കണ്ണൂർ:കണ്ണൂർ ജില്ലയിലെ തലമുതിർന്ന സിപിഎം നേതാവ് ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ ചൊല്ലി സി.പി. എമ്മും ബിജെപിയും തമ്മിൽ പോര് ശക്തമാകുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ സി.പി. എം നേതാവും ജില്ലാനേതൃത്വത്തിൽ പ്രവർത്തിക്കുന്നയാളുമായ കെ. എം. ജോസഫ് ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുമായി രഹസ്യചർച്ച നടത്തിയെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് ഇരുപാർട്ടികളും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്.

ഇതുവാർത്തയാക്കിയ ഒരു ഓൺ ലൈന്മാധ്യമത്തനെതിരെ കെ. എം ജോസഫ് രംഗത്തുവരികയും കുടിയാന്മല പൊലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതോടെ പ്രതിരോധത്തിലായബിജെപി നേതൃത്വം അബ്ദുള്ളക്കുട്ടിയുമായി കെ. എംജോസഫ് ചർച്ച നടത്തുന്ന ഫോട്ടോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.

കഴിഞ്ഞ ജൂലായ് അവസാനവാരം എ.പി അബ്ദുള്ളക്കുട്ടിയുടെ പള്ളിക്കുന്നില വസതിയിലാണ് കെ. എം ജോസഫെത്തി രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. ആലക്കോട് മണ്ഡലത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി സംസ്ഥാനകമ്മിറ്റിയംഗം എ.പി ഗംഗാധരൻ, ബി.ജെ. പി ആലക്കോട് മണ്ഡലം പ്രസിഡന്റ് റോയി, ജനറൽ സെക്രട്ടറി ജയലാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രഹസ്യകൂടിക്കാഴ്‌ച്ച കെ. എംജോസഫ് നടത്തിയതെന്നാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.

ഓഗസ്റ്റ്പതിനഞ്ചിന് നടുവിൽ മണ്ടളത്ത് പൊതുയോഗം നടത്തി കെ. എം ജോസഫ് ബിജെപിയിൽ ചേരുന്നത് പ്രഖ്യാപിക്കാനായിരുന്നു രഹസ്യധാരണ. എന്നാൽ ബിജെപി രഹസ്യമാക്കി വെച്ച ഈക്കാര്യം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ചോരുകയായിരുന്നുവത്രേ. ഇതോടെ ഓഗസ്റ്റ്പതിനഞ്ചിന് സ്വാതന്ത്ര്യദിനത്തിൽ കുടിയാന്മല സി.പി. എം ഓഫീസിൽപതാക ഉയർത്തി കെ. എം ജോസഫ് എല്ലാ അഭ്യൂഹങ്ങളും കാറ്റിൽ പറത്തി താൻ സി.പി. എമ്മിൽ തന്നെ തുടരുമെന്ന് തെളിയിക്കുകയായിരുന്നുവത്രെ. ഇതിനുശേഷമാണ് ഓൺ ലൈൻ മാധ്യമത്തിൽ വാർത്തവരികയും ഇതിനെതിരെ കെ. എം ജോസഫ് നിയമനടപടി സ്വീകരിക്കുകയും ചെയ്തത്.

ഇതോടെയാണ് ബിജെപി നേതൃത്വം അബ്ദുള്ളക്കുട്ടിയുമായി കെ. എം ജോസഫ് ചർച്ച നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നത്. ഇതു രാഷ്ട്രീയ വിവാദമായി മാറിയതോടെ യു.ഡി. എഫും ഏറ്റുപിടിക്കുകയായിരുന്നു. കെ. എം ജോസഫ് എന്തിനാണ് അബ്ദുള്ളക്കുട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതെന്നതിന്റെ വിവരങ്ങൾ പുറത്തുവിടാൻ സി.പി. എം നേതൃത്വം തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി. എൻ. എ ഖാദർ ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ട്.