- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരിയെ വീട്ടിലെത്തി കണ്ട് പിണറായിയും യെച്ചൂരി; അസുഖ ബാധിതനായ നേതാവിന് അവധി നൽകും; പകരം സംവിധാനത്തിൽ അന്തിമ തീരുമാനം സംസ്ഥാന സമിതി യോഗത്തിൽ; ഇപിയോ ബേബിയോ ബാലനോ വിജയരാഘവനോ സെക്രട്ടറിയുടെ ചുമതലയിൽ എത്താൻ സാധ്യത; മന്ത്രിസഭാ പുനഃസംഘടനാ ആവശ്യം എകെജി സെന്ററിൽ ഗോവിന്ദന് തിരിച്ചടിയായി; ശൈലജയ്ക്ക് പ്രെമോഷൻ കിട്ടില്ലെന്ന് സൂചന
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാർട്ടി അവധി നൽകും. പകരം പുതിയ സെക്രട്ടറിയെ നിയമിക്കാനാണ് സാധ്യത. അസുഖം കാരണമാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എംഎ ബേബിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നത്തെ പാർട്ടി യോഗത്തിൽ കോടിയേരി പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എകെജി സെന്ററിന് മുമ്പിലെ ഫ്‌ളാറ്റിലെത്തി മുഖ്യമന്ത്രി കോടിയേരിയെ കണ്ടത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കോടിയേരി ആഗ്രഹിച്ചിരുന്നു. എന്നാൽ അണുബാധ അടക്കമുള്ള പ്രശ്‌നങ്ങൾ കണക്കിലെടുത്ത് യോഗത്തിൽ നിന്നും കോടിയേരി വിട്ടു നിന്നു.
അസുഖം കാരണം ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ട്. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. നേരത്തേ ചികിത്സാർഥം അദ്ദേഹം അവധിയെടുത്തപ്പോൾ ചുമതല താൽക്കാലികമായി എ.വിജയരാഘവനു കൈമാറിയതു പോലെ ഒരു സംവിധാനം വരാനാണ് സാധ്യത. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ തിരക്കിട്ട് നേതൃയോഗം വിളിച്ചത് കോടിയേരിക്ക് പരക്കാരനെ കണ്ടെത്താനാണ്.
രണ്ടാഴ്ച മുൻപു ചേർന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിർവഹിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലാണ് കഴിഞ്ഞ ആഴ്ച കോടിയേരിയെ പ്രവേശിപ്പിച്ചത്. 5 ദിവസത്തെ ചികിത്സയ്ക്കു ശേഷം കോടിയേരി വീട്ടിൽ തിരിച്ചെത്തിയ പിന്നാലെയാണ് നേതൃയോഗം സംബന്ധിച്ച അറിയിപ്പ് സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അടക്കം ലഭിക്കുന്നത്. യോഗത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു കോടിയേരി.
സെക്രട്ടറി സ്ഥാനത്തു കോടിയേരി തന്നെ തുടരുമെന്നും മറ്റുള്ള ആലോചനകൾ ആവശ്യമില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. ആക്ടിങ് സെക്രട്ടറിയെ നിയോഗിക്കാൻ തീരുമാനിച്ചാൽ എം.എ.ബേബി, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എം വിഗോവിന്ദൻ, എ.കെ.ബാലൻ എന്നിവരുടെ പേരുകൾക്ക് മുൻഗണന ലഭിക്കും. കോടിയേരി ചികിൽസയ്ക്കായി കൊച്ചിയിലെ അമൃതാ ആശുപത്രിയിലേക്ക് മാറുമെന്നും സൂചനകളുണ്ട്. കോടിയേരി ബാലകൃഷ്ണന് അവധി നൽകി താൽക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന കാര്യത്തിൽ ഞായറാഴ്ച ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും.
മന്ത്രിസഭയിലെ രണ്ടാമനെന്ന് വിലയിരുത്തുന്ന എംവി ഗോവിന്ദൻ മാസ്റ്ററെ സെക്രട്ടറിയാക്കുമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാൽ കെകെ ശൈലജ ടീച്ചറിനെ വീണ്ടും മന്ത്രിയാക്കുമെന്നാണ് അഭ്യൂഹം. യെച്ചൂരിയും കാരാട്ടും ശൈലജ ടീച്ചറിനെ മന്ത്രിയാക്കുന്നതിന് അനുകൂലമാണ്. എന്നാൽ പിണറായി ഇതിന്ി അനുകൂലമല്ല. അതുകൊണ്ട് തന്നെ മന്ത്രിസഭയിൽ മാറ്റമുണ്ടാകില്ല. ഇപിക്ക് കൂടുതൽ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാൽ സംസ്ഥാന സമിതിയിലെ തീരുമാനങ്ങൾ നിർണ്ണായകമാകും.
ഇക്കഴിഞ്ഞ 8 മുതൽ 12 വരെ 5 ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നു. രാഷ്ട്രീയഭരണ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ഈ യോഗങ്ങൾക്കു പിന്നാലെ ഞായറാഴ്ച (28) സംസ്ഥാന സെക്രട്ടേറിയറ്റും 29നു സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചതാണ് അഭ്യൂഹങ്ങൾക്കു വഴിമരുന്നിടുന്നത്. യച്ചൂരിക്കു പുറമെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ മുഴുവൻ സമയവും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു ചേർക്കാൻ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്.
ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിർദ്ദേശപ്രകാരം നേതൃയോഗം വിളിച്ചതാണെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണമെങ്കിലും പുതിയ സംസ്ഥാന സെക്രട്ടറി, പാർട്ടിയുടെ പുതിയ മന്ത്രിമാർ എന്നിവരെക്കുറിച്ചു ചർച്ച ചെയ്യാനാണെന്നാണു വിവരം.
മറുനാടന് മലയാളി ബ്യൂറോ