- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിയപ്പോള്‍ വീണ്ടുവിചാരം; പി പി ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി; ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി; സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രം; പാര്‍ട്ടിക്ക് മനംമാറ്റം എതിര്‍പ്പുകള്‍ ശക്തമായതോടെ
ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍, കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പി പി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും. ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിടും.
അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ജില്ലാ കമ്മിറ്റിയില്‍ ഐകകണ്‌ഠ്യേനയാണ് ദിവ്യയെ തരംതാഴ്ത്താന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി നടപടി അംഗീകരിച്ചാല്‍, ദിവ്യ ഇനി ബ്രാഞ്ച് കമ്മിറ്റി അംഗമായി മാത്രം തുടരും. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്.
നവീന്‍ ബാബുവിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചത് സദുദ്ദേശ്യപരമായ നടപടി എന്നാണ് ജില്ലാ കമ്മിറ്റി ആദ്യം വിലയിരുത്തിയത്. എഡിഎമ്മിന്റെ മരണത്തില്‍ പിപി ദിവ്യയെ പ്രതിചേര്‍ത്തതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പും, സമ്മര്‍ദ്ദവും ഉയര്‍ന്നത് കണക്കിലെടുത്താണ് ദിവ്യയെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കാന്‍ നീക്കമുണ്ടായത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നവംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് പാര്‍ട്ടി തീരുമാനം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അഡ്വ. കെ. വിശ്വനാണ് ദിവ്യയ്ക്കായി വാദിഭാഗത്തിന് വേണ്ടി ഹാജരായത്. എ.ഡി.എം ജീവനൊടുക്കിയ കേസില്‍ അന്വേഷണസംഘം മുന്‍പോട്ടു പോകുന്നത് ശരിയായ ദിശയില്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വാദിക്കുകയായിരുന്നു പ്രതിഭാഗം അഭിഭാഷാകന്‍.ഇതിനായി എ.ഡി.എം വിളിച്ച ഫോണ്‍ കോളുകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.