- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജി ഭീഷണിയുമായി ആര്യാടൻ ഷൗക്കത്ത്; അഞ്ഞൂറോളം എ ഗ്രൂപ്പ് ഭാരവാഹികൾ രാജിക്കത്തുമായി ഇന്ദിരാഭവനിലേക്ക്; മലപ്പുറത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം വിവാദത്തിൽ; മണിമൂളിയിലെ വഴിക്കടവ് മണ്ഡലം കമ്മിറ്റി ഓഫീസ് വിമതർ പൂട്ടി
മലപ്പുറം: മലപ്പുറം ജില്ലാ തല സമവായ കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തവരെയും കൂട്ടത്തോടെ വെട്ടിനിരത്തി ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാരോപിച്ച് മലപ്പുറത്തെ അഞ്ഞൂറോളം എ ഗ്രൂപ്പ് ഭാരവാഹികൾ രാജിക്കത്തുമായി തിരുവനന്തപുരം ഇന്ദിരാഭവനിലേക്ക് പുറപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കോൺഗ്രസ് സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി പാർട്ടി ഭാരവാഹിത്വത്തിൽ നിന്നുള്ള രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കൈമാറാനാണ് തീരുമാനം.മണ്ഡലം, ബോക്ക്, ജില്ലാ ഭാരവാഹികളും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും രാജിവെക്കാനാണ് ഗ്രൂപ്പ് തീരുമാനം.
ഇതിന്റെ ഭാഗമായുള്ള ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി, മുൻ മന്ത്രി എ.പി അനിൽകുമാർ എന്നിവർക്കെതിരെ മലപ്പുറത്ത് പോസ്റ്ററും പതിച്ചിട്ടുണ്ട്. 'പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജിവെക്കണം, കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കുക' എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ മഞ്ചേരിയിൽ എ ഗ്രൂപ്പ് നേതൃത്വം യോഗം ചേർന്നാണ് നേതാക്കളുടെ കൂട്ടരാജിക്ക് തീരുമാനമെടുത്തത്.
ജില്ലാതലത്തിലുണ്ടാക്കിയ സമവായകമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്ത 15 പേരെയും തർക്കമുണ്ടായിരുന്ന 10 ഇടത്തും ഏകപക്ഷീയമായി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. മുൻ മന്ത്രി എ.പി അനിൽകുമാർ ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിയും സുധാകരൻ ഗ്രൂപ്പുമായി ചേർന്ന് എഗ്രൂപ്പിനെ കൂട്ടത്തോടെ വെട്ടിനിരത്തിയിരിക്കുകയാണെന്നുമുള്ള വികാരമാണ് എ ഗ്രൂപ്പിനുള്ളത്. ഇതിനിടെ പ്രശ്‌നപരിഹാരത്തിന് കോൺഗ്രസിലെ മുതിർന്ന നോക്കൾ ഇടപെട്ടിട്ടുണ്ട്. അനൗപചാരിക ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
അതേ സമയം സമവായം അട്ടിമറിച്ച് മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മണിമൂളിയിലെ വഴിക്കടവ് മണ്ഡലം കമ്മിറ്റി ഓഫീസ് വിമതർ പൂട്ടി. നിയുക്ത മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടത്തിന്റെ നേതൃത്വത്തിൽ പൂട്ടുപൊളിച്ച് ഓഫീസിൽ കയറാനെത്തിയവരെയാണ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തടഞ്ഞത്. ഇരുവിഭാഗവും സംഘടിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും മാറ്റിയെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്.
ഞായറാഴ്ച വൈകുന്നേരം മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന എ വിഭാഗം മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം പുനപരിശോധിച്ചില്ലെങ്കിൽ വഴിക്കടവ് പഞ്ചായത്തിലെ 6 കോൺഗ്രസ് അംഗങ്ങളും രാജിവെക്കാൻ തീരുമാനിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം ജനറൽ സെക്രട്ടറിയുമായ റെജി ജോസഫ് കണ്ടത്തിൽ, മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.പി ഷിയാജ്, ബ്ലോക്ക് സെക്രട്ടറി ജൂഡി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. 23 അംഗങ്ങളുള്ള വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 13ഉം എൽ.ഡി.എഫിന് 10ഉം അംഗങ്ങളുമാണുള്ളത്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ