പത്തനംതിട്ട: പാര്‍ട്ടി ഓഫീസിന് ഭൂമി വാങ്ങിയതിലെ ക്രമക്കേടിന്റെ പേരില്‍ സ്ഥാനത്ത് നിന്ന് നീക്കുക. തൊട്ടടുത്ത് നടന്ന ലോക്കല്‍ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറി സ്ഥാനത്ത് നിയമിക്കുക. സിപിഎമ്മില്‍ നടക്കുന്ന മറിമായങ്ങള്‍ കണ്ട് കണ്ണുംതള്ളി നില്‍ക്കുകയാണ് വടശേരിക്കരയിലെ സഖാക്കള്‍.

ആരോപണങ്ങളെ തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ബഞ്ചമിന്‍ ജോസ് ജേക്കബാണ് കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി നിയമിതനായത്. പാര്‍ട്ടി ഏരിയ കമ്മറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ നിലനില്‍ക്കുമ്പോഴാണ് ആരോപണ വിധേയന്‍ വീണ്ടും ലോക്കല്‍ സെക്രട്ടറിയായിരിക്കുന്നത്.

റാന്നി ഏരിയാ കമ്മറ്റിക്ക് കീഴില്‍ വടശേരിക്കര ലോക്കല്‍ കമ്മറ്റി ഓഫീസിന് വേണ്ടി വാങ്ങാന്‍ അനുമതി നല്‍കിയതിലധികം സ്ഥലം വിലയ്ക്കു വാങ്ങാന്‍ കരാറുണ്ടാക്കുകയും ഉടമയ്ക്ക് പണം യഥാസമയം നല്‍കാതെ വരികയും ചെയ്തതാണ് പരാതിക്ക് ഇടയാക്കിയത്. ലോക്കല്‍ കമ്മറ്റിയംഗം നല്‍കിയ പരാതിയില്‍ ഏരിയാ കമ്മറ്റി നിയോഗിച്ച രണ്ടംഗ കമ്മിഷന്‍ അന്വേഷണം നടത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബഞ്ചമിനെ നീക്കിയത്. പഞ്ചായത്തംഗം കെ.കെ. രാജീവിനാണ് പിന്നീട് സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നത്. പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ മൂന്നംഗ കമ്മിഷനെയും നിയോഗിച്ചിരുന്നു. പിന്നാലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചതിനാല്‍ തുടരന്വേഷണം ഉണ്ടായില്ല.

വടശേരിക്കര ലോക്കല്‍ സമ്മേളനത്തില്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ പാനല്‍ തയാറാക്കാന്‍ നിലവിലെ കമ്മറ്റി കൂടിയപ്പോള്‍ തന്നെ എതിര്‍പ്പുയര്‍ന്നു. വനിത പഞ്ചായത്തംഗത്തിന് പുറമേ സിഗ്ലി ദാനിയല്‍, ഷിജു കുമ്പളാംപൊയ്ക, ചന്ദ്രന്‍പിള്ള എന്നിവര്‍ പ്രതിഷേധം ഉയര്‍ത്തി. പഞ്ചായത്തംഗം ഒഴികെയുള്ളവര്‍ കമ്മറ്റി ബഹിഷ്‌കരിച്ചു.

ഏരിയ കമ്മറ്റി അംഗങ്ങള്‍ ഇടപെട്ട് അവരെ അനുനയിപ്പിച്ച് തിരികെ എത്തിച്ചു. ഇറങ്ങിപ്പോയ മൂവരും ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണം എന്ന് അറിയിച്ചു. ഇവരെ ഒഴിവാക്കി രണ്ടു സ്ഥാനങ്ങള്‍ ഒഴിച്ചിട്ട് 15 അംഗങ്ങളുടെ പാനലാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയില്‍ ബഞ്ചമിന്റെ പേര് മാത്രമാണ് സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്.