കണ്ണൂര്‍: സി.പി. എം ബ്രാഞ്ച് സമ്മേളനങ്ങള്‍ പാര്‍ട്ടി ശക്തി കേന്ദ്രമായ കണ്ണൂരില്‍ തുടങ്ങിയപ്പോള്‍ കണ്ണൂരില്‍ ഉയര്‍ന്നത് ഇ.പി ജയരാജനെ എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തതില്‍ ചൂടേറിയ ചര്‍ച്ച നടന്നു. ഇ.പിക്കെതിരെയുളള പാര്‍ട്ടി നടപടി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷമുളള പിറ്റേ ദിവസം തന്നെ എടുക്കണമെന്നായിരുന്നു ബ്രാഞ്ച് അംഗങ്ങളില്‍ പലരുടെയും വിമര്‍ശനം. എന്നാല്‍ ഇ.പിക്കെതിരെയുളള നടപടിയെ അനുകൂലിക്കുന്നതിനൊപ്പം മറ്റു ചില നേതാക്കളും മുതലാളിത്വ ശക്തികളുമായി ബന്ധംപുലര്‍ത്തുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇ.പിയെ അനുകൂലിച്ചു കൊണ്ടു വളരെ കുറച്ചു പേര്‍ മാത്രമാണ് ചര്‍ച്ചയില്‍ സംസാരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് മിക്കവാറും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയര്‍ന്നത്്. മുഖ്യമന്ത്രി പിണറായി ഏകാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനെ ദുര്‍ബലമാക്കുന്നുവെന്ന ആരോപണവും ബ്രാഞ്ച് സമ്മേളനങ്ങളില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇടതുസര്‍ക്കാരിന്റെ ഭരണപരാജയവും ക്ഷേമപെന്‍ഷന്‍ കുടിശികയായതും പ്രാദേശികവിഷയങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായി.

പാര്‍ട്ടി നടപ്പിലാക്കുന്ന തെറ്റുതിരുത്തല്‍ രേഖ ഫലപ്രദമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പരാജയമാണെന്ന വിമര്‍ശനം അദ്ദേഹത്തിന്റെ മണ്ഡലമായ തളിപറമ്പില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 4394 ബ്രാഞ്ചുകളില്‍ 211 ബ്രാഞ്ച് സമ്മേളനങ്ങളാണ് സെപ്തംബര്‍ ഒന്നിന് നടന്നത്. ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. രാവിലെ പതാക ഉയര്‍ത്തിയും പതാകഗാനം ആലപിച്ചുമാണ് സമ്മേളനനടപടികള്‍ക്ക് തുടക്കം കുറിച്ചത്.

സമ്മേളനസമാപനം ഇന്റര്‍നാഷണല്‍ ഗാനത്തോടുകൂടിയായിരുന്നു. എല്ലാ ബ്രാഞ്ചുകളും പൊതുഇടങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി ശുചീകരിച്ചു. സമ്മേളനം നടന്ന സ്ഥലങ്ങളില്‍ അനുഭാവികളുടെ യോഗങ്ങളും ഇക്കുറി നടത്തുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ വിമര്‍ശന സ്വയംവിമര്‍ശനാടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് മേല്‍കമ്മിറ്റി പ്രതിനിധികള്‍ മറുപടി പറഞ്ഞു.
ബ്രാഞ്ച് പരിധിയിലെ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും വളര്‍ച്ചയ്ക്ക് സഹായകമായ ഭാവി കടമകള്‍ അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം പിരിഞ്ഞത്.

ലോക്കല്‍ സമ്മേളന പ്രതിനിധികളെയും പുതിയ ബ്രാഞ്ച് സെക്രട്ടറിമാരെയും സമ്മേളനം തെരഞ്ഞെടുത്തു സെപ്തംബര്‍ രണ്ടിന് കണ്ണൂര്‍ ജില്ലയില്‍ 200 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. സിപി എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ഒക്ടോബര്‍ മാസം ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. കൊല്ലത്താണ് ഇക്കുറി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുക. ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.സി.പി. എമ്മിന്റെ ചരിത്രഗതിയെ തന്നെ നിര്‍ണായകമായ സമ്മേളനങ്ങളാണ് നടന്നുവരുന്നത്.