തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ പ്രതിസന്ധികളുണ്ടാകില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആയുധമാക്കി തെക്കന്‍ കേരളത്തിലടക്കം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കില്ല. സാമുദായിക സന്തുലിതാവസ്ഥ തെറ്റുമെന്ന കടുത്ത വാദം ഉയര്‍ത്തി ലീഗിനെ തളയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഭരണം തിരിച്ചുപിടിക്കാന്‍ ഹൈന്ദവ-ക്രൈസ്തവ വോട്ടുകള്‍ അനിവാര്യമാണെന്നും ലീഗിന് വഴങ്ങിയാല്‍ അത് തിരിച്ചടിയാകുമെന്നുമാണ് കെപിസിസിയുടെ വിലയിരുത്തല്‍.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത് കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടി വന്ന ചരിത്രമാണ്. അന്ന് നായര്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷ വോട്ടുകള്‍ യുഡിഎഫിനെ കൈവിട്ട് ബിജെപിയിലേക്ക് ഒഴുകാന്‍ ആ ഒരു പിടിവാശി കാരണമായി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ അപ്രതീക്ഷിത കുതിപ്പിന് പിന്നിലും ഈ 'മൈനോറിറ്റി പ്രീണന' വിവാദമായിരുന്നു. ഇത്തവണയും ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ 'ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി' എന്ന ബിജെപി-എല്‍ഡിഎഫ് പ്രചാരണത്തിന് ആയുധം നല്‍കലാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു.

കഴിഞ്ഞ തവണ മത്സരിച്ച 25 സീറ്റുകളില്‍ തന്നെ ലീഗ് മത്സരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തെക്കന്‍ കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ലീഗിന്റെ ആവശ്യം പ്രതിസന്ധിയാകും. കുറഞ്ഞ സീറ്റുകളില്‍ മത്സരിച്ച് മികച്ച വിജയം നേടുക എന്ന നിര്‍ദ്ദേശമാണ് ലീഗിന് മുന്നില്‍ വെച്ചിട്ടുള്ളത്. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പോകുന്ന ഒരു വിട്ടുവീഴ്ചയും ഇത്തവണ ഉണ്ടാകില്ല.

സീറ്റ് വെച്ചുമാറല്‍ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുന്ദമംഗലം തുടങ്ങിയ സീറ്റുകളെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സീറ്റ് വെച്ചുമാറല്‍ എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. പരാജയപ്പെട്ട സീറ്റുകള്‍ക്ക് പകരം വിജയസാധ്യതയുള്ള മറ്റ് സീറ്റുകള്‍ നല്‍കി ലീഗിനെ സമാധാനിപ്പിക്കാനാണ് നീക്കം. നേമം പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ആവശ്യമാണെന്നും, അതിന് ലീഗിന്റെ സീറ്റ് വര്‍ദ്ധനവ് തടസ്സമാകുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഈ 'സന്തുലന വിദ്യ' ലീഗ് എങ്ങനെ ഉള്‍ക്കൊള്ളുമെന്നതാണ് ഇനി കാണേണ്ടത്. അംഗീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.