കണ്ണൂർ: യു.ഡി. എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പിൻവാതിൽ നിയമനം അന്വേഷിക്കാനും വിവാദങ്ങൾ പുറത്തുകൊണ്ടുവരാനും സി.പി. എം നീക്കം തുടങ്ങി. തിരുവനന്തപുരം മേയറുടെ വിവാദകത്ത്പുറത്തായ ക്ഷീണം മറികടക്കാനാണ് പാർട്ടിയുടെ കൊണ്ടുപിടിച്ച നീക്കം. കണ്ണൂർ കോർപറേഷനിൽ ഇതിനു തുടക്കം കുറിച്ചു കഴിഞ്ഞു. അസംതൃപ്തരായ കോൺഗ്രസ് നേതാക്കളെയാണ് ഇതിന് കൂട്ടുപിടിക്കുന്നത്.

കണ്ണൂർ നഗരസഭയിലെ മുൻകാല കൗൺസിലറായിരുന്ന ഒരു കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷനിൽ പാർട്ടിക്കത്ത് ലഭിക്കുന്നതു പ്രകാരമാണ് നിയമനം നടത്തുന്നതെന്ന വെളിപ്പെടുത്തൽ നടത്തിയത് സി.പി. എം സൈബർ ഇടങ്ങളിൽ ചർച്ചയാക്കിയിട്ടുണ്ട്. കണ്ണൂർ കോർപറേഷനിൽ കോൺഗ്രസും മുസ്ലിം ലീഗും താൽക്കാലിക ജീവനക്കാരെ മുഴുവൻ നിയമിക്കുന്നത് പാർട്ടി കത്തുമുഖേനെയാണെന്ന വിമർശനമാണ് സി.പി. എം ഉന്നയിക്കുന്നത്.

ഇതിനു സമാനമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറത്തും കണ്ണൂരിലെ പാനൂർ നഗരസഭയിലെയും നിയമനങ്ങൾ പാർട്ടി പരിശോധിച്ചുവരികയാണ്. തിരുവനന്തപുരം മേയർ പാർട്ടി ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന് കോർപറേഷനിലുള്ള ഒഴിവിലേക്ക് പാർട്ടികാഡർമാരെ നൽകണമെന്ന് ആവശ്യപ്പെട്ടു നൽകിയ കത്ത് സി.പി. എമ്മിന് ക്ഷീണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതുമറികടക്കുന്നതിനാണ് കൗണ്ടർ അടിക്കാൻ പാർട്ടി ഒരുങ്ങുന്നത്.

വരും നാളുകളിൽ കേരളം ഞെട്ടുന്ന ചില പിൻവാതിൽ നിയമനങ്ങൾ യു,ഡി. എഫിനെ പ്രതിക്കൂട്ടിലാക്കി പുറത്തുവിടുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ ചിലതസ്തികകളിലേക്ക് ബി.ജെ. പി സംസ്ഥാന നേതൃത്വം നടത്തിയ ചില നിയമനങ്ങളും പാർട്ടിയുടെ സൈബർ വിങുകൾ പരിശോധിച്ചു വരികയാണ്. റെയിൽവേയിലടക്കമുള്ള നിയമനങ്ങൾ ബിജെപി നേതാക്കളുടെ ശുപാർശയോടെ നടത്തിയതാണെന്നു തെളിയിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.

എന്നാൽ ഇതു മുൻകൂട്ടികണ്ടുകൊണ്ടു കണ്ണൂർ വിമാനത്താവളം, സർവകലാശാല, വിവിധ ബോർഡുകൾ എന്നിവടങ്ങളിലെ നിയമനങ്ങൾ സി.പി. എം ശുപാർശക്കത്ത് വാങ്ങി നടത്തിയത് വിവാദമാക്കാൻ യു.ഡി. എഫും ഒരുങ്ങുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഒരു മുന്മന്ത്രിയുടെ മകനടക്കം ഇപ്പോൾ ഉന്നതതസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലികനിയമനങ്ങളിൽ അഴിമതി നടന്നുവെന്നു പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയാൽ മേയറെയും സി.പി. എം ജില്ലാസെക്രട്ടറിയെയും പ്രതിയാക്കി സി.പി. എം കേസെടുക്കുമെന്നാണ് സൂചന.

സർക്കാരിന്റെ അനുമതിയോടെയാണിത്. താൽക്കാലികനിയമനങ്ങളിൽ പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് മേയറുടെ പേരിലാണ് എഴുതിയിരിക്കുന്നത്. സംബോധന ചെയ്തിരിക്കുന്നത് സി.പി. എം ജില്ലാസെക്രട്ടറിയേയും. ഇരുവർക്കും പിൻവാതിൽ നിയമനത്തിൽ പങ്കുണ്ടോയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.