- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്ത്രിയുടെ അറസ്റ്റും മാങ്കൂട്ടത്തിലിന്റെ രാത്രിയിലെ കസ്റ്റഡിയും ഗുണം ചെയ്തില്ല; രാഷ്ട്രീയ ട്വിസ്റ്റിന് അവതരിപ്പിച്ച രണ്ടു ഐറ്റവും പാളി; വിഴിഞ്ഞത്ത് 'കൈ' പിടിച്ച് സുധീര്‍ ഖാന്; ചുവട് പിഴച്ച് സിപിഎം; വന്‍ തോതില്‍ വോട്ടുയര്‍ത്തി ബിജെപി മൂന്നാമത്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഇനി 20 അംഗങ്ങള്‍; ബിജെപിയുടെ കേവല ഭൂരിപക്ഷ മോഹം തകര്‍ന്നു; ആ മൂന്ന് വാര്‍ഡില്‍ സംഭവിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശത്തിന്റെ രാഷ്ട്രീയ മനസ്സ് ആര്‍ക്കൊപ്പമെന്ന ആകാംക്ഷകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എച്ച്. സുധീര്‍ ഖാന്‍ ഉജ്ജ്വല വിജയം നേടി. എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് സുധീര്‍ ഖാന്‍ വിഴിഞ്ഞം പിടിച്ചെടുത്തത്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗഭരിതമായ വോട്ടെണ്ണലിനൊടുവില്‍ 2902 വോട്ടുകള്‍ നേടിയാണ് സുധീര്‍ ഖാന്‍ വിജയിച്ചത്. തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ നൗഷാദ് എന്‍. നേടിയത് 2819 വോട്ടുകളാണ്. വെറും 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ജയം.
ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനു 2437 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. വിഴിഞ്ഞം വാര്‍ഡില്‍ ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വോട്ട് നില. കഴിഞ്ഞ തവണ മുന്നോറോളം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഹിസാന്‍ ഹുസൈന്‍ 494 വോട്ടുകള്‍ നേടി. മറ്റൊരു സ്വതന്ത്രന്‍ അബ്ദുള്‍ റഷീദ് 118 വോട്ടുകളും വിജയമൂര്‍ത്തി 65 വോട്ടുകളും നേടി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മാഹീന് 33 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സമിന്‍ സത്യദാസ് 31 വോട്ടുകളിലും സ്വതന്ത്രന്‍ ഷാജഹാന്‍ 13 വോട്ടുകളിലും ഒതുങ്ങി.
തീരദേശ വികസനവും വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഈ വിജയം രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സിപിഎമ്മിന്റെ ഉറച്ച വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സുധീര്‍ ഖാന് സാധിച്ചുവെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വിജയത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അംഗ സംഖ്യ 20 ആയി. ബിജെപിക്ക് 50ഉം ഇടതിന് 29 അംഗങ്ങളുമാണുള്ളത്. രണ്ടു സ്വതന്ത്രന്മാരും ജയിച്ചു. ഇതില്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയിലാണ് 101 അംഗ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 51 പേരുടെ പിന്തുണയാകുന്നത്.
വിഴിഞ്ഞത്ത് ജയിച്ചിരുന്നുവെങ്കില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടുമായിരുന്നു. പുതിയ സാഹചര്യത്തില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലെന്നതാണ് വസ്തുത. അപ്പോഴും തീര ദേശത്ത് വോട്ടുയര്‍ത്തിയത് ബിജെപിക്ക് പ്രതീക്ഷയാണ്. തോല്‍വിയിലും മേയര്‍ വിവി രാജേഷിന് കോട്ടമുണ്ടാക്കാത്ത ഫലമാണ് വിഴഞ്ഞത്തേത്. സ്വര്‍ണ്ണ കൊള്ള കേസില്‍ തന്ത്രിയുടെ അറസ്റ്റും പീഡന കേസില്‍ രാഹുല്‍ മാങ്കുട്ടത്തിലന്റെ അറസ്റ്റും വലിയ തോതില്‍ ചര്‍ച്ചയായി. ഇതിനൊപ്പമാണ് അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് സിപിഎം പ്രഖ്യാപിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ എത്തിയത്. ഇതൊന്നും ഫലത്തെ സ്വാധീനിച്ചില്ല.
ഉപതെരഞ്ഞെടുപ്പ്: പാമ്പാക്കുട പഞ്ചായത്ത് ഓണക്കൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം
പിറവം: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ 10-ാംവാര്‍ഡില്‍ എല്‍ഡിഎഫിന് മിന്നുന്ന ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ബി രാജീവ് 221 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി ബി രാജീവ് 558 വോട്ടുകള്‍ നേടി. യുഡിഎഫിലെ ജോസ് ടി പി തെളിയാമ്മേല്‍ -337, എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീകാന്ത് -34, സ്വതന്ത്ര സ്ഥാനാര്‍ഥി പൗലോസും (മൈനോച്ചന്‍) -35 വോട്ടുകളും നേടി. തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 81.74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 1183 വോട്ടര്‍മാരില്‍ 965 പേര്‍ വോട്ട് രേഖപ്പെടുത്തി. 487 പുരുഷ വോട്ടര്‍മാരും 478 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ ഒമ്പതിന് പുലര്‍ച്ചെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി എസ് ബാബു മരിച്ചത്. എറണാകുളം ? ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ച ഏക തദ്ദേശ വാര്‍ഡാണിത്. 15 അംഗ ഭരണസമിതിയില്‍ യു ഡി എഫ് 9, എല്‍ ഡി എഫ് 5, സ്വതന്ത്ര മുന്നണി ഒന്ന് എന്നതാണ് ഇപ്പോള്‍ കക്ഷിനില.
മൂത്തേടം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് ജയം, ഭൂരിപക്ഷം 222 വോട്ട്
നിലമ്പൂര്‍: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സുബൈദ കൊരമ്പയില്‍ ജയിച്ചു. 222 വോട്ട് ഭൂരിപക്ഷം നേടിയാണ് ജയം. ഇതോടെ മൂത്തേടം പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ കക്ഷിനില യുഡിഎഫ്-17, എല്‍ഡിഎഫ്-1 എന്നിങ്ങനെയായി. യുഡിഎഫ് 501 വോട്ടുകള്‍ നേടിയപ്പോള്‍ 279 പേര്‍ എല്‍ഡിഎഫിന് വിധിയെഴുതി. എന്‍ഡിഎയ്ക്ക് 14-ലും സ്വതന്ത്ര സ്ഥാനാര്‍ഥി ആറിലുമൊതുങ്ങി. വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
84.21 ശതമാനം പോളിങ്ങാണ് വാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. 950 വോട്ടര്‍മാരില്‍ 800 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 437 സ്ത്രീകളും 363 പുരുഷന്‍മാരുമാണ് വോട്ടുചെയ്തത്. ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മറ്റു തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടന്നിരുന്നു. അന്ന് 772 പേരാണ് വോട്ടുചെയ്തിരുന്നത്. അന്നത്തേതില്‍നിന്നും ഇത്തവണ പോളിങ് നാലുശതമാനത്തോളം ഉയര്‍ന്നു. 28 പേരാണ് കൂടുതലായി വോട്ട് രേഖപ്പെടുത്തിയത്. വാര്‍ഡിലെ ജില്ല, ബ്ലോക്ക് ഡിവിഷനുകളിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 270-ന് മുകളില്‍ ലീഡുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി സുബൈദ കൊരമ്പയില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബിന, എന്‍ഡിഎ സ്ഥാനാര്‍ഥി അനിത, ഒരു സ്വതന്ത്ര എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.




