ?. ഗവർണറുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഇതുവരെ ഇവിടെയുണ്ടായിട്ടുണ്ടോ? നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകളില്ലേ? ഏത് അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. നിയമത്തിനു കീഴെയാണ് ഏത് അധികാര സ്ഥാനവും. ആ നിയമമാണു പരമപ്രധാനം. അതു മനസിലാക്കാൻ സാധിക്കണം. സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. സ്‌കൂളിൽനിന്നു പഠിക്കേണ്ട കാര്യമല്ല. സ്വയം അനുഭവത്തിലൂടെ ആർജിക്കേണ്ട കാര്യമാണ്.

നയപ്രഖ്യാപനത്തിൽ എന്താണ് അദ്ദേഹം കാണിച്ചത്. ഇതൊക്കെ കേരളത്തോടുള്ള ഒരു തരം വെല്ലുവിളിയാണ്. കേരളത്തോടുള്ള അവഹേളനമാണ് ഉണ്ടായത്. ഭരണഘടനയെ അവഹേളിക്കുന്ന നിലപാടുമാണ് ഉണ്ടായത്. അതാണു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയില്ല, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ ഗവർണർക്ക് സമയമുണ്ട്.
കേന്ദ്രസർക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉയർത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുകുകയാണ്. കേന്ദ്രനയങ്ങൾ നവകേരള സൃഷ്ടിക്കു തടസ്സമാണ്. വായ്പാ പരിധി വെട്ടിക്കുറച്ചു. കേരളം പടുത്തുയർത്തിയ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധമുയർത്താതെ മറ്റു നിവൃത്തിയില്ലെന്ന നിലയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണു ഡൽഹിയിൽ സമരം നടത്താൻ നിർബന്ധിതമാക്കുന്നത്.

ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്. വലിയ ജനാവലിയാണ് ഓരോ വേദിയിലും എത്തിയത്. ആകെ 138 വേദികൾ. മന്ത്രിസഭ സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനില്ല.

താലൂക്ക് തല അദാലത്തുകളിൽ ആരഭിച്ച് മേഖലാ തല യോഗങ്ങളും തീരദേശ വനസൗഹൃദ സദസുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടർച്ചയായാണു സംസ്ഥാന തല പര്യടനം നടന്നത്. നവകേരള സദസിൽ 604276 നിവേദനങ്ങൾ രജിസ്റ്റർ ചെയ്തു. നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ്.