പയ്യന്നൂർ: കണ്ണൂരിൽ സി.പി. എമ്മിനെ വെട്ടിലാക്കി സി.പി. എമ്മിൽ ഫോൺഭീഷണി വിവാദം പുകയുന്നു. പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ ജനകീയ സമരത്തിനെ ഭയന്ന് പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഗൃഹസന്ദർശന പരിപാടി ഒഴിവാക്കി മുങ്ങിയെന്നു സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ്പരിസ്ഥിതി പ്രവർത്തകനെ സി.പി. എം ലോക്കൽ സെക്രട്ടറി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

എന്നാൽ ഈ ഭീഷണി സന്ദേശം സ്വയം പ്രചോദിതനായല്ല ജില്ലയിലെ പ്രമുഖ നേതാക്കൾ അറിഞ്ഞാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വാട്സ് ആപ്പ്സന്ദേശം പ്രചരിപ്പിക്കുന്നതിനു പിന്നിൽ പയ്യന്നൂർ പാർട്ടിയിലെ ഗ്രൂപ്പ് പോരാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സംഭവത്തെ കുറിച്ചു പാർട്ടിപ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടായതിനെ തുടർന്ന് ജില്ലാനേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

സി. പി. എം ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയനാണ് പരിസ്ഥിതി പ്രവർത്തകനായ ജോബി പീറ്ററെ ഇങ്ങനെയാണെങ്കിൽ കാര്യങ്ങൾ നല്ലരീതിയിൽ പോവില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം ഭീഷണി പ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസമായ തളിപറമ്പ് മണ്ഡലത്തിലെ ആലപ്പടമ്പിലെ മത്സ്യസംസ്‌കരണ യൂനിറ്റിനെതിരെ നാട്ടുകാരും പ്രദേശവാസികളും സമരത്തിലാണ്.

ഈ സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പയ്യന്നൂർ മണ്ഡലം എംഎൽഎ സി. പി. എംസംസ്ഥാന വ്യാപകമായി നടത്തിവരുന്നഗൃഹസന്ദർശനപരിപാടി ഒഴിവാക്കിയെന്നു പയ്യന്നൂർ ഭാഗത്തെ ഒരു ഓൺലൈന്മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. ഈ വാർത്തയുടെ ലിങ്ക് ജോബി ഒരു വാട്സ ആപ്പ് കൂട്ടായ്മയിൽ ഷെയർ ചെയ്തതാണ് ലോക്കൽ സെക്രട്ടറിയെ പ്രകോപിച്ചത്.

ഇതേ തുടർന്ന് ജോബിയെ വിജയൻ ഇങ്ങനെയാണെങ്കിൽ കാര്യങ്ങൾ നല്ലരീതിയിൽ പോവുകയില്ലെന്നും എംഎൽഎ ഗൃഹസന്ദർശനപരിപാടിയിൽ പങ്കെടുത്തില്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു ചോദിക്കുകയായിരുന്നു. പോസ്റ്റു പിൻവലിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമായി മാറുമെന്നു ഭീഷണിയും ഉയർത്തുന്നുണ്ട്. ആലപ്പടമ്പിലെ മത്സ്യസംസ്‌കരണ യൂനിറ്റിനെതിരെ സമരം ചെയ്തതിന്റെ പേരിൽ തനിക്കു മാത്രമല്ല മറ്റുപലർക്കും ഭീഷണിയുണ്ടെന്നു ജോബി പീറ്റർ പ്രതികരിച്ചു.

സി. പി. എം ലോക്കൽസെക്രട്ടറിയുടെ ഫോൺ ഭീഷണി ചോർന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തനിക്കു ലഭിച്ച വാർത്തയുടെ ലിങ്ക് മാത്രമാണ് താൻ പ്രാദേശിക വാട്സ് ആപ്പ് കൂട്ടായ്മയിൽ ഷെയർ ചെയ്തതെന്നു ജോബി പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പതിവു ശൈലിയിൽ ഏകപക്ഷീയമായി തട്ടിക്കയറുകയാണ് ലോക്കൽ സെക്രട്ടറിയായ വിജയൻ ചെയ്യുന്നതെന്നാണ് ശബ്ദസന്ദേശത്തിൽ വ്യക്തമാകുന്നത്.