പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം എൻ ഹരിദാസിനെതിരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂണിയൻ രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിന്മേലാണ് നടപടി. ഇന്ന് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയാണ് ഹരിദാസിനെ സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

ഹരിദാസിനെതിരെ മാസങ്ങൾക്ക് മുൻപാണ് പരാതി ഉയർന്നത്. ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഹരിദാസ്. യൂണിയനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ത്രീയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഇവർക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയക്കുകയായിരുന്നു.

തുടർന്ന് ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഹരിദാസിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എന്നാൽ ആരോഗ്യകരമായ കാരണങ്ങൾകൊണ്ട് മാറിനിൽക്കുന്നതാണ് എന്നാണ് ഹരിദാസ് പറഞ്ഞത്.

കൂടാതെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിനും പരാതി നൽകിയിരുന്നു. തെളിവുകൾ പരിശോധിച്ച് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് ഹരിദാസനെതിരെ നടപടിയെടുത്തത്.