- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ വിമർശനം; അച്ചു ഉമ്മനുനേരെയുള്ള സൈബർ ആക്രമണം അതിരുവിട്ടെന്ന് വിലയിരുത്തൽ; സർക്കാർ- പാർട്ടി ഏകോപനം ശക്തമാക്കും; മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു മുഖംമിനുക്കൽ നടപടികളിലേക്ക് സിപിഎം. പാർട്ടിയും സർക്കാറും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടങ്ങി. സൈബറിടങ്ങളിൽ സജീവമാകുന്നതിന് ഒപ്പം തന്നെ നിയന്ത്രണം വേണമെന്നുള്ള ആവശ്യവും പാർട്ടി ഉയർത്തുന്നു. പുതുപ്പുള്ളി തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സിപിഎം പുനിർവിചിന്തനം നടത്തുന്നത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ ലക്ഷ്യമിട്ട് സൈബർ ഗ്രൂപ്പുകളിൽനടന്ന പ്രചാരണം അതിരുവിട്ടെന്ന് സിപിഎം. വിലയിരുത്തൽ. അതിന്റെ പേരിൽ പാർട്ടിക്കു പഴികേൾക്കേണ്ടിവന്നു. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം നിർദേശിക്കും. വെള്ളിയാഴ്ച ചേർന്ന സംസ്ഥാനസമിതിയിൽ പല കാര്യങ്ങളിലും വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ സിപിഎം. നിർദേശിക്കുക.
മന്ത്രിമാരുടെ ഓഫീസുകൾ രാത്രി ഒമ്പതുവരെ പ്രവർത്തിക്കണമെന്നാണ് പൊതുനിർദ്ദേശം. മിക്ക ഓഫീസുകളിലും ഒരുപരിധിവരെ പാലിക്കപ്പെടുന്നുമുണ്ട്. പല ഓഫീസുകളും ഏറെവൈകിയും പ്രവർത്തിക്കാറുണ്ട്. സംസ്ഥാനകമ്മിറ്റിയിൽ ഉയർന്ന വിമർശനം ഏതെങ്കിലുമൊരു പ്രത്യേക വീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാകുറിപ്പുകളും മറ്റും വൈകുമ്പോൾ അത് തത്സമയം കൈകാര്യംചെയ്യാൻ മന്ത്രി ഓഫീസുകൾ സജ്ജമായിരിക്കണം. പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ സമയബന്ധിതമായി പൂർത്തിയാക്കണം. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനവും കൂടുതൽ ഊർജിതമാക്കും. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹികമാധ്യമങ്ങളിൽ വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ല. എ.കെ.ജി. സെന്ററിനുകീഴിലെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.
ആയിരക്കണക്കിനു വാട്സാപ്പ് ഗ്രൂപ്പുകൾ സിപിഎമ്മിനുണ്ട്. സംസ്ഥാനം മുതൽ ലോക്കൽ കമ്മിറ്റിതലംവരെ സാമൂഹികമാധ്യമകമ്മിറ്റികളും ചുമതലപ്പെട്ടവരുമുണ്ട്. അവ ഏകീകൃതസ്വഭാവത്തിൽ പ്രവർത്തിക്കുന്നില്ലെന്നും വിമർശനമുയർന്നു. അതിനാൽ, ഉള്ളടക്കം മെച്ചപ്പെടുത്തി സാമൂഹികമാധ്യമങ്ങൾവഴിയുള്ള പ്രചാരണം കൂടുതലായി സിപിഎം. ഏറ്റെടുക്കും.
അതേസമയം വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റുകൾ പിടിച്ചെടുക്കാൻ ജനപ്രിയരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കാൻ സിപിഎം നീക്കം തുടങ്ങി. സീനിയർ താരങ്ങൾ മത്സരിക്കും. പത്തനംതിട്ടയിൽ തോമസ് ഐസക്കും കണ്ണൂരിൽ കെകെ ശൈലജയും സ്ഥാനാർത്ഥികളായേക്കും. പൊന്നാനിയിൽ കെടി ജലീലിനേയും പരിഗണിക്കുന്നു.
കോഴിക്കോട് വസീഫ്, ആലപ്പുഴയിൽ ആരിഫ്, പത്തനംതിട്ടയിൽ തോമസ് ഐസക്, കൊല്ലത്ത് ചിന്ത ജെറോം എന്നിങ്ങനെയും സാധ്യതകൾ പാർട്ടി പരിഗണിക്കുന്നുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും സിപിഎമ്മിന്റെ ലോ്ക്സഭാ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. സിപിഐ സ്ഥാനാർത്ഥി നിർണയത്തെ സംബന്ധിച്ചും അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനോയ് വിശ്വവും, തൃശ്ശൂരിൽ വി എസ് സുനിൽ കുമാറും മത്സരിക്കുമെന്നാണ് സൂചന.
ശബരിമല ഇഫക്ടിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും എൽ.ഡി.എഫിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് പുറത്തും ജനസ്വാധീനമുള്ള നേതാക്കളെ സിപിഎം തേടുന്നത്. പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട കണ്ണൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് പരീക്ഷണങ്ങൾ മാറ്റി വെച്ച് ജനപ്രീയരായ സ്ഥാനാർത്ഥികളെ മത്സരിക്കാൻ ആലോചിക്കുന്നത്. മട്ടന്നൂർ മണ്ഡലം എം.എൽ എ യും മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ ശൈലജ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി വന്നേക്കും.
കെ.കെ ശൈലജയുടെ പേര് വടകര പാർലമെന്റ് മണ്ഡലത്തിലും സ്ഥാനാർത്ഥിയായി ഉയർന്നിട്ടുണ്ടെങ്കിലും കണ്ണുരിൽ തന്നെ മത്സരിക്കാനാണ് സാധ്യത, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരുന്ന തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ മത്സരിക്കാൻ സാധ്യത കുറവാണെന്നിരിക്കെ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. എന്നാൽ എംഎൽഎയായി തന്നെ തുടരാനാണ് കെ.കെ ശൈലജയ്ക്കു താൽപര്യമെങ്കിലും പാർട്ടി തീരുമാനം അനുസരിക്കേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ