കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി രൂക്ഷമാകുന്നു. മാടായി കോളേജില്‍ വെച്ച് കോഴിക്കോട് എം.പിയും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ എം കെ രാഘവനെ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ തടയുകയും അപമാനിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാപ്പാടന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ.വി സതീഷ്‌കുമാര്‍, കെ.പി ശശി എന്നിവരെയാണ് പുറത്താക്കിയത്. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. എംകെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു പുറത്താക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എംകെ രാഘവന്‍ ചെയര്‍മാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോളേജ് കവാടത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ എംപിയെ തടയുകയായിരുന്നു.

പയ്യന്നൂര്‍ കോര്‍പ്പറേറ്റ് സൊസൈറ്റിക്ക് കീഴിലാണ് കോളേജ് വരുന്നത്. എംകെ രാഘവന്‍ എംപിയാണ് കോളേജ് ചെയര്‍മാന്‍. ഇവിടെ രണ്ടു അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇന്നായിരുന്നു അഭിമുഖം. എന്നാല്‍ അഭിമുഖത്തിന് മുന്‍പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവര്‍ത്തനകന് നിയമനം നല്‍കാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.

ശനിയാഴ്ച്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നിരുന്നു. അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് എംപി എത്തിയത്. എംപിയെ കവാടത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തടയുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ എംപി കാറില്‍ നിന്ന് ഇറങ്ങി നടന്നാണ് കോളേജിലെത്തിയത്.

കോഴ വാങ്ങിയാണ് എതിര്‍പാര്‍ട്ടിക്കാരന് നിയമനം നല്‍കുന്നതെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. എം.കെ രാഘവനെതിരെ കെ.സി വേണുഗോപാലിന് പരാതി നല്‍കുമെന്നും പുറത്താക്കിയ പ്രവര്‍ത്തകര്‍ പറഞ്ഞു.