കണ്ണൂർ: മുഖ്യമന്ത്രിയുടെ വീടിന് ഒരു കിലോമീറ്റർ അകലെ മാത്രമുള്ള പുത്തങ്കണ്ടത്തെ ആർ.എസ്.എസ് ഗ്രാമത്തിനെതിരെ വീണ്ടും സിപിഎം. പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുമ്പോൾ അദ്ദേഹത്തിന്റെ വീടിനു തൊട്ടടുത്തുള്ള പുത്തങ്കണ്ടത്ത് ക്രിമിനലുകളും ക്വട്ടേഷൻ സംഘങ്ങളും പിടിമുറുക്കുന്നുവെന്നാണ് സിപിഎം ആരോപണം.

ഇതു പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ചർച്ചയായിട്ടുണ്ട്. നേരത്തെ ഒന്നാം പിണറായി സർക്കാർ അധികാരത്തി വന്നപ്പോൾ കുത്തുപറമ്പിൽ നിന്നും വിഭജിച്ചു പിണറായി പൊലിസ് സ്റ്റേഷൻ സ്ഥാപിച്ചതും മുഖ്യമന്ത്രിയുടെ പാണ്ട്യാല മുക്കിലുള്ള വീടിന് ഒരു ജീപ്പ് പൊലിസ് വർഷങ്ങളായി കാവൽ നിൽക്കുന്നതും പുത്തങ്കണ്ടം ടീമിന്റെ ഭീഷനിയെ തുടർന്നാണെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ പിതൃ സഹോദരന്റെ മകൾ പ്രേമയുടെ മക്കളാണ് പുത്തങ്കണ്ടത്തെ ആർ.എസ്.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശ്യാംജിത്തും പ്രേംജിത്തും സിപിഎമ്മുകാരാൽ കൊല്ലപ്പെട്ട പിണറായി വിജയന്റെ മുൻ അംഗരക്ഷകൻ ബാബുവിന്റെ മക്കൾ കൂടിയാണ്. സി.എംപി യിൽ പോയതിനാണ് തലശേരി തിരുവങ്ങാട് നിന്നും കൊല്ലപ്പെടുന്നത്. അൻപതോളം വീടുകളുള്ള പുത്തങ്കണ്ടം പൂർണമായും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പാർട്ടി ഗ്രാമമാണ്.

സിപിഎമ്മിന്റെ കൊടും കോട്ടയായ പിണറായി പഞ്ചായത്തിലെ ഈ കാവി തുരുത്ത് സിപിഎമ്മിന് തീരാ തല വേദനയായാണ്. നിരവധി തവണ പുത്തൻ ങ്കണ്ടം കേന്ദ്രീകരിച്ചു ബോംബാക്രമണങ്ങൾ നടന്നിട്ടുണ്ട്. ബോംബേറിൽ പുത്തങ്കണ്ടം സഹോദരങ്ങളിലൊരാളായ പ്രേംജിത്തിന്റെ ഒരു കൈ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ആർ.എസ്.എസ് പ്രവർത്തനത്തിന് ഉപരിയായി പുത്തങ്കണ്ടത്തെ യുവാക്കൾ ക്വട്ടേഷൻ - ബ്‌ളേഡ് മാഫിയ സംഘമായി മാറി നാട്ടിന്റെ സൈര്യ ജീവിതം തകർക്കുന്നുവെന്നാണ് സിപിഎം ആരോപണം.

പുത്തങ്കണ്ടം ക്വട്ടേഷൻ സംഘത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പിണറായി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ നടക്കുന്ന മിക്ക അക്രമങ്ങൾക്ക് പിന്നിലും ആർ എസ് എസിന്റെ പുത്തങ്കണ്ടം ക്വട്ടേഷൻ സംഘത്തിന്റെ കൈയുണ്ട്. മൃഗങ്ങൾ പോലും തോൽക്കുന്ന കിരാതമായ ആക്രമണങ്ങളാണ് ഈ സംഘപരിവാർ ക്വട്ടേഷൻ സംഘം ജില്ലയിലാകെ നടത്തുന്നത്. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടു പോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി ഏത് തരത്തിലുള്ള അക്രമങ്ങൾ നടത്താനും ഇവർക്ക് മടിയില്ല. വർഷങ്ങളായി പിണറായി പഞ്ചായത്തിലെ പുത്തങ്കണ്ടം വെണ്ടുട്ടായി ഭാഗങ്ങളിൽ 40 അംഗ ക്വട്ടേഷൻ സംഘമാണ് ആക്രമങ്ങൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.

സാംസ്‌കാരിക നിലയങ്ങളും വായനശാലകളും തകർക്കൽ, രാഷ്ട്രീയ എതിരാളികളുടെ വീടുകൾ ആക്രമിക്കൽ തുടങ്ങിയവ പതിവാണ്. ആർ എസ് എസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് ജില്ലയിലെ സമാധാനം തകർക്കുന്ന ആക്രമണം പ്രാദേശിക ക്രിമിനലുകൾ നടത്തുന്നതെന്ന് വ്യക്തമാണ്. 2015 ഫെബ്രുവരി രണ്ടിന് പുലർച്ചെ അഞ്ചിന് വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തലവൻ പ്രനൂബിന്റെ നേതൃത്വത്തിൽ ആർ എസ് എസുകാർ സിപിഎം ബ്രാഞ്ച് സെക്രട്ടറി ശൈജന്റെ വീടിനു ബോംബെറിഞ്ഞു. അക്രമത്തിൽ മാതാവ് സരോജിനിയമ്മയ്ക്കും ഭർത്താവ് അച്യുതനും പരിക്കേറ്റു. ബോംബേറിൽ പരിക്കേറ്റ സരോജിനിയമ്മ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

2016 മെയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനദിവസം പിണറായിയിൽ എൽഡിഎഫ് ആഹ്‌ളാദപ്രകടനത്തിനുനേരെ ബോംബെറിഞ്ഞും വാഹനം കയറ്റിയും സിപിഎം പ്രവർത്തകൻ സി വി രവീന്ദ്രനെ കൊലപ്പെടുത്തി. പിണറായി വാളാങ്കി ചാലിലെ കള്ള് ഷാപ്പ് ജീവനക്കാരനായ കെ മോഹനനെ നവരാത്രി ദിനത്തിൽ ഷാപ്പിൽ കയറി വെട്ടി കൊലപ്പെടുത്തി. തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പിടിയിലായതും ഇവർ തന്നെയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കൽപറ്റയിൽ പട്ടാപകൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച ചെയ്ത സംഭവത്തിൽ പ്രതികളായ കേളാലൂർ കുളിച്ചാൽ വിട്ടിൽ നിധിൻ (33), എരുവട്ടി സ്വദേശിയായ സീമ നിവാസിൽ എ വി ദേവദാസ് (46) എന്നിവരെ പിണറായി പുത്തങ്കണ്ടത്തിൽ നിന്നും പിടികൂടിയത്. വർഗീയ കലാപം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ക്വട്ടേഷൻ സംഘം നടത്തിയ പറമ്പായി പള്ളി ആക്രമണത്തിലും കൊലവിളിയിലും നിധിൻ പ്രതിയാണ്. ഈ കേസിൽ പുത്തംകണ്ടം ക്വട്ടേഷൻ സംഘത്തിലെ പ്രനൂപ് ബാബു, ശരത്, ഷിനോജ് എന്ന മുരുകൻ, സി കെ സജേഷ് എന്നിവരും പ്രതികളാണ്.

ഇവരെ കൂടി ഉടൻ പിടികൂടാനും ക്വട്ടേഷൻ സംഘത്തെ നിലക്ക് നിർത്താനാവശ്യാമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും സിപി എം ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിയും നാട്ടുകാരനായ മുഖ്യമന്ത്രിയും സംസ്ഥാന പൊലിസിനെ ഭരിക്കുമ്പോൾ സിപിഎം ഏരിയാ കമ്മിറ്റി തന്നെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് പരാജയമാണെന്നു സമ്മതിക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.