തിരുവനന്തപുരം: സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കാൻ സിപിഐ. പാർട്ടിയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ അറിയിക്കും. സിപിഐ മന്ത്രിമാർ പരാതികൾ നേരിട്ടു മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കും. വലിയ പ്രതിസന്ധിയിലാണ് സിപിഐ വകുപ്പുകൾ. ഈ സാഹചര്യത്തിലാണ് സിപിഐയുടെ നീക്കം.

മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസിന്റെ വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുന്നവർ ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന സിപിഐ വകുപ്പുകളെ കണ്ടില്ലെന്ന് നടിച്ചുവെന്നാണ് പരാതി. ഇത് പരസ്യമായി പ്രതികരണത്തിലൂടെ പൊതു സമൂഹത്തിൽ എത്തിച്ചതും സിപിഐ തീരുമാനത്തിന്റെ ഭാഗമാണ്. ഡൽഹിയിൽ വച്ച് മുഖ്യമന്ത്രിയെ പരിഭവം നേരിട്ട് അറിയിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് സിപിഐ മന്ത്രിമാരെ അവഗണിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാട്.

സിപിഐയുടെ അതൃപ്തി മന്ത്രിമാരായ ജി.ആർ.അനിലിന്റെയും ജെ.ചിഞ്ചുറാണിയുടെയും പ്രതികരണത്തിലൂടെ വിമർശനത്തിന്റെ തോത് പരസ്യമായി. പരാതി അറിയിക്കുമെന്നു പറഞ്ഞ ഇരുവരും കൂടുതൽ വിമർശനങ്ങൾക്കു മുതിരാതിരുന്നതു തിരുത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഭക്ഷ്യ പൊതുവിതരണ, ക്ഷീരമൃഗസംരക്ഷണ വകുപ്പുകൾക്കു പുറമേ റവന്യു വകുപ്പും ബജറ്റിൽ തഴയപ്പെട്ടെങ്കിലും മന്ത്രി കെ.രാജൻ പരസ്യ പ്രതികരണത്തിനു തുനിഞ്ഞില്ല. മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന മന്ത്രിയാണ് രാജൻ. എല്ലാ വിഷയങ്ങളിലും സിപിഎം നേതൃത്വത്തെ അംഗീകരിക്കുന്ന മന്ത്രിയാണ് രാജൻ.

സബ്‌സിഡി ഉൽപന്നങ്ങൾ നൽകിയത് ഉൾപ്പെടെ വിപണി ഇടപെടലിനായി 2000 കോടിയിലേറെ രൂപയും നെല്ലുസംഭരണത്തിന്റെ നോഡൽ ഏജൻസിയായതു വഴി 1500 കോടിയോളം രൂപയും ചെലവഴിച്ചതു വഴി സാമ്പത്തിക ദുരിതത്തിലായ സപ്ലൈകോയ്ക്കു ബജറ്റിൽ ഒരു പരിഗണനയും നൽകിയില്ല. വിപണിയിലെ ഇടപെടലിന് ഇനി സപ്ലൈകോയ്ക്ക് കഴിയാൻ കഴിയാത്ത അവസ്ഥയുണ്ട്.

വിവിധ പദ്ധതികളിലായി മൃഗസംരക്ഷണ വകുപ്പിന് കോടികളുടെ ബജറ്റ് വിഹിതമാണ് കുറഞ്ഞത്. കന്നുകുട്ടി പരിപാലന പദ്ധതിയിൽ മാത്രം 10 കോടി രൂപയുടെ കുറവുണ്ട്. ഭക്ഷ്യവകുപ്പിന് നഷ്ടം സംഭവിച്ചത് സപ്ലൈകോയിലാണ്. റേഷൻ വ്യാപാരി ക്ഷേമനിധിയോടും ബജറ്റ് മുഖം തിരിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ 'ഗോവർദ്ധിനി' പദ്ധതിക്ക് കഴിഞ്ഞ വർഷം 52 കോടി രൂപ നൽകിയെങ്കിൽ ഇക്കൊല്ലം അത് 42.00 കോടി രൂപയായി കുറഞ്ഞു. വീട്ടുപടിക്കൽ മൃഗചികിത്സ എത്തിക്കുന്ന പദ്ധതിയിൽ കുറഞ്ഞത് 2.99 കോടി രൂപയാണ്. ഇത് കൂടാതെ വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ 34.32 കോടിയും കുറഞ്ഞു.

ഭക്ഷ്യവകുപ്പിന് ബജറ്റ് വിഹിതം കുറഞ്ഞിട്ടില്ലെങ്കിലും വകുപ്പിന് കീഴിലുള്ള സപ്ലൈകോയെ ബജറ്റ് പരിഗണിച്ചിട്ടില്ല. സപ്ലൈകോയ്ക്ക് 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ഒരു രൂപ പോലും കിട്ടിയില്ല. റേഷൻ വ്യാപാരി ക്ഷേമനിധി ശാക്തീകരിക്കാനുള്ള പദ്ധതിയും ബജറ്റിൽ അനുവദിച്ചിട്ടില്ല. വെള്ള കാർഡ് ഉടമകളിൽ നിന്ന് ഒരു രൂപ ഈടാക്കി കൊണ്ടുള്ള പദ്ധതിയാണ് നിരാകരിച്ചത്. സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതികൾ പോലും വെട്ടിയെന്ന് ഭക്ഷ്യവകുപ്പ് ആരോപിക്കുന്നു.

കൃഷി വകുപ്പിന് കുറഞ്ഞത് 26 കോടിയാണ്. ലോകബാങ്ക് പദ്ധതിക്കുള്ള സംസ്ഥാന വിഹിതം കൂടി കുറച്ചാൽ 126 കോടി കുറഞ്ഞു. പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള തുകയിലാണ് കുറവ് വന്നത്. പുതിയ പദ്ധതികൾ അനുവദിക്കാത്തതിലും അതൃപ്തിയുണ്ട്. അതേസമയം റവന്യൂ വകുപ്പിന് ബജറ്റ് വിഹിതത്തിൽ കുറവില്ല. വിഹിതത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഒരു കോടി രൂപ കൂടുതലാണ് അനുവദിച്ചിരിക്കുന്നത്. 2023-24ൽ 80 കോടി രൂപ ആയിരുന്നത് 2024-25ൽ 81 കോടി രൂപയായി.