തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന പെട്ടിവിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിനെതിരെ നടപടി. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന 'നീലപ്പെട്ടി' വിവാദം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയതിനാണ് സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചത്. 'നീലപ്പെട്ടി' സംബന്ധിച്ച കൃഷ്ണദാസിന്റെ പരാമര്‍ശത്തിനെതിരെ ഡിസംബര്‍ 21ന് നടന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 'നീലപ്പെട്ടി' ദൂരേക്ക് വലിച്ചെറിയണമെന്ന കൃഷ്ണദാസിന്റെ പ്രസ്താവന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കിയെന്നായിരുന്നു ജില്ല സെക്രട്ടേറിയറ്റിലെ വിമര്‍ശനം. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റില്‍ എന്‍.എന്‍. കൃഷ്ണദാസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമര്‍ശനം.

ഉപതെരഞ്ഞെടുപ്പ് സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൃഷ്ണദാസ് നടത്തിയ വിവാദ പരാമര്‍ശത്തിലും ജില്ല സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 'ഇറച്ചിക്കടക്കു മുന്നില്‍ നില്‍ക്കുന്ന പട്ടികളെ'ന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും കൃഷ്ണദാസ് തിരുത്താന്‍ തയാറാവാതിരുന്നത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്ത് പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലേക്ക് ഷുക്കൂറുമായെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്‍.എന്‍. കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം.

സംഭവത്തില്‍ തുടക്കം മുതല്‍ സിപിഎമ്മില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിരുന്നു. കൃഷ്ണദാസിന്റെ തുറന്നു പറച്ചില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെന്നാണ് പാര്‍ട്ടിക്കകത്തെ പൊതുവികാരം. താന്‍ പറയുന്നതാണു പാര്‍ട്ടി നിലപാടെന്നു വിശദീകരിച്ചു ജില്ലാ സെക്രട്ടറി രംഗത്തെത്തിയത് പാലക്കാട്ട് സിപിഎമ്മില്‍ ഗ്രൂപ്പിസം ശക്തമാണന്ന സന്ദേശമാണു നല്‍കുന്നതെന്നും നേതാക്കന്‍മാര്‍ പറഞ്ഞിരുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ കൃഷ്ണദാസിനെ തുറന്നു പറച്ചിലിനു പിന്നില്‍ പാലക്കാട്ടെ സിപിഎമ്മില്‍ ഗ്രൂപ്പിസത്തിനും പങ്കുണ്ടെന്ന വികാരമാണു സംസ്ഥാന നേതാക്കളും വിലയിരുത്തിയ്. വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ജില്ലാ സെക്രട്ടറിക്ക് കാര്യങ്ങള്‍ പതിയെ മനസിയാക്കോളുമെന്നു കൃഷ്ണദാസ് പരസ്യമായി പറഞ്ഞതും ഈ ഗ്രൂപ്പിസത്തിന്റെ ഭാഗമാണന്നാണു പൊതുവികാരം. അതേസമയം ഹോട്ടല്‍ റെയ്ഡും പെട്ടിവിവാദങ്ങളും കൈകാര്യം ചെയ്തതില്‍ വീഴ്ചയണ്ടായെന്ന വികാരവും സംസ്ഥാനതലത്തിലെ നേതാക്കള്‍ക്ക് ഉണ്ടായരുന്നു.