- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാനത്തിന്റെ വെട്ടിനിരത്തിലിൽ സിപിഐയിൽ പ്രതിഷേധം പുകയുന്നു; നാടക സമിതിയായ കെ.പി.എ.സിയുടെ പ്രസിഡന്റ് സ്ഥാനം മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞു; ത്യജിച്ചത് 15 വർഷമായി വഹിച്ചിരുന്ന പദവി; പകരക്കാരനായി എത്തിയതും കാനം
തിരുവനന്തപുരം: സിപിഐയിൽ കാനത്തിന്റെ വെട്ടിനിരത്തലിൽ പ്രതിഷേധം ശക്തമാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം തന്റെ എതിരാളികളെയെല്ലാം കാനം വെട്ടിനിരത്തി. ഇതിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തമാകുകയാണ്. ഇതിനിടെ സിപിഐയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നാടക സമിതിയായ കെപിഎസിയുടെ പ്രസിഡന്റ് സ്ഥാനം മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞു. പകരക്കാരനായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇനി കെപിഎസിയെയും നയിക്കും.
ചൊവ്വാഴ്ച ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 75 എന്ന പ്രായപരിധി പിന്നിട്ടതിന്റെ പേരിൽ ദേശീയ നിർവാഹകസമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ.ഇ.ഇസ്മായിൽ കെപിഎസി നേതൃപദം രാജിവച്ചു കത്തു നൽകി. പാർട്ടി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതിനു പ്രായപരിധി തടസ്സമല്ലെന്നു നേതൃത്വം വ്യക്തമാക്കിയെങ്കിലും ഇസ്മായിൽ വഴങ്ങിയില്ല. പ്രായപരിധി നിർബന്ധമാക്കി തന്നെ ദേശീയ, സംസ്ഥാന ഘടകങ്ങളിൽ നിന്നു നീക്കിയതിൽ അമർഷത്തിലും വേദനയിലുമായ അദ്ദേഹം ആ ഔദാര്യം വേണ്ടെന്നു വച്ചു.
15 വർഷമായി വഹിച്ചിരുന്ന പദവിയാണ് ഇസ്മായിൽ ത്യജിച്ചത്. പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നാണ്, അദ്ദേഹം വഹിച്ച കെപിഎസി പ്രസിഡന്റ് പദവി ഇസ്മായിൽ ഏറ്റെടുത്തത്. കെപിഎസിയുടെ കാര്യങ്ങളിൽ കൃത്യമായി അദ്ദേഹം ഇടപെട്ടു പോന്നു. വൻ കട ബാധ്യതയിലായിരുന്ന സംഘത്തിന് 2 കോടിയോളം രൂപ മിച്ചം വച്ചാണ് ഇസ്മായിൽ ഒഴിയുന്നത്. സമിതിക്ക് മ്യൂസിയം നിർമ്മിക്കാൻ സർക്കാർ അടുത്തിടെ ഒരു കോടി രൂപ നൽകി. നാടകങ്ങൾ അരങ്ങിൽ എത്തും മുൻപ് അദ്ദേഹം ഉൾപ്പെട്ട ഭരണസമിതിയുടെ അംഗീകാരം നാടകങ്ങൾക്ക് ആവശ്യമായിരുന്നു. കെ.പ്രകാശ് ബാബു, ടി.വി.ബാലൻ, എൻ.സുകുമാരപിള്ള, വള്ളിക്കാവ് മോഹൻദാസ് എന്നിവരാണ് ഭരണസമിതിയിലെ മറ്റു സിപിഐ നോമിനികൾ.
കെപിഎസിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ മുൻ എംഎൽഎ എൻ.രാജഗോപാലൻ നായരായിരുന്നു സമിതിയുടെ ആദ്യപ്രസിഡന്റ്. അതിനു ശേഷമാണ് പികെവി ചുമതല ഏറ്റെടുത്തത്. സമിതിയുടെ നാലാമത്തെ അധ്യക്ഷനാകും കാനം. സിപിഐയുടെ മറ്റു സ്ഥാപനങ്ങളുടെ ചുമതലക്കാരെ നിശ്ചയിച്ചിട്ടില്ല. ഇസ്മായിൽ രാജിവച്ചതും പകരക്കാരൻ ഇല്ലാത്തതും സ്ഥാപന നടത്തിപ്പിനെ ബാധിക്കാതിരിക്കാനാണ് അക്കാര്യം മാത്രം തീരുമാനിച്ചത്. അസി.സെക്രട്ടറി സ്ഥാനത്തേക്ക് താൻ ഇല്ലെന്നു തൊഴുതു പറഞ്ഞെങ്കിലും സമ്മതിക്കാതെയാണ് ഇ.ചന്ദ്രശേഖരനെ ആ പദവിയിലേക്ക് കാനം നിയോഗിച്ചത്.
കൊല്ലത്തു നിന്ന് ആർ.രാജേന്ദ്രനെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രകാശ് ബാബു എതിർത്തില്ലെങ്കിലും മുൻ ജില്ലാ സെക്രട്ടറി കൂടിയായ ആർ.രാമചന്ദ്രനാണ് യോഗ്യൻ എന്ന നിലപാടിലായിരുന്നു അദ്ദേഹം. രണ്ടു നേതാക്കളും തമ്മിൽ സംസ്ഥാന സമ്മേളന ഘട്ടത്തിൽ രൂപം കൊണ്ട അകൽച്ച തുടരുന്നതായാണ് സംസ്ഥാന കൗൺസിലിലെ ചർച്ച വ്യക്തമാക്കിയത്. ജില്ലകൾ, ഇതര സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പാർട്ടി ചുമതലക്കാരെ തീരുമാനിക്കാനായി നിർവാഹകസമിതി യോഗം 28ന് ചേരും.
മറുനാടന് മലയാളി ബ്യൂറോ