തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എക്ക് സിപിഎം സംരക്ഷണ വലയം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈംഗികാരോപണത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച കീഴ്‌വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ യുഡിഎഫ് എംഎല്‍എമാരും രാജിവെച്ചില്ലെന്നതാണ് സിപിഎം പിടിവള്ളിയാക്കുന്നത്.

പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ എതിര്‍സ്വരം അവഗണിച്ചാണു സംസ്ഥാന നേതൃത്വം മുകേഷിന് അനുകൂലമായി തീരുമാനം എടുത്തത്. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി. മുന്‍പ് ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന ന്യായമുയര്‍ത്തി മുകേഷിനായി പ്രതിരോധം തീര്‍ക്കാന്‍ ഒടുവില്‍ സിപിഎം തീരുമാനിച്ചു. പതിവില്ലാത്ത രാജി കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടെന്നാണു ധാരണ.

മുകേഷിന്റെ രാജിയാണ് ഉചിതമെന്നു സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചിരുന്നു. സമാന ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന ന്യായമുയര്‍ത്തി മുകേഷിനെ സംരക്ഷിക്കേണ്ടെന്നാണു വൃന്ദ കാരാട്ട് സൂചിപ്പിച്ചത്. മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തേ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ആനി രാജ ഉറച്ച നിലപാടെടുത്തിരുന്നു.

എംഎല്‍എ അല്ല മന്ത്രിയായാലും തെറ്റുകാരന്‍ ആണെങ്കിലും ശിക്ഷിക്കപ്പെടണമെന്നു സിപിഐ മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ മുകേഷിനു നല്‍കുന്ന നിശ്ശബ്ദ പിന്തുണയ്‌ക്കെതിരെ കൂടിയാണു വനിതാ നേതാക്കള്‍ ശബ്ദമുയര്‍ത്തിയെങ്കിലും കൈവിടേണ്ടെന്നാണു പാര്‍ട്ടി നിലപാട്.

അതേ സമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്‌മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണം. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

എന്നാല്‍ കേസില്‍ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് മുകേഷ് എംഎല്‍എയുടേത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിപ്പോകുകയാണുണ്ടായത്.