- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിപുരയിൽ മാത്രമല്ല പത്തനംതിട്ടയിലും കോൺഗ്രസ്-സിപിഎം സഖ്യം! തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് അനുകൂലിക്കും; കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി ഡിസിസി പ്രസിഡന്റ്; ഡിസിസി പ്രസിഡന്റിന്റേത് ഇരട്ടത്താപ്പെന്ന ആരോപണവും പാർട്ടിക്കുള്ളിൽ
പത്തനംതിട്ട: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം-കോൺഗ്രസ് സഖ്യം കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. ഇതേ മോഡൽ ഭരണത്തിന് ഒരുങ്ങുകയാണ് പത്തനംതിട്ടയിലെ സിപിഎം-കോൺഗ്രസ് സഖ്യം. പക്ഷേ, അതൊരു പഞ്ചായത്ത് ഭരണം പിടിക്കാൻ വേണ്ടിയാണെന്ന് മാത്രം. മാരാമൺ കൺവൻഷന് ആതിഥ്യമരുളുന്ന തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ഇരുകൂട്ടരും സംയുക്ത നീക്കം നടത്തുന്നത്. ഭരണ സമിതിക്കെതിരേ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് കൊടുത്തിരിക്കുകയാണ് ഡിസിസി പ്രസിഡന്റ്.
തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിമതനും വൈസ് പ്രസിഡന്റ് കോൺഗ്രസ് വിമതയുമാണ്. കോൺഗ്രസ്-ബിജെപി സഖ്യത്തിലാണ് ഇവർ അധികാരത്തിലേറിയത്. രണ്ടര വർഷം കഴിയുമ്പോൾ ഒഴിഞ്ഞ് കോൺഗ്രസുകാരനെ പ്രസിഡന്റാക്കാമെന്ന ധാരണ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ സിപിഎം കൊണ്ടു വന്ന അവിശ്വാസത്തിന് അനുകൂലമായി ചിന്തിക്കാൻ കോൺഗ്രസ് തയാറായിക്കുന്നത് എന്നാണ് ആരോപണം.
ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. സ്വതന്ത്രരും റിബലും ഒക്കെ ചേർന്നാണ് ഭരണം. 13 അംഗ പഞ്ചായത്തിൽ എൽഡിഎഫ്-5, കോൺഗ്രസ്- 3, ബിജെപി-3, സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ രണ്ട് സ്വതന്ത്രാംഗങ്ങളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. തുടക്കത്തിൽ കോൺഗ്രസ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപി ആണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സഹായിക്കുന്നത്.ഇടത് പക്ഷത്തിനാകട്ടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയും. ഇവർ ആദ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും കോൺഗ്രസും ബിജെപിയും മാറി നിന്നു. പ്രമേയം പരാജയപ്പെടുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം നാളെ പരിഗണിക്കും. രാവിലെ 10. 30 ന് പ്രസിഡന്റി നും ഉച്ചയ്ക്ക് 12.30 ന് വൈസ് പ്രസിഡന്റിനും എതിരേയുള്ള പ്രമേയം ചർച്ചക്കെടുക്കുവാൻ വരണാധികാരിയായ കോയിപ്പുറം ബിഡിഓ അംഗങ്ങൾക്ക് നോട്ടീസ് നൽകി. ബിജെ പി യി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവും പാടില്ലെന്ന കെപിസിസി നിലപാട് പാലിച്ച് പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാൻ് ഡിസിസി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി. ഇതോടെ അവിശ്വാസം പാസാകുമെന്ന നിലയിലാണ് കാര്യങ്ങൾ. എന്നാൽ ചിലർ നിലവിലെ ഭരണത്തെ സഹായിക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടെന്നും പറയുന്നു.
പ്രമേയം പാസായി പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായാൽ അടുത്ത പ്രസിഡന്റാകാൻ സിപിഎമ്മും കോൺഗ്രസും തമ്മിൽ അടിക്കും. സിപിഎമ്മിൽ നിന്ന് കോയിപ്രം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാറും കോൺഗ്രസിൽ നിന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായരുമാണ് പ്രസിഡന്റാകാൻ ഒരുങ്ങുന്നത്. ആദ്യം ഭരണം താഴെപ്പോകട്ടെ പിന്നീട് പ്രസിഡന്റിന്റെ കാര്യം തീരുമാനിക്കാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതിന് മുൻപ് ഒരു തവണ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എൽഡിഎഫ് അവിശ്വാസം കൊണ്ടു വന്നിരുന്നു. പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കാൻ അന്ന് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപി യുമായുള്ള പരോക്ഷ ബന്ധം പോലും ദോഷം ചെയ്യുമെന്ന നേതൃത്വത്തിന്റെ നിലപാടാണ് അവിശ്വാസത്തെ ആനുകൂലിക്കാൻ ഇപ്പൊൾ വിപ്പ് നൽകിയതിന് പിന്നിലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതല്ല, നിലവിലെ ഡിസിസി പ്രസിഡന്റിന് കീഴിൽ ജില്ലയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും കോൺഗ്രസിന് ഭരണം പോയിരുന്നുവെന്നും ഒരെണ്ണമെങ്കിലും തിരിച്ചു പിടിച്ച് മേനി നടിക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.
അവിശ്വാസത്തെ അനുകൂലിക്കുമെങ്കിലും തുടർന്ന് വരുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അവിശ്വാസം വിജയിച്ചാൽ സാഹചര്യം അനുസരിച്ച് നിലപാടെടുക്കാനാണ് ഇടത് വലത് മുന്നണികളുടെ തീരുമാനം.എല്ലാവർക്കും പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതികളുടെ കാലത്തും തോട്ടപ്പുഴശേരിയിൽ നിരവധി തവണ ഭരണ മാറ്റം ഉണ്ടായിട്ടുണ്ട്.
അതേ സമയം, എൽ.ഡിഎഫിന്റെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ വിപ്പ് നൽകിയ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെതിരേ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നുണ്ട്. മല്ലപ്പള്ളി കാർഷിക വികസന ബാങ്കിന്റെ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന പ്രസിഡന്റ് ഡോ. സജി ചാക്കോ സിപിഎമ്മുമായി ധാരണയുണ്ടാക്കിയത്. ഇതേ രീതി അടൂരിൽ മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജുവും പിന്തുടർന്നിരുന്നു. ഡോ. സജി ചാക്കോയെ ആറു വർഷത്തേക്ക് കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. ഏഴംകുളം അജുവിനെ സസ്പെൻഡ് ചെയ്തുവെങ്കിലും തിരിച്ചെടുത്തു. തോട്ടപ്പുഴശേരിയിലും മല്ലപ്പള്ളിയിലും പ്രസിഡന്റ് കാണിച്ച ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്