- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്ളക്സിന് പിന്നിൽ വലതുപക്ഷ ഗൂഢാലോചന; പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു ശ്രമം; അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും; ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്; വിവാദ ഫ്ള്കസിനെ തള്ളി പി ജയരാജൻ
കണ്ണൂർ: തന്നെ അനുകൂലിച്ച് കണ്ണൂരിൽ കപ്പക്കടവിൽ ഉയർന്ന ഫ്ളക്സിനെ തള്ളി സിപിഎം നേതാവ് പി ജയരാജൻ. ഫ്ളക്സ് നീക്കം ചെയ്യുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ തന്നെ അനുകൂലിച്ച് ഫ്ളക്സ് വച്ചത് വലതുപക്ഷ ഗൂഢാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ ഭിന്നതയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഫ്ളക്സ് നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രവർത്തകർ ജാഗ്രത കാട്ടണം. ഇന്നലെയാണ് പി ജയരാജനായി അഴീക്കോട് ഫ്ളക്സ് ഉയർന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത! പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകർ തമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കും എത്തിയത്. അഴീക്കോട് കാപ്പിൽ പീടികയിൽ പി. ജയരാജ അനുകൂലികൾ ബോർഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണമെന്നും ഒന്ന് വർഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിരുന്നു.
ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികൾ ഉയർത്തുന്നത്.സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആർ.പി.സി ചെയർമാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോർഡുയർന്നത്. നിരവധിതവണ സി.പി. എമ്മിൽ ഒതുക്കപ്പെട്ട പി.ജയരാജൻ അനുകൂലസാഹചര്യം ലഭിച്ചപ്പോൾ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഇ.പി ജയരാജനെതിരെ അദ്ദേഹം തൊടുത്തുവിട്ട ആരോപണ ശരങ്ങൾ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും ജയരാജൻ പഴയ വീര്യത്തോടെ പോരാടാനിറങ്ങിയത് അദ്ദേഹത്തിന്റെ ആരാധകരായ പ്രവർത്തകരെ ആവേശഭരിതമാക്കിയിട്ടുണ്ട്. ഒരുകാലത്ത് കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്കായിരുന്നു പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുകാലത്തെ അതീവവിശ്വസ്തരിൽ ഒരാളായ ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് പി.ജെയെ ചവിട്ടി താഴ്ത്തിയതെന്ന അതൃപ്തി പി.ജെ ആർമിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമുണ്ട്. പാർട്ടിയിലെ സാഹചര്യം മാറുകയും ഇ.പിയുടെ പിടി അയയുകയും ചെയ്തതോടെയാണ് പി.ജെ പിടിമുറുക്കുന്നത്. കോടിയേരിയുടെ മരണത്തെ തുടർന്ന് എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതും പാർട്ടിയിൽ തലമുറമാറ്റം നടപ്പിലാക്കിയതും ഇ.പി ജയരാജന് വിനയായത്.
പി.ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്ത് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുകളിൽ ജനകീയ അംഗീകാരം നേടിയത് മറ്റു നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് പി.ജയരാജനെതിരെ ആദ്യ നടപടിയുണ്ടായത്. പാർട്ടിക്ക് മുകളിലേക്ക് ചായുന്ന നേതാവിനെതിരെ അന്ന് വ്യക്തിപൂജയെന്ന കുറ്റമാരോപിച്ചായിരുന്നു നടപടി. പരസ്യതാക്കീത് ചെയ്താണ് അന്നത്തെ നടപടി അവസാനിപ്പിച്ചത്. തുടർന്ന് വടകര മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ അവസരം നൽകി പി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് വടകരയിൽ പി.ജയരാജൻ ജയം ഉറപ്പിച്ചതിനാലാണെന്നായിരുന്നു അന്നു പാർട്ടി നേതൃത്വം അണികൾക്കു നൽകിയ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ