- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകാശ് ബാബുവിനെ വെട്ടിയൊതുക്കി; സിപിഐ ദേശീയ സെക്രട്ടറിയേറ്റിലും സ്ഥാനമില്ല; കാനത്തിന് പകരമെത്തിയത് ആനിരാജ; ബിനോയ് വിശ്വത്തിന്റെ തന്നിഷ്ടമോ?
ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തില്‍ തഴയപ്പെട്ട സി.പി.ഐ. ദേശീയ നിര്‍വാഹകസമിതി അംഗം കെ. പ്രകാശ് ബാബുവിനെ ദേശീയ സെക്രട്ടേറിയറ്റിലേക്കും പാര്‍ട്ടിനേതൃത്വം തഴഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ കാനമുണ്ടായിരുന്ന കാലത്തെ പരിഗണന പ്രകാശ് ബാബുവിന് ലഭിക്കുന്നില്ലെന്ന അവസ്ഥയാണിപ്പോള്‍. സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ ബിനോയ് വിശ്വമാണ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പാര്‍ട്ടിയില്‍ ബിനോയ് പിടിമുറുക്കുമ്പോള്‍ മറ്റു വിഭാഗങ്ങള്‍ തഴയപ്പെടുന്ന അവസ്ഥയാണുള്ളതെന്ന വികാരവും ശക്തമാണ്.
നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ ദേശീയ സെക്രട്ടേറിയറ്റില്‍, അന്തരിച്ച കാനം രാജേന്ദ്രന് പകരം പ്രകാശ് ബാബു എത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, അതുകണ്ടായില്ല. പകരം ഉള്‍പ്പെടുത്തിയത് ആനി രാജയെയും. ആനി രാജയെ ഉള്‍പ്പെടുത്താന്‍ ധാരണയായി. കാനത്തിന് പകരമായി ദേശീയ സെക്രട്ടേറിയറ്റില്‍ കേരളത്തിന്റെ പ്രതിനിധിയായി പ്രകാശ് ബാബു വരുമെന്നായിരുന്നു സൂചന.
രാജ്യസഭാസ്ഥാനാര്ഥിത്വത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തതിന് കാരണം കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നതിനാലാണെന്ന് പലരും കരുതിയിരുന്നു. അന്തരിച്ച അതുല്‍കുമാര്‍ അന്‍ജാനു പകരം ഉത്തര്‍പ്രദേശിന്റെ ക്വാട്ടയില്‍ ഗിരീഷ് ശര്‍മയെയും സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ക്ഷണിതാക്കളായി ആനി രാജയെയും ഗിരീഷ് ശര്‍മയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ക്ഷണിതാക്കള്‍ എന്ന കീഴ്വഴക്കം പാര്‍ട്ടിയിലില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവര്‍ എതിര്‍ത്തതോടെ ഒഴിവാക്കപ്പെടുകയായിരുന്നു.
ആനി രാജയെ ഉള്‍പ്പെടുത്തുന്നതിനോട് അന്നത്തെ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോജിപ്പില്ലായിരുന്നു. ഇപ്പോള്‍ കേരളഘടകം സെക്രട്ടറിയായ ബിനോയ് വിശ്വം ഉള്‍പ്പെടുന്ന അഖിലേന്ത്യാ സെക്രട്ടേറിയറ്റ് യോഗംചേര്‍ന്നാണ് ആനി രാജയെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്. രാജ്യസഭാ സീറ്റിലേക്കും പ്രകാശ് ബാബുവിനെ പരിഗണിക്കാതിരുന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടായിരുന്നെന്നാണ് സി.പി.ഐ.യിലെ സംസാരം.
അതേസമയം പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവിലേക്ക് മുന്‍മന്ത്രി കെ.പി. രാജേന്ദ്രനെ ഉള്‍പ്പെടുത്താന്‍ ധാരണയായി. തിങ്കളാഴ്ച സമാപിക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിക്കുന്നതോടെ തീരുമാനം അന്തിമമാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനചര്ച്ച പൂര്‍ത്തിയായി. കേരളത്തിന്റെ ചര്‍ച്ച ഞായറാഴ്ച നടക്കും. ഇന്ത്യസഖ്യത്തിന് പൊതുവില്‍ രാഷ്ട്രീയനേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ദേശീയ കൗണ്‍സിലിലുയര്‍ന്ന ചര്‍ച്ചയിലെ പൊതുവികാരം.