- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി വയനാട്ടിലെ സി.പി.എം നേതാവ്
'മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി'
കല്‍പറ്റ: വയനാട്ടില്‍ അവഹേളന പ്രസ്താവനയുമായി സി.പി.എം ജില്ല കമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന്‍. പനമരത്ത് നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. പനമരത്ത് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി എന്നായിരുന്നു വിവാദ പരാമര്‍ശം.
''പനമരത്ത് യു.ഡി.എഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ലീഗിനെ കോണ്‍ഗ്രസ് കാലുവാരി. ആദ്യമായി മുസ്‌ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കൈയും കെട്ടിനിന്ന് മറുപടി പറയേണ്ടി വരും. കേസുണ്ടാക്കിയ അഷ്‌റഫ് എന്ന പൊലീസുകാരനോട് വേറെ ഒന്നും പറയാനില്ല. ഞങ്ങള്‍ ഇഷ്ടം പോലെ കേസില്‍ പ്രതിയായതാണ്. വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട.''-എന്നായിരുന്നു പ്രസംഗം. പനമരത്ത് സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പ്രഭാകരന്റെ വിവാദ പരാമര്‍ശം.
പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു സി.പി.എം നേതാവ്. ജനറല്‍ വിഭാഗത്തിലെ വനിത സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.ടി വിഭാഗത്തില്‍ നിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്‌ലിം ലീഗ് തിരഞ്ഞെടുത്തത്.
യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിലാണ് എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ പുറത്തായത്. പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകളാണ് യു.ഡി.എഫ് പരിഗണനയില്‍ ഉണ്ടായിരുന്നത്. ഭിന്നതയെ തുടര്‍ന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നില്ല. തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെട്ട് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു.