- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യാ രാജേന്ദ്രന്റേത് പക്വതയില്ലാ പ്രവര്‍ത്തനം; റഹീം രാജ്യസഭയില്‍ പരിതാപകരം; ബ്രീട്ടാസ് സൂപ്പര്‍; യുവാക്കള്‍ക്ക് അവസരം നല്‍കുന്നത് തിരിച്ചടി; മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായി; പാലക്കാട്ട വര്‍ഗ്ഗീയ പരസ്യവും അനാവശ്യം; വിവരക്കേട് പറയുന്നവരെ വിരമിക്കല്‍ പ്രായം നോക്കാതെ പുറത്താക്കണം; കൊല്ലത്തെ വിമര്‍ശനങ്ങള്‍ പിണറായിയ്ക്ക് നേരെ; സിപിഎമ്മില്‍ തുറന്നു പറച്ചിലുകള്‍
കൊല്ലം: യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരത്ത് മേയറാക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സി.പി.എം. കൊല്ലം ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. മേയറുടെ പ്രവര്‍ത്തനങ്ങള്‍ പക്വതയില്ലാത്തതായി. അത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ദോഷമായി. ഡി.വൈ.എഫ്.ഐ.നേതാവ് എ.എ.റഹീമിനെ എം.പി.യാക്കിയതുകൊണ്ടും പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന വിമര്‍ശനമുയര്‍ന്നു. റഹീമിന്റെ രാജ്യസഭയിലെ പ്രവര്‍ത്തനം പരിതാപകരമാണെന്ന് ഒരു പ്രതിനിധി വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയച്ചത് നേട്ടമായെന്ന് വിലയിരുത്തല്‍ എത്തി. വ്യാഴാഴ്ച സംഘടനാപ്രശ്‌നങ്ങളില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മറുപടി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനങ്ങളെ എല്ലാം വിമര്‍ശിക്കുന്ന തരത്തിലായിരുന്നു കൊല്ലത്തെ ചര്‍ച്ച. ആരും മുഖ്യമന്ത്രിയെ പേരു പറഞ്ഞു വിമര്‍ശിച്ചില്ലെങ്കിലും അതെല്ലാം ചെന്നു കൊള്ളുന്നത് പിണറായിക്ക് തന്നെയാണ്.
നടനും എംഎല്‍എയുമായ മുകേഷിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറി സമ്മതിക്കുകയും ചെയ്തു.. പൊതുവോട്ടുകള്‍ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പൊതുചര്‍ച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തല്‍ ഉണ്ടെന്നും സുദേവന്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ 'ഇന്ത്യാ'മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടും പാര്‍ട്ടിക്ക് വോട്ടും സീറ്റും കുറഞ്ഞെന്ന് വിമര്‍ശനമുണ്ടായി. മുന്നണിയിലെ ഘടകകക്ഷികളുടെ ബാലിശമായ നിലപാടുകളാണ് ദേശീയതലത്തിലെ തിരിച്ചടിക്കു കാരണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി ജില്ലാ സെന്റര്‍ ശക്തമായി ഇടപെട്ടെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പറഞ്ഞു.
വിവരക്കേട് പറയുന്നവരെ വിരമിക്കല്‍ പ്രായം നോക്കാതെ പുറത്താക്കണമെന്നും അഭിപ്രായം കൊല്ലത്ത് ഉയര്‍ന്നു. നേതാക്കള്‍ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാന്‍ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്നും ചോദ്യമുയര്‍ന്നു. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചര്‍ച്ചയില്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മുതല്‍ മന്ത്രിസഭയുടെ പോരായ്മവരെ ചര്‍ച്ചയായി. വിഭാഗീയത പരിഹരിക്കുന്നതില്‍ ജില്ലാനേതൃത്വം പരാജയമെന്നായിരുന്നു വിമര്‍ശനം.
മന്ത്രിസഭ പരാജയമാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ ഗുണം ചെയ്തില്ല. കരുനാഗപ്പള്ളിയിലെ പാര്‍ട്ടി പ്രശ്‌നങ്ങളില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് എതിരെയും വിമര്‍ശനമുണ്ടായി. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതില്‍ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സംസ്ഥാന നേതാക്കളെ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിടുന്നത് ആരുടെയെങ്കിലും പിന്തുണയില്ലാതെ നടക്കുമോയെന്ന് പ്രതിനിധികള്‍ ചോദിച്ചു. പാര്‍ട്ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയര്‍ന്നു. കൊട്ടാരക്കര ഏരിയയില്‍ നിന്നുള്ള പ്രതിനിധിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പുനലൂര്‍, കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളും വിഷയം ഉന്നയിച്ചു.
വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടര്‍ന്നു, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും നേതൃത്വത്തെ വെല്ലുവിളിച്ചു പ്രകടനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ തീരുമാനിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂര്‍ച്ഛിച്ചതില്‍ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയില്ലാതെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുമോ? ഏരിയാ കമ്മിറ്റി ഓഫീസിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാക്കളെ സംരക്ഷിച്ചു. അവര്‍ക്കെതിരെ ഇപ്പോഴും നടപടി എടുക്കാത്തതില്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെമേല്‍ മാത്രം കുറ്റം ചാര്‍ത്തിയിട്ട് കാര്യമില്ല. വിഭാഗീയതയില്‍ നടപടിയെടുക്കേണ്ട നേതൃത്വം ഒരു പക്ഷത്ത് മാത്രം നില്‍ക്കുകയാണ് ചെയ്തത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പ്രതിനിധികള്‍ ആരോപിച്ചു.
ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനക്കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ വിഷയങ്ങള്‍ ഉണ്ടാകുന്നു. പൊലീസിലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ ഇന്നലെ മറുപടി നല്‍കി. സംസ്ഥാന സെക്രട്ടറി ഇന്ന് മറുപടി പറയും.
തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാനല്‍ അവതരിപ്പിക്കും. വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയെന്ന് വിമര്‍ശനം നേരിടുന്ന ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ വസന്തനെ പുതിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവിലെ ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ തന്നെ സെക്രട്ടറിയായി തുടര്‍ന്നേക്കും.