തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സിപിഐ തള്ളി. പൂരം കലങ്ങിയത് തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിക്കളഞ്ഞു. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. നടത്താന്‍ ചിലര്‍ സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു വാക്കിന്റെ പ്രശ്‌നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും പൂരത്തിന്റെ ആചാരപരമായ എന്തെങ്കിലും നടക്കാതെ പോയോ എന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്. ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി വിജയന്‍ ചോദിച്ചു.

എന്നാല്‍, പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും പ്രതികരിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പൂരം കലങ്ങിയതെന്ന് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. ഇതിന് പിന്നില്‍ എന്‍ഡിഎയുമായി ബന്ധപ്പെട്ടയാളുകളുടെ ഗൂഢാലോചനയുണ്ടെന്നത് നേരിട്ടിട്ടുള്ള കാര്യമാണ്. രാഷ്ട്രീയമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനം അവിടെ നടന്നിട്ടുണ്ടെന്ന് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. അക്കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വൈരുദ്ധ്യമില്ലെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്ന് തന്നെയാണെന്നുമായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ അഭിപ്രായം. ബന്ധപ്പെട്ട വിഷയത്തില്‍ സഭയ്ക്ക് അകത്തും പുറത്തും ഞങ്ങള്‍ ഞങ്ങളുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതില്‍ മാറ്റമില്ലെന്നും കെ രാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തൃശൂര്‍ പൂരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. 'ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാവിനെ കണ്ടു, അതിന്റെ പേരില്‍ പൂരം കലങ്ങിയെന്നാണ് പ്രചാരണം. സത്യം എന്താണ്. പതിവുപോലെ പൂരം നടന്നു. വെടിക്കെട്ട് കുറച്ച് വൈകി. അതിനാണോ പൂരം കലക്കിയെന്ന് പറയുന്നത്. സംഘപരിവാറിന്റെ തോളില്‍ കൈയിട്ട് ലീഗ് ഇത്തരം അസത്യപ്രചരണത്തിന് കൂട്ട് നില്‍ക്കരുത്'- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.