മല്ലപ്പള്ളി: മാത്യു കുഴൽനാടൻ എംഎൽഎ വസ്തു രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിയതിന് പിന്നാലെ നാടു മുഴുവൻ സിപിഎമ്മുകാരുടെ നികുതി വെട്ടിപ്പ് കുത്തിപ്പൊക്കുകയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ എല്ലാവരും സർക്കാർ നിശ്ചയിച്ചിരിക്കുന്ന ന്യായവിലയാകും അതിൽ കാണിക്കുക. എന്നാൽ, നൽകുന്ന തുക അതിന്റെ പതിന്മടങ്ങായിരിക്കും. ന്യായവില കാണിച്ച് രജിസ്റ്റർ ചെയ്യുന്നത് നിയമപ്രകാരമാണ് താനും. ഇതിൽ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാതിരിക്കേ, കുഴൽ നാടൻ വിഷയം വന്നതോടെ പല നേതാക്കളുടെയും രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ കുത്തിപ്പൊക്കി വിവാദമാക്കുകയാണ് അണികളും സെബർ സേനകളും.

അത്തരമൊരു കുത്തിപ്പൊക്കലാണ് ഇപ്പോൾ കുന്നന്താനത്ത് നടന്നിരിക്കുന്നത്. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗവും കുന്നന്താനം നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ എസ്വി സുബിൻ നികുതി വെട്ടിച്ചുവെന്നും അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകൻ അരുൺ ബാബു സിപിഎം ജില്ലാ സെക്രട്ടറി കെ്പി ഉദയഭാനുവിന് തുറന്ന കത്തയച്ചു. തുടർച്ചയായ മൂന്നു ടേമുകളിലായി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സുബിൻ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നാണ് അരുണിന്റെ ആരോപണം. ജനപ്രതിനിധി എന്ന നിലയിൽ അല്ലാതെ യാതൊരു വരുമാനവുമില്ലാതിരുന്ന സുബിൻ ചങ്ങനാശേരിയിൽ 70 ലക്ഷം രൂപയോളം വില വരുന്ന വീടും സ്ഥലവും വാങ്ങിയെന്നും അതിന് രജിസ്ട്രേഷൻ ഇനത്തിൽ 21 ലക്ഷം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നതെന്നും തുറന്ന കത്തിൽ പറയുന്നു.

കത്തിന്റെ പൂർണ രൂപം:

ബഹുമാനപെട്ട സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സമക്ഷം കുന്നന്താനം പഞ്ചായത്തിൽ ചേലക്കൽ വീട്ടിൽ അരുൺ ബാബു എഴുതുന്ന തുറന്ന കത്ത്

സഖാവെ,

ഞാൻ കുന്നന്താനം പഞ്ചായത്തിലെ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനാണ്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ സി എൻ മോഹനന്റെ ഇക്കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനം ആണ് എന്നെ ഇങ്ങനെ ഒരു കത്ത് എഴുതാൻ പ്രേരിപ്പിച്ചത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടനു എതിരെ ഒരു ആരോപണം ഉന്നയിച്ചത് താങ്കളുടെ ശ്രദ്ധയിൽ പെട്ട് കാണുമെന്ന് വിശ്വസിക്കുന്നു. 7 കോടി രൂപ വിപണി വിലയുള്ള വസ്തു ഒരു കൊടിയില്പരം രൂപ മാത്രം ആധാരത്തിൽ കാണിച്ച് രജിസ്റ്റർ ചെയ്തു. വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തതുകൊണ്ട് തന്നെ ആ വസ്തു രെജിസ്ട്രേഷനിൽ നിന്നും സർക്കാരിന് കിട്ടേണ്ട നികുതി മാത്യു കുഴൽനാടൻ മറച്ചു വെച്ചു എന്നുള്ളതാണ് ഗൗരവമേറിയ ആരോപണം. കുഴൽനാടൻ കള്ളപ്പണത്തിലൂടെ നേടിയതാണ് ഈ സ്വത്ത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

താങ്കൾ ജില്ലാ സെക്രട്ടറി ആയിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറിയും മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമായ എസ് വി സുബിൻ സമാനമായ കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്ന് തെളിവ് സഹിതം ഞാൻ താങ്കളെ ബോധിപ്പിക്കട്ടെ. 2022 സെപ്റ്റംബർ മാസം 24 ആം തീയതി ചങ്ങനാശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ പുഴവാത് മുറിയിൽ പെട്ട 2 .43 ആർ (6 സെന്റ്റ്) സ്ഥലവും 940 സ്‌കോയാർ ഫീറ്റ് വാർക്ക കെട്ടിടവും 2100000 / (ഇരുപത്തിയൊന്ന് ലക്ഷം രൂപ മാത്രം) രൂപയ്ക്ക് എസ് വി സുബിനും ഭാര്യയും ചങ്ങനാശേരി സബ്രജിസ്റ്റർ ഓഫീസിൽ തീറാധാരത്തിലൂടെ സ്വന്തമാക്കി. 6 സെന്റ്റ് സ്ഥലത്തിന് 1650000 / (പതിനാറുലക്ഷത്തി അൻപതിനായിരം രൂപ മാത്രം) രൂപയും 940 സ്‌കോയാർ ഫീറ്റ് കെട്ടിടത്തിന് 450000 / (നാല് ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) രൂപയും ആണ് ആധാരത്തിൽ വില കാട്ടിയിരിക്കുന്നത്. ചങ്ങനാശേരി പോലെ ഒരു വലിയ നഗരത്തിൽ വസ്തുവിന്റെ ഒരു എലിക മുൻസിപ്പാലിറ്റി റോഡ് ആണെന്നിരിക്കെ ആധാരത്തിൽ കാട്ടിയിരിക്കുന്ന വില തുലോം തുച്ഛമാണ്. കെട്ടിടത്തിന്റെ വിലയും കുറച്ചാണ് കാട്ടിയിരിക്കുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. ഇത് സർക്കാരിന് കിട്ടേണ്ട നികുതി ഒഴിവാക്കാൻ വേണ്ടിയാണെന്നതിന് സംശയമില്ല. ചങ്ങനാശേരി പട്ടണത്തിൽ ഇത്തരമൊരു സ്ഥലവും വീടും വാങ്ങണമെങ്കിൽ കുറഞ്ഞത് 60 70 ലക്ഷം (അറുപത് മുതൽ എഴുപത് ലക്ഷം രൂപ വരെ മാത്രം)രൂപയെങ്കിലും മതിപ്പുവില കൊടുക്കേണ്ടി വരും എന്നുള്ളതാണ് സത്യം.

ഇനി മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാം. 2005 മുതൽ 2010 വരെ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് 2010 മുതൽ 2015 വരെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത് അംഗം 2015 മുതൽ 2020 വരെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം. ഇത്രയുമാണ് എസ് വി സുബിൻ ഇതുവരെ ഭരണപരമായി അലങ്കരിച്ചിട്ടുള്ള പദവികൾ. ഈ പദവികൾ അലങ്കരിക്കുന്നതിനു മുൻപ് ഇത്രയും വലിയ പണമുണ്ടാക്കാൻ പറ്റുന്ന തൊഴിലുകൾ ഒന്നും ടിയാൻ ചെയ്തതായി അറിവില്ല.2020 ൽ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിഞ്ഞതിനു ശേഷം 2 വര്ഷം കഴിയുമ്പോൾ ചങ്ങനാശേരി പോലെ വലിയൊരു പട്ടണത്തിൽ 60 70 ലക്ഷം രൂപ വരെ വിലവരുന്ന വസ്തുവും വീടും സ്വന്തമാക്കണമെങ്കിൽ ഭരണപരമായ പദവികളിൽ ഇരുന്നു ടിയാൻ അഴിമതി ചെയ്തു എന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാൻ പറ്റും. അതല്ല എങ്കിൽ ടിയാൻ നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ പണ സമ്പാദനം നടത്തി എന്ന് ആർക്കെങ്കിലും അനുമാനിക്കേണ്ടി വന്നാലും കുറ്റം പറയാൻ പറ്റുമോ? ഇനി ആധാരത്തിൽ കാണിച്ചിരിക്കുന്ന 2100000/ രൂപ (ഇരുപത്തിയൊന്ന് ലക്ഷം രൂപ മാത്രം) ആണ് യഥാർത്ഥ വില എങ്കിൽ പോലും 2020 ൽ ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം 2 വർഷം കൊണ്ട് 2100000/ രൂപ (ഇരുപത്തിയൊന്ന് ലക്ഷം രൂപ മാത്രം) ഒരു ജോലിയുമില്ലാത്ത ഒരാളിന് എങ്ങനെ സ്വരൂപിക്കാൻ കഴിയും?

ആയതുകൊണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പാത പിന്തുടർന്നുകൊണ്ട് താങ്കളുടെ സഹപ്രവർത്തകനായ ടി ലോക്കൽ സെക്രട്ടറിയുടെ സാമ്പത്തിക സ്രോതസ്സുകളിൽ ഒരു പാർട്ടി തലത്തിലുള്ള അന്വേഷണമെങ്കിലും നടത്തി സമൂഹത്തിലും പാർട്ടിയിലും വിപ്ലവ നക്ഷത്രമായി ഉദിചുയർന്ന് നിൽക്കുന്ന കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറി എസ് വി സുബിന്റെ ഇക്കാര്യത്തിലുള്ള നിരപരാധിത്വം പാർട്ടി മുൻകൈ എടുത്ത് തെളിയിക്കണം എന്ന് അപേക്ഷിക്കുന്നു.