കണ്ണൂർ: കണ്ണൂരിൽ ഹാൻവീവിലെ തൊഴിൽ തർക്കത്തിൽ സിപിഎം നേതാക്കൾ തമ്മിൽ പോരുതുടങ്ങി. സി.പി. എം ജില്ലാകമ്മിറ്റിയംഗവും കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ എംപ്‌ളോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ ജയിംസ് മാത്യുവിന് ചുട്ടമറുപടിയുമായി ജില്ലാസെക്രട്ടറിയേറ്റംഗവും ഹാൻവീവ് കോർപറേഷൻ ചെയർമാനുമായ ടി.കെ ഗോവിന്ദൻ രംഗത്തെത്തി. താനോ കോർപറേഷനോ സി. ഐ.ടി.യു സമരത്തിന് വഴങ്ങി പ്രവർത്തിക്കില്ലെന്നു അദ്ദേഹം തുറന്നടിച്ചു.

താൻ ഇതിനെക്കാൾ വലിയ യൂണിയൻകാരെ കണ്ടിട്ടുണ്ടെന്നും അവരുടെ വർത്തമാനവും സമരവും പേടിപ്പിക്കലുമൊന്നും വേണ്ടെന്നും ടി.കെ ഗോവിന്ദൻ കണ്ണൂർ പ്രസ് ക്ളബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ഇതോടെ സി.പി. എം നേതാക്കൾ ഹാൻവീവിലെ തൊഴിലാളി പ്രശ്നത്തിൽ നേരിട്ടു കൊമ്പുകോർക്കുന്ന അസാധാരണ സാഹചര്യമാണ് കണ്ണൂർ സി.പി. എമ്മിലുണ്ടായിരിക്കുന്നത്. യൂണിയൻകാരെ ഒരു വിഭാഗം തൊഴിലാളികൾ തെറ്റിദ്ധരിപ്പിക്കുകയാണ്. ആരെങ്കിലും കേട്ടിട്ടു പ്രതികരിക്കുകയോ സമരം ചെയ്യുകയോ അല്ല യുണിയൻ നേതാക്കൾ ചെയ്യെണ്ടത്.

വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണം. ഹാൻവീവ് എം.ഡിയെ തെണ്ടിയെന്നു വിളിച്ച ജയിംസ് മാത്യുവിന്റെ നിലപാടിനോട് യോജിക്കുന്നില്ല. വൈകാരികമായ പ്രസംഗത്തിനിടെ അങ്ങനെ പറഞ്ഞതാണെങ്കിൽ കൂടിയും അതുകൊണ്ടു യഥാർത്ഥ വിഷയം ഇല്ലാതായി മാറുകയാണ് ചെയ്യുന്നത്. 2004 ൽ മുതലുള്ള തൊഴിലാളികൾക്ക് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന വിഷയം രണ്ടര മാസത്തെ വേതന പ്രശ്നം ഉയർത്തിക്കാട്ടി ഇവർ മറയ്ക്കുകയാണ് ചെയ്യുന്നത്. ഹാൻവീവിനെതിരെ സമരം ചെയ്യുന്ന സി. ഐ.ടി.യു നേതാക്കൾ കാടു കാണാതെ മരം കാണുകയാണ് ചെയ്യുന്നത്.

താൻ ക്ളേ ആൻഡ് സെറാമിക്സ് ചെയർമാനായ കാലത്തു ഇതു മാതിരി ഒരുപാടു എതിർപ്പുകൾ നേരിട്ടുണ്ടെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.അന്ന് സെറാമിക്സ് ലാഭത്തിലായപ്പോൾ അന്നത്തെ വ്യവസായ മന്ത്രിയായ ഇ.പി ജയരാജൻ പങ്കെടുത്ത ചടങ്ങിൽ അവിടെയുള്ള ഒരു പ്രായമേറിയ തൊഴിലാളി സ്ത്രീ മാടായി കാവിൽ പോയി തനിക്കുവേണ്ടി പ്രത്യേക നിർമ്മാല്യം കഴിച്ചു. ഈ ചെയർമാൻ ഇവിടെ കുറേക്കാലം ഉണ്ടാവണമെന്നു പ്രാർത്ഥിച്ചു പൂജാസാധനങ്ങൾ മന്ത്രിയുടെ മുൻപിൽ വെച്ചു അവർ എനിക്ക് തരികയുണ്ടായി.

ക്ളേ ആൻഡ് സെറാമിക്സിൽ താൻ ചെയർമാനായി ചുമതലയേറ്റെടുക്കുമ്പോൾ ഇതിനെക്കാൾ അവസ്ഥ മോശമായിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെറാമിക്സ്. ഇതിനു സമാനമായിരുന്നു പരിയാരം മെഡിക്കൽ കോളേജിൽ ചെയർമാനായി ചുമതലയേറ്റപ്പോഴുണ്ടായത്. അന്ന് എല്ലാതൊഴിലാളി യണിയനുകളെയും ജീവനക്കാരെയും ഒന്നിച്ചു ചേർത്തു കൊണ്ടു പോകാനാണ് താൻ ശ്രമിച്ചത്. പരിയാരത്ത് അത്തരമൊരു ശൈലി വിജയം കണ്ടു. ഇതേ സാഹചര്യമാണ് ഇപ്പോൾ ഹാൻവീവിലുള്ളതെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.

ഹാൻവീവിലെ എം ഡിയാണ് സർവപ്രശ്നങ്ങൾക്കും കാരണക്കാരനെന്നു പറയുന്നതിനോട് താനും ഭരണസമിതിയും യോജിക്കുന്നില്ല. 2022 മാർച്ച് 23നാണ് എം.ഡിയായി അരുണാചലം സുകുമാർ ചുമതലയേറ്റത്. രണ്ടരലക്ഷം രൂപ എൻ.ടി.സി മില്ലിൽ നിന്നും ശമ്പളം വാങ്ങിക്കൊണ്ടിരിക്കെയാണ് അദ്ദേഹം സർക്കാർ നടത്തിയ ഇന്റർവ്യൂവിലൂടെ ഹാൻവീവിലെത്തിയത്. തികച്ചും പ്രൊഫഷനലായ ഒരാളെ ഹാൻവീവിന്റെ എം.ഡി സ്ഥാനത്തേക്ക് കൊണ്ടുവരികയെന്നത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവന്റെയും സർക്കാരിന്റെയും നയമായിരുന്നു. ഹാൻവീവല്ല അരുണാചലം സുകുമാറിനെ നിയമിച്ചത് സർക്കാരാണ്. സർക്കാർ തന്നെയാണ് അദ്ദേഹത്തിന്റെ ശമ്പളവും നിശ്ചയിച്ചത്.

കഴിഞ്ഞ ഏഴുമാസമായി എം.ഡിയൊന്നും ചെയ്തിട്ടില്ലെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്്. കഴിഞ്ഞ എട്ടുവർഷമായി കോർപറേഷനിൽ ഒരു സ്ഥിരം മാനേജിങ് ഡയറക്ടറുണ്ടായിരുന്നില്ല. കൂടാതെ പല തസ്തികകളിലും ചുമതലക്കാരനായിരുന്നു( ഇൻ ചാർജ്ജ്സ്) ഏതാനും വർഷങ്ങളായി കൈക്കാര്യം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കോർപറേഷന് പ്രവർത്തനലക്ഷ്യം കൈവരിക്കാനായിരുന്നില്ല. കേവലം ഒരു ചെറിയ ഒരു കാലഘട്ടത്തിൽ വരെ 2019-മാർച്ചു മുതിൽ 2020 ജനുവരിവരെ മാത്രമാണ് മുഴുവൻ സമയ എം. ഡി പ്രവർത്തിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ പത്തുവർഷത്തിനിടെയുള്ള ഏറ്റവും മികച്ച വിൽപനയായ 20 കോടിരൂപ കോർപറേഷൻ കൈവരിച്ചിട്ടുള്ളത് 2022- ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിലാണ്. ഈ വിൽപനയിലൂടെ കഴിഞ്ഞ കാലത്തെ പലബാധ്യതകളും തീർക്കാൻ കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓണം സീസണിലും കോർപറേഷനിൽ വേതനം നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുനിലനിന്നിരുന്നത്. എന്നാൽ കോർപറേഷനു ലഭിക്കാനുള്ള തുക ലഭിച്ച ഉടനെ സെപ്റ്റംബർമാസം മൂന്ന് മാസത്തെ ശമ്പളം കോർപറേഷൻ ഒന്നിച്ചു നൽകിയിട്ടുണ്ട്. ഗവ.റിബേറ്റ്, ഗവ. സ്‌കൂൾ യൂനിഫോം, ഗവ, സ്‌കൂൾ യൂനിഫോം ഇൻസ്റ്റിറ്റിയൂഷനൽ ചാർജ്, ക്രെഡിറ്റ് റവന്യൂറിക്കവറി, ഇൻസ്റ്റിയൂഷനൽ സപ്ളെ എന്നീയിനത്തിൽ 47 ലക്ഷം രൂപയോളം സർക്കാരിൽ നിന്നും കോർപറേഷന് ലഭിക്കാനുണ്ട്.

കോർപറേഷന്റെ മിക്ക ഷോറൂമുകളിലും ജീവനക്കാർ കൈക്കാര്യം ചെയ്യുന്നതു കൊണ്ടു അഴിമതിയുണ്ടായിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഒരു ഷോറൂമിൽ 20ലക്ഷത്തിന്റെ വെട്ടിപ്പാണ് ജീവനക്കാരൻ നടത്തിയത്. ഇതുതടയുന്നതിനായി ഏകീകൃത കംപ്യൂട്ടർ സോഫ്റ്റ് വെയർസിസ്റ്റത്തിലേക്ക് ഹാൻവീവ് മാറുകയാണ്. ഒന്നര കോടി ചെലവിൽ ഊരാളുങ്കലാണ് ഇതു നടത്തിവരുന്നത്. ഇതുകൂടാതെ ഡിജിറ്റൽ മാർക്കറ്റിങ്, കയറ്റുമതി, വിപണി പ്രവേശനം എന്നിവയ്ക്കാവശ്യമുള്ള പ്രാഥമിക നടപടികൾ കോർപറേഷൻ സ്വീകരിച്ചിട്ടുണ്ട്. കോർപറേഷനിലെ കംപ്യൂട്ടർവൽക്കരണം കാരണം പൊള്ളിയ ചില ജീവനക്കാരാണ് ഇപ്പോഴുള്ള സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

കോർപറേഷനിൽ കാലാകാലങ്ങളായി സ്റ്റോക്കുള്ള തുണിത്തരങ്ങൾ മാത്രമേ ഇപ്പോഴുമുള്ള. നിലവിലുള്ള ഭരണ സമിതി ചുമതലയേൽക്കുമ്പോൾ ഏകദേശം മുപ്പതുകോടിരൂപയുടെ തുണിത്തരങ്ങൾ സ്റ്റോക്കുണ്ടായിരുന്നു. ഇതിൽ സിംഹഭാഗവുംകഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിൽ ഉൽപാദിപ്പിച്ച രണ്ടുലക്ഷം മീറ്ററോളം യൂനിഫോം ഗാഡകളും എഴുപതിനായിരം മീറ്ററോളം ബെഡ് ഷീറ്റു പോലുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കുവാൻ ആവശ്യമായ ഗാഡ തുണിത്തരങ്ങളുമാണ്. ഇതിൽ ബെഡ് ഷീറ്റ് ഗാഡ തുണിത്തരങ്ങൾ ഏറെക്കൂറെ പൂർണമായും ബെഡ്ഷീറ്റുകൾ നിർമ്മിച്ചു കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ വിപണനം ചെയ്തിട്ടുണ്ടെന്നും ടി.കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 12കോടിയുടെ ബാക്കി വരുന്ന സ്റ്റോക്ക് റിബേറ്റിൽ വിൽക്കാൻ കഴിഞ്ഞ നവംബർ 17-ന് യോഗം ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതറിഞ്ഞിട്ടും സി. ഐ.ടി.യു എന്തിനാണ് കഴിഞ്ഞ ദിവസം സമരം നടത്തിയതെന്നു അറിയില്ല.

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായ കോർപറേഷൻ ഏറെ ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ 2020 നവംബറിൽ പ്രഖ്യാപിച്ച പതിനേഴു ശതമാനം ഡി. എയും പതിനാലു ശതമാനം ഡി. എയും ചേർത്ത് 31ശതമാനം ഡി. എ ഹാൻവീവിലെ ജീവനക്കാർക്ക് ഒറ്റയടിക്ക് അനുവദിച്ചിട്ടുണ്ട്. വർക്കർ, ഡിപ്പോ, വർക്കർ കാറ്റഗറിയിൽപ്പെട്ട അഞ്ചുജീവനക്കാർക്ക് 2016-മുതൽ ലഭിക്കാനുണ്ടായിരുന്ന വാർഷിക ഇൻക്രിമെന്റ് അരിയർ അനുവദിച്ചു. 2016-ൽ സെയിൽസ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രമോഷൻ നൽകിയ അഞ്ചു പായ്ക്കർ വിഭാഗം ജീവനക്കാരെ സെയിൽസ് അസിസ്റ്റന്റ് തസ്തികയിൽ അംഗീകരിച്ചിട്ടുണ്ട്.

പുറം കരാർ ജോലികൾ കോർപറേഷൻ സ്വകാര്യവ്യക്തികൾക്ക് നൽകിയെന്നു പറയുന്നത് സ്‌കൂൾ യൂനിഫോം കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനാണ്. കോർപറേഷന്റെ ഡൈയിങ് യൂനിറ്റുകൾ, ഉപയോഗിച്ചു 44 ഇനത്തിലുള്ള സ്‌കൂൾ യൂനിഫോമുകൾ തയ്യാറാക്കാൻ കഴിയുമായിരുന്നില്ല. ഇ-ടെൻഡർ വഴിയാണ് സ്വകാര്യ വ്യക്തികൾക്ക് കരാർ നൽകിയത്. രണ്ടു വാഹനങ്ങൾ മാത്രമാണ് കോർപറേഷന് ഡെലിവറി ചെയ്യാനുണ്ടായിരുന്നത്. സംസ്ഥാനത്ത് മുഴുവൻ അതുകൊണ്ടു യൂനിഫോം എത്തിക്കാനാവുമായിരുന്നില്ല. ഇതാണ് സ്വകാര്യവ്യക്തിക്ക് നൽകിയ കരാർ പ്രകാരം ചെന്നൈയിൽ നിന്നും ഡൈയിങ് ചെയ്ത തുണികൾ പന്ത്രണ്ടുവാഹനങ്ങളിൽ കൊടുത്തയച്ചതെന്നും ചെയർമാൻ പറഞ്ഞു. സ്‌കൂൾ യൂനിഫോം കൃത്യസമയത്ത് വിതരണം ചെയ്തില്ലെങ്കിൽ സർക്കാരിന് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും പഴികേൾക്കേണ്ടിവരുമായിരുന്നുവെന്നും അതൊഴിവാക്കാനാണ പുറം കരാർ കൊടുത്തതെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.

താനും എംഡിയുമടക്കം രാപകൽ ഉറക്കമിളച്ചാണ് യൂനിഫോം വിതരണം കൃത്യമായി നടത്തിയത്. കോർപറേഷൻ താഴ്ന്ന നിലവാരമുള്ള നൂൽ ഉപയോഗിക്കുന്നതിനാൽ തുണികൾ കെട്ടിക്കിടക്കുകയാണെന്ന ആരോപണവും തെറ്റാണ്. സർക്കാർ മില്ലുകളിൽ നിന്നുള്ള നൂൽ മാത്രമേ ഹാൻവീവ് വാങ്ങാറുള്ളുവെന്നും അതിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും ചെയർമാൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ എം. ഡി അരുണാചലം സുകുമാർ, ഉദ്യോഗസ്ഥരായ ഒ.കെ സുദീപ്, അരുൺ അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.