മലപ്പുറം: മുസ്ലിം ലീഗിനോടുള്ള സിപിഎം താൽപ്പര്യം വ്യക്തം. എങ്ങനേയും സിപിഎമ്മിന് മുസ്ലിം ലീഗിനെ ഇടതു പക്ഷത്ത് എത്തിക്കണമെന്ന ആഗ്രഹമാണുള്ളത്. ഇത് വ്യക്തമാക്കുന്നതാണ് മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം. അറുപതുകളിൽ ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലിം ലീഗ് നേതൃത്വത്തെ ഇനി സിപിഎം ചൊടിപ്പിക്കില്ല. കരുതലോടെ മാത്രം ഇടപെടൽ നടത്തും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷ.

ഇത് മുന്നിൽ കണ്ടാണ് ലീഗുമായുള്ള പഴയ സഹകരണം സിപിഎം ചർച്ചയാക്കുന്നത്. മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർ.എസ്.എസും മറ്റ് ചിലരും ആക്ഷേപിച്ചു. 60-കളിൽ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അതിനെ ആക്ഷേപിച്ച ചിലർ ആരാണെന്ന് ഇപ്പോൾ പറയുന്നില്ല. അവർക്ക് വിഷമമാകും-പിണറായി പറയുന്നു. കോൺഗ്രസിനുള്ള ഒളിയമ്പാണ് ഇത്. ആ പഴയ സഹകരണം വീണ്ടും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇനിയും സിപിഎം ചർച്ചയാക്കും. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ ആശങ്ക മലപ്പുറത്ത് നിറയ്ക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വേദിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.

വീണ്ടും അധികാര തുടർച്ചയ്ക്ക് ഇടതുപക്ഷത്ത് ലീഗ് കൂടി വേണമെന്ന അഭിപ്രായവും വിലയിരുത്തലുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കുള്ളത്. സിപിഎം സെക്രട്ടറിയായ ശേഷം എംവി ഗോവിന്ദൻ തന്നെ പലപ്പോഴും ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചു. എന്നാൽ ലീഗിലെ വലിയൊരു വിഭാഗം ഇതിനെ അനുകൂലിക്കുന്നില്ല. അവർ സിപിഎം നിലപാടുകളെ തള്ളി പറഞ്ഞു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതീക്ഷ കൈവിടുന്നില്ല. ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ പദ്ധതിയുടെ ഭാഗമായാണ് മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പ്രസംഗവും. അയോധ്യ വിഷയത്തിൽ അടക്കം വരും ദിനങ്ങളിൽ ലീഗ് നിലപാടിനെ സിപിഎം കൂടുതൽ ഉയർത്തിക്കാട്ടും.

മലപ്പുറത്തെ അപകീർത്തിപ്പെടുത്താൻ എന്തുംചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു ആശയസംഹിത രാജ്യത്തിന്റെ ഭരണാധികാരം ഉപയോഗിച്ച് ശ്രമം നടത്തുന്നു. ഇവർ അധികാരം ലഭിച്ചപ്പോൾ ഈ വിധത്തിൽ പെരുമാറുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. 1921-ലെ മലബാർ കാർഷിക കലാപത്തെ മുസ്ലിം ജനതയുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷ് സാമ്രാജിത്വം വിശേഷിപ്പിച്ചു. മാപ്പിള കലാപമെന്ന് മുദ്രയടിച്ച് അതേ വഴിക്ക് തന്നെ നീങ്ങുകയാണ് ഹിന്ദുത്വ വർഗീയ ശക്തികളും ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയും വെട്ടിനീക്കാനാണ് ഹിന്ദുത്വ വർഗീയതയുടെ പുത്തൻ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറുപതുകളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സഹകരിച്ചു പ്രവർത്തിച്ചിരുന്നത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പഴയ കാലം ചർച്ചയാക്കുകയാണ്. അന്നതിനെ റാവൽപിണ്ടി അച്ചുതണ്ടെന്ന് ആക്ഷേപിച്ചത് ആരായിരുന്നെന്നത് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ഇപ്പോഴവരെ പേരെടുത്തുപറഞ്ഞ് ആക്ഷേപിക്കുന്നില്ല. ചരിത്രവസ്തുത ഓർക്കേണ്ടതുണ്ട് എന്നതിനാൽ പറഞ്ഞെന്നുമാത്രം. ആ രീതിയിൽ പറയുമ്പോൾ പലർക്കും വിഷമമുണ്ടാകാൻ സാധ്യതയുണ്ട്.

മലപ്പുറത്തിന്റെ വികസനത്തിനും പിന്നാക്കാവസ്ഥയ്ക്ക് മാറ്റംവരുത്തുന്നതിനുമായി 1967-ലെ ഇ.എം.എസ്. മന്ത്രിസഭയാണ് മലപ്പുറം ജില്ലയ്ക്ക് രൂപംനൽകിയത്. 1921-ലെ മലബാർ കാർഷികകലാപത്തെ മുസ്ലിങ്ങളുടെ ഹാലിളക്കമെന്നും മാപ്പിളകലാപമെന്നും മുദ്രയടിച്ചു. അതേവഴിക്ക് ഹിന്ദുത്വ വർഗീയകക്ഷികളും ചേർന്നു. വില്യം ലോഗന്റെ ലോഗൻസ് മാനുവലിൽ, ജന്മിമാർക്ക് വിപുലമായ അധികാരവും ചൂഷണത്തിനുമുള്ള അവസരവും നൽകിയതിനെതിരായ കർഷകരുടെയും തൊഴിലാളികളുടെയും കലാപമായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന 'മലപ്പുറം: മിഥ്യയും യാഥാർത്ഥ്യവും, ബഹുസ്വര സാംസ്‌കാരിക പഠനങ്ങൾ' എന്ന പുസ്തകം മുസ്ലിം ലീഗ് എംഎ‍ൽഎ പി.ഉബൈദുള്ളയ്ക്ക് കൈമാറി പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്തിന്റെ വികസനവും പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനുമായി 1967ലെ ഇ.എം.എസ് മന്ത്രിസഭ മലപ്പുറം ജില്ലയ്ക്ക് രൂപം നൽകി. അന്ന് കൊച്ചു പാക്കിസ്ഥാൻ കേരളത്തിൽ രൂപീകൃതമായെന്ന് ആക്ഷേപിച്ചത് ആർഎസ്എസ് മാത്രമല്ല. ഇപ്പോഴത്തെ പ്രത്യേക കാരണങ്ങളാൽ അന്ന് ആക്ഷേപം ഉന്നയിച്ചവർക്ക് അക്കാര്യം അതേരീതിയിൽ പറയാൻ കഴിയില്ല.

1921ലെ മലബാർ കാർഷിക കലാപത്തെ മുസ്ലീങ്ങളുടെ ഹാലിളക്കമെന്നും മാപ്പിള കലാപമെന്നും മുദ്രയടിച്ചു. അതേവഴിക്ക് ഹിന്ദുത്വ വർഗീയ കക്ഷികളും ചേർന്നു. മലബാർ കളക്ടറായിരുന്ന വില്യം ലോഗന്റെ ലോഗൻസ് മാന്വവലിൽ, ജന്മിമാർക്ക് വിപുലമായ അധികാരവും ചൂഷണത്തിനുമുള്ള അവസരവും നൽകിയതിനെതിരായ കർഷകരുടെയും തൊഴിലാളികളുടെയും കലാപമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളെ അനുകൂലിക്കുന്ന ഭൂപ്രഭുക്കന്മാർക്ക് നൽകിയ അധികാരങ്ങൾ തിരിച്ചെടുത്ത് ഭൂപരിഷ്‌ക്കരണം നടപ്പിലാക്കേണ്ടി വരുമെന്നതിനാൽ ലോഗന്റെ റിപ്പോർട്ട് ബ്രിട്ടീഷ് ഭരണകൂടം കണ്ടില്ലെന്ന് നടിച്ചു. പ്രക്ഷോഭത്തിൽ കൂടുതലും മുസ്ലീങ്ങളായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ, രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള കർഷക കലാപമായിരുന്നു അത്. അക്കാര്യങ്ങൾ ചരിത്ര പശ്ചാത്തലത്തിൽ വിലയിരുത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമായിരുന്നുവെന്നും പിണറായി പറയുന്നു.