പത്തനംതിട്ട: ബിജെപിയെ അട്ടിമറിച്ച് എൽഡിഎഫ് ഭരണം പിടിച്ചെടുത്തു പന്തളം നഗരസഭയിൽ സിപിഎം ചെയര്‍പേഴ്സൺ സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ എം.ആർ. കൃഷ്ണകുമാരിയെ ചെയർപേഴ്സണായും സിപിഐയിലെ കെ. മണിക്കുട്ടനെ വൈസ് ചെയർമാനായും തിരഞ്ഞെടുക്കാൻ ഇടതുമുന്നണിയിൽ ധാരണയായി. അതേസമയം, ജില്ലയിലെ മറ്റ് മൂന്ന് നഗരസഭകളായ അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു.

ശബരിമല വിവാദങ്ങൾ സജീവമായിരുന്ന പന്തളത്ത് 14 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി അധികാരം പിടിച്ചെടുത്തത്. ബിജെപി കേവലം ഒൻപത് സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, 11 സീറ്റുകൾ നേടിയ യുഡിഎഫ് പ്രധാന പ്രതിപക്ഷമായി മാറി. ജില്ലയിലെ മറ്റ് നഗരസഭകളായ അടൂരിൽ 11 സീറ്റുകൾ നേടിയും, പത്തനംതിട്ടയിൽ കേവല ഭൂരിപക്ഷമായ 17 സീറ്റുകൾ സ്വന്തമാക്കിയും യുഡിഎഫ് ഭരണം ഉറപ്പിച്ചു. തിരുവല്ല നഗരസഭയിൽ 18 സീറ്റുകൾ നേടിയാണ് യുഡിഎഫ് ആധിപത്യം സ്ഥാപിച്ചത്. പത്തനംതിട്ട നഗരസഭയിൽ ബിജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്, എന്നാൽ തിരുവല്ലയിൽ അവർക്ക് ഏഴ് സീറ്റുകൾ നേടാൻ സാധിച്ചു.

ജില്ലയിലെ നഗരസഭാ ഭരണത്തിൽ യുഡിഎഫ് വലിയ മേൽക്കൈ നേടിയപ്പോൾ, തങ്ങളുടെ രാഷ്ട്രീയ ശക്തികേന്ദ്രമായിരുന്ന പന്തളം എൽഡിഎഫ് പിടിച്ചെടുത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായി മാറി. പന്തളം നഗരസഭയുടെ മുൻ പ്രതിപക്ഷ നേതാവും സിപിഎം വനിതാ നേതാവുമായ ലസിത നായർ എട്ടാം വാർഡിൽ തോൽവി ഏറ്റുവാങ്ങിയതും വാർത്തയായിരുന്നു. എംഎൽഎ മുകേഷിനെതിരായ പീഡന ആരോപണവും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്തുള്ള ലസിതയുടെ 'തീവ്രത' പരാമർശം നേരത്തെ വിവാദമായിരുന്നു.