- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈദേകത്തിനെതിരെ നടപടി ശക്തമാക്കി ആദായ നികുതി വകുപ്പ്; അടിവേരുകൾ ചികയാൻ രേഖകൾ പരിശോധിക്കുന്നത് തുടങ്ങി; എൻഫോഴ്സ്മെന്റും ഇപി കുടുംബത്തെ പ്രതിക്കൂട്ടിലാക്കാൻ അന്വേഷണത്തിൽ; കേന്ദ്ര ഏജൻസിയുടെ ഇടപെടലിനിടെ സിപിഎമ്മിൽ വീണ്ടും വിഭാഗതിയുടെ കനലെരിയുന്നു; കണ്ണൂരിൽ ചേരിതിരിഞ്ഞ് നേതാക്കൾ
കണ്ണൂർ: ഇ.പി ജയരാജന്റെ കുടുംബത്തിന്പങ്കാളിത്തമുള്ള ആന്തൂർ നഗരസഭയിലെ മൊറാഴ വെള്ളിക്കീലിലുള്ള വൈദേകം റിസോർട്ടിനെതിരെ കേന്ദ്ര ഏജൻസിയായ ആദായ നികുതി വകുപ്പ് നടപടി ശക്തമാക്കിയതോടെ സി.പി. എമ്മിൽ വീണ്ടും വിവാദങ്ങളുടെ കനലെരിയുന്നു. ജനപ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ തൃശൂരിൽ പങ്കെടുത്തതിനെ തുടർന്ന് പാർട്ടിയിൽ മഞ്ഞുരുകുമെന്ന് കരുതിയെങ്കിലും വീണ്ടും കേന്ദ്ര ഏജൻസി ആദായ നികുതി വകുപ്പ് വൈദേകത്തിന്റെ അടിവേരുകൾ ചികയുന്നത് പാർട്ടിയിൽ വിഭാഗീതയുടെ തിരയിളക്കമുണ്ടാക്കിയിട്ടുണ്ട്.
ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് കണ്ണൂരിലെ സി.പി. എം നേരിടുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതിനിടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ കൂടുതൽ ആരോപണങ്ങൾ ഉയരുമെന്നാണ് സൂചന. കണ്ണൂരിലെ സി.പി. എമ്മിൽ ഇ.പിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ആവനാഴിയിൽ എയ്തു വിടുന്നതിനായി ആരോപണശരങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. ആകാശ് തില്ലങ്കേരിയിൽ നിന്നും ഒരു ഉന്നത നേതാവ് ലക്ഷങ്ങൾ ഒരു യുവനേതാവ് മുഖേനെ കോഴപ്പണം വാങ്ങിയെന്ന ആരോപണം അന്തരീക്ഷത്തിലുണ്ട്. വരുംദിവസങ്ങളിൽ ഈ ആരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
ഇതിനിടെ സി.പി. എമ്മിലെ ഉൾപാർട്ടി തർക്കങ്ങളിലും വിവാദങ്ങളിലും എരതീയിൽ എണ്ണപകർന്നു കൊണ്ടു കേന്ദ്ര ഏജൻസിയായ ആദായനികുതി വകുപ്പ് വീണ്ടും കണ്ണൂരിൽ ഇടപെടുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എൽ.ഡി.എഫ് കൺവീനറും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര ചെയർപേഴ്സണായ കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ രേഖകൾ പരിശോധിക്കാനാാണ് ആദായ നികുതി വകുപ്പ് നീക്കം നടത്തുന്നത്. ഇവർ ആവശ്യപ്പെട്ട രേഖകൾ റിസോർട്ട് അധികൃതർ കണ്ണൂർ ആധായ നികുതി ഓഫിസിൽ ഹാജരാക്കിയിട്ടുണ്ട്.
നിക്ഷേപകരുടെ വിവരങ്ങളും ടി ഡി എസ് കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റിസോാർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്‌ച്ച രാവിലെ പതിനൊന്നരയോടെ കമ്പനി പ്രതിനിധി കണ്ണൂരിലെ ഇൻകം ടാക്സ് ഓഫീസിൽ നേരിട്ട് ഹാജരായാണ് രേഖകൾ കൈമാറിയത്. ഈ മാസം രണ്ടിനാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം വൈദേകം റിസോർട്ടിൽ പരിശോധന നടത്തിയത്.എട്ട് മണിക്കൂർ നീണ്ട പരിശോധനയിൽ ഹാർഡ് ഡിസ്‌ക്കുകളും രേഖകളും പിടിച്ചെടുത്തിരുന്നു.പിന്നാലെയാണ് കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് ചെയർ പേഴ്സൺ പി കെ ഇന്ദിരക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത്.
നിക്ഷേപകരുടെ വിവരങ്ങൾ, ഓഹരി പങ്കാളിത്തം ,ടി ഡി എസ് കണക്കുകൾ എന്നിവയുടെ വിശദ്ാംശങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.ആവശ്യപ്പെട്ട രേഖകൾ എല്ലാം കൈമാറിയതായി റിസോർട്ട് സിഇഒ തോമസ് ജോസഫ് വ്യക്തമാക്കി.നികുിതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടക്കും.സി.പി. എം നേതാവും മുൻ വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്റെ കുടുംബത്തിന് നിയന്ത്രണമുള്ള ആന്തൂർ നഗരസഭയിലെ മൊറാഴ വെള്ളിക്കീലിലെ വൈദേകം റിസോർട്ടിനെതിരെകൊച്ചിയിലുള്ള ഒരു മാധ്യമപ്രവർത്തകനാണ് പരാതി നൽകിയത്.
സ്ഥാപനത്തിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചു എൻഫോഴ്സ്മെന്റിനും പരാതി നൽകിയിട്ടുണ്ട്. മുൻ എം ഡിയും ഡയറക്ട് ബോർഡ് അംഗവും ചേർന്ന് ഏഴര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. ഈ പരാതിയിൽ ഇ.ഡി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ തനിക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും തനിക്കെതിരെ തിരുവനന്തപുരം കേന്ദ്രീകരിച്ചു ഒരു സംഘമാളുകൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇ. പി ജയരാജൻ ആരോപിച്ചിരുന്നു. സി.പി. എം തെറ്റുതിരുത്തൽ രേഖ സംസ്ഥാനകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനകമ്മിറ്റിയംഗമായ പി.ജയരാജനാണ് ഇ.പി കുടുംബത്തിന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു ആരോപണമുന്നയിച്ചത്.
ഇതോടെയാണ് വിഷയം സി.പി. എമ്മിലും പുറത്തും ചൂടേറിയ ചർച്ചയ്ക്കും വിവാദങ്ങൾക്കുമിടയാക്കിയത്. ഈ വിഷയത്തിൽ സി.പി. എം നേതൃത്വം അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ റിസോർട്ട് വിവാദത്തിൽ പാർട്ടി നേതൃത്വം തനിക്കനുകൂലമായി പ്രതികരിച്ചില്ലെന്ന പരാതിയെ തുടർന്ന് ഇ.പി ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥയിൽ നിന്നും വിട്ടുനിൽക്കുകയും ഒടുവിൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൃശൂരിൽ നിന്നും പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇ.പി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള റിസോർട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡു തുടരുന്നതിനെ കുറിച്ചു സി.പി. എം കണ്ണൂർ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അർത്ഥ ഗർഭമായ മൗനമാണ് പാർട്ടി നേതൃത്വം ഈക്കാര്യത്തിൽ പുലർത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്